അഗ്യുറോയെ ലക്ഷ്യമിട്ട് പി എസ് ജിയും ബാർസെലോണയും.

മാഞ്ചെസ്റ്റർ സിറ്റി സൂപ്പർ സ്ട്രൈക്കർ അഗ്യുറെയെ സൈൻ ചെയ്യാനൊരുങ്ങി സ്പാനിഷ് വമ്പന്മാരായ ബാഴ്സലോണയും ഫ്രഞ്ച് ലീഗിലെ ചാമ്പ്യൻ ക്ലബ്‌ ആയ പി എസ് ജിയും.
ഈ സീസണിന്റെ അവസാനത്തോടെ കൂടി മാഞ്ചെസ്റ്റർ സിറ്റിയുമായി അഗ്യുറോയുടെ കരാർ അവസാനിക്കാനിരിക്കയാണ് ഇങ്ങനെയൊരു നീക്കത്തിനു രണ്ടു ടീമുകളും മുതിരുന്നത്.

പരിക്കിന്റെ പിടിയിലായത് കൊണ്ട് കഴിഞ്ഞ സീസണിലും ഈ സീസണിലും കൂടുതൽ മത്സരങ്ങളിൽ സിറ്റിയുടെ പ്ലെയിങ് ഇലെവനിൽ സ്ഥാനം പിടിക്കാൻ അഗ്യുറോക്ക് കഴിഞ്ഞിരുന്നില്ല. ഈ സീസണിൽ പല മത്സരങ്ങളിലും സ്ട്രൈക്കർമാരുടെ അഭാവത്തിൽ കളിക്കേണ്ടിയും വന്നിട്ടുണ്ട് സിറ്റിക്ക്. സ്ട്രൈക്കർമാരുടെ അഭാവം ടീമിനെ ബാധിക്കാതെ ഇരിക്കുകയും, മറ്റൊരു സ്ട്രൈക്കർ ആയി ബ്രസീലിയൻ താരം ഗബ്രിയേൽ ജീസസ് ടീമിൽ ഉള്ളത് കൊണ്ടും, പ്രായത്തിന്റെ പരിമിതികൾ താരത്തിൽ പ്രകടമാവുന്നത് കൊണ്ടും അഗ്യുറോയുടെ കരാർ പുതുക്കാൻ നിലവിലെ സാഹചര്യത്തിൽ സിറ്റി മുതിരുമെന്ന് തോന്നുന്നില്ല.

അഗ്യുറോക്ക് പി എസ് ജിയുടെ തട്ടകത്തിലോട്ടുള്ള വഴി തുറന്നിടാൻ കാരണം അവരുടെ പുതിയ കോച്ച് പോചെട്ടിനോയുടെ വ്യക്തി താല്പര്യം ആണ് എന്നാണ് ചില മാധ്യമങ്ങൾ സൂചിപ്പിക്കുന്നത്.
മെസ്സിയും അഗ്യുറോയും തമ്മിലുള്ള ബന്ധമാണ് അഗ്യുറോക്ക് വേണ്ടിയുള്ള ബാഴ്സലോണയുടെ നീക്കത്തിന് പിന്നിൽ. അതുവഴി ഈ സീസണിന്റെ അവസാനത്തോട് കൂടി ബാഴ്സയുമായി കരാർ അവസാനിക്കുന്ന മെസ്സിയുടെ കരാർ പുതുക്കാൻ ആവുമെന്ന ഒരു പ്രതീക്ഷയും ബാർസ മാനേജ്മെന്റിൽ ഉണ്ട്. പുതിയ കോച്ച് കോമാൻ സ്ഥാനമേറ്റ ഉടനെ സുവാരസിനെ പുറത്താക്കിയപ്പോൾ ഒരു മികവാർന്ന സ്ട്രൈകറുടെ അഭാവം അവരെ വളരെ ആഴത്തിൽ ബാധിക്കുന്ന ഈ സാഹചര്യത്തിൽ അഗ്യുറോയിലൂടെ ആ വിടവ് നികത്താൻ ആവുമെന്ന കണക്കു കൂട്ടലിലാണ് ബാർസ മാനേജ്മെന്റ്.

അർജന്റീനക്കാരനായ കോച്ച് പോചെട്ടിനോയുടെ തന്ത്രങ്ങൾക്ക് ചുക്കാൻ പിടിച്ച് ഫ്രഞ്ച് ലീഗ് വമ്പൻമാരുടെ കൂടെ ആവുമോ അതോ തന്റെ ഉറ്റ സുഹൃത്തിന്റെ കൂടെ സ്പെയിനിൽ ആവുമോ അഗ്യുറൊ പന്ത് തട്ടുക എന്ന് വളരെ ആകാംക്ഷയോടെ ഉറ്റു നോക്കുകയാണ് ഫുട്ബോൾ ലോകം.