ഇത്തവണ ചാമ്പ്യൻസ് ലീഗ് കിരീടം ആരായിരിക്കും നേടുകയെന്ന് വ്യക്തമാക്കി എംമ്പപ്പേ

യൂറോപ്യൻ ഫുട്ബോളിലെ ലീഗുകൾ എല്ലാം ഏകദേശം അവസാനിച്ച ഈ സമയത്ത് ഇനി ശേഷിക്കുന്നത് യുവേഫ ചാമ്പ്യൻസ് ലീഗിന്റെ ഫൈനൽ മത്സരം കൂടിയാണ്. ജൂൺ 11-ന് തുർക്കിയിലെ ഇസ്താംബൂളിൽ വെച്ചാണ് യൂറോപ്യൻ ഫുട്ബോളിലെ പുതിയ രാജാവിനെ തീരുമാനിക്കുന്ന ഫൈനൽ മത്സരം അരങ്ങേറുന്നത്.

ഇംഗ്ലീഷ് പ്രീമിയർ ലീഗും എഫ്എ കപ്പും നേടി സീസണിലെ മൂന്നാം കിരീടം തേടിവരുന്ന പെപ് ഗ്വാർഡിയോളയുടെ മാഞ്ചസ്റ്റർ സിറ്റിക്ക് എതിരായി വരുന്നത് സീസണിലെ സൂപ്പർകോപ്പ ഇറ്റാലിയ നേടിയ ഇന്റർ മിലാനാണ്. സെമിഫൈനലിൽ യുവേഫ ചാമ്പ്യൻസ് ലീഗിന്റെ രാജാക്കന്മാരായ റയൽ മാഡ്രിഡിനെ തകർത്തുകൊണ്ടാണ് സിറ്റി എത്തുന്നത്. മിലാൻ ഡെർബിയിൽ എസി മിലാനെ തോൽപിച്ചുകൊണ്ടാണ് ഇന്റർ മിലാൻ വരുന്നത്.

എന്തായാലും ഇത്തവണ ഒരു കിടിലൻ പോരാട്ടമാണ് ഫൈനൽ മത്സരത്തിൽ പ്രതീക്ഷിക്കുന്നത്. പാരിസ് സെന്റ് ജർമയിന്റെ ഫ്രഞ്ച് സൂപ്പർ താരമായ കിലിയൻ എംബാപ്പേ ഇത്തവണ യുവേഫ ചാമ്പ്യൻസ് ലീഗ് കിരീടം നേടാൻ പോകുന്ന ടീമിനെ പ്രവചിച്ചിട്ടുണ്ട്. യുസിഎൽ ഫൈനൽ മത്സരം കാണാൻ താൻ വരുമെന്നും കിലിയൻ എംബാപ്പേ പറഞ്ഞു.

“വളരെ മികച്ച ഒരു മത്സരമായിരിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു, മത്സരം കാണാൻ ഞാൻ വരുന്നുണ്ട്. മാഞ്ചസ്റ്റർ സിറ്റി ഇത്തവണ ചാമ്പ്യൻസ് ലീഗ് നേടുമെന്നാണ് ഞാൻ കരുതുന്നത്.” – എംബാപ്പേ പറഞ്ഞു. ഫിഫ വേൾഡ് കപ്പ്‌ ജേതാവായ കിലിയൻ എംബാപ്പെക്ക് ഇതുവരെ യുവേഫ ചാമ്പ്യൻസ് ലീഗ് കിരീടം ലഭിച്ചിട്ടില്ല, ഒരുതവണ ഫൈനൽ മത്സരം വരെയെത്താൻ സൂപ്പർ താരത്തിന് കഴിഞ്ഞിട്ടുണ്ട്.

ഇത്തവണത്തെ ബാലൻ ഡി ഓർ പുരസ്‌കാരം നേടാൻ സാധ്യതയുള്ള മാഞ്ചസ്റ്റർ സിറ്റിയുടെ നോർവേ താരം എർലിംഗ് ഹാലൻഡ് യുവേഫ ചാമ്പ്യൻസ് ലീഗ് കിരീടം കൂടി നേടുകയാണെങ്കിൽ ലിയോ മെസ്സി, കിലിയൻ എംബാപ്പേ എന്നിവരെ മറികടന്ന് കൊണ്ട് മികച്ച താരത്തിനുള്ള ഫ്രാൻസ് മാഗസിന്റെ ബാലൻ ഡി ഓർ പുരസ്‌കാരം സ്വന്തമാക്കുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.

Rate this post