❝ഈജിപ്ഷ്യൻ സൂപ്പർ താരം മൊഹമ്മദ് സല ലിവർപൂളിനായി ഇനിയും ഗോളടിക്കും❞ |Mohamed Salah |Liverpool

ഈജിപ്ഷ്യൻ ഫോർവേഡ് മുഹമ്മദ് സലാ ക്ലബ്ബുമായി പുതിയ ദീർഘകാല കരാർ ഒപ്പിട്ടതായി ലിവർപൂൾ അറിയിച്ചു.കഴിഞ്ഞ സീസണിൽ എഫ്‌എ, കാരബാവോ കപ്പുകൾ നേടുകയും ചാമ്പ്യൻസ് ലീഗിന്റെ ഫൈനലിലെത്തുകയും ചെയ്ത മെഴ്‌സിസൈഡ് ക്ലബ്ബിന്റെ നിർണായക ഘടകമായിരുന്നു സലാ.

ഒരു വർഷത്തോളം നീണ്ട ചർച്ചകൾക്ക് ഒടുവിലാണ് സലാ കരാർ ഒപ്പുവെച്ചത്. മാനെ ക്ലബ് വിട്ടത് കൊണ്ട് തന്നെ സലായെ കൂടെ നഷ്ടപ്പെടുത്താൻ ലിവർപൂളിനാവുമായുരുന്നില്ല. കഴിഞ്ഞ സീസണിൽ ഈജിപ്ഷ്യൻ ഫോർവേഡ് 31 ഗോളുകൾ നേടിയിരുന്നു.കൂടാതെ എഫ്‌ഡബ്ല്യുഎ ഫുട്‌ബോളർ ഓഫ് ദ ഇയർ, പിഎഫ്‌എ പ്ലെയേഴ്‌സ് പ്ലെയർ ഓഫ് ദ ഇയർ എന്നീ ബഹുമതികളും ലഭിച്ചു. ഇന്നലെ അവരുടെ ഔദ്യോഗിക വെബ്‌സൈറ്റിലെ ഒരു പ്രസ്താവനയിൽ സലാ ഒരു പുതിയ കരാറിൽ ഒപ്പുവെച്ചതായി ലിവർപൂൾ സ്ഥിരീകരിച്ചു.

2023 അവസാനം വരെയുള്ള കരാർ ആയിരുന്നു സലാക്ക് ഉണ്ടായിരുന്നത്. 2017ൽ റോമയിൽ നിന്ന് ആൻഫീൽഡിൽ എത്തിയതിന് ശേഷം ലിവർപൂളിലെ ഏറ്റവും പ്രധാന താരമായിരുന്നു മുഹമ്മദ് സലാ. റെഡ്സിനായി എണ്ണമറ്റ ഗോളുകൾ താരം നേടി. ലിവർപൂളിന്റെ പ്രീമിയർ ലീഗ് കിരീടത്തിലും യുവേഫ ചാമ്പ്യൻസ് ലീഗിലും പ്രധാന പങ്കുവെക്കാനും സലായ്ക്ക് ആയിരുന്നു. കഴിഞ്ഞ സീസണിൽ പ്രീമിയർ ലീഗിൽ ഗോൾഡൻ ബൂട്ട് നേടാനും സലാക്ക് ആയിരുന്നു.30-കാരനായ ഫോർവേഡിന്റെ വേതന ആവശ്യങ്ങൾ കരാർ പുതുക്കുന്നതിന് തടസ്സമായിരുന്നു, എന്നാൽ നിലവിൽ മെഡിറ്ററേനിയനിൽ അവധിക്കാലം ആഘോഷിക്കുന്ന കളിക്കാരനെ കാണാൻ ലിവർപൂളിന്റെ ഒരു പ്രതിനിധി സംഘം പറക്കുകയും കരാർ ഒപ്പിടുകയും ചെയ്തു.

ഈ കരാറോടെ ക്ലബ്ബിന്റെ ചരിത്രത്തിലെ ഏറ്റവും പ്രതിഫലം വാങ്ങിക്കുന്ന താരമായി സല മാറിയെന്ന റിപ്പോർട്ടുകളുണ്ട്.”എനിക്ക് വലിയ സന്തോഷം തോന്നുന്നു, ക്ലബ്ബിനൊപ്പം ട്രോഫികൾ നേടുന്നതിൽ എനിക്ക് ആവേശമുണ്ട്. ഇത് എല്ലാവർക്കും സന്തോഷകരമായ ദിവസമാണ്, ”സലാഹ് ക്ലബ്ബിന്റെ വെബ്‌സൈറ്റിനോട് പറഞ്ഞു.2017-ൽ എത്തിയതിന് ശേഷം ക്ലബ്ബിനായി 254 മത്സരങ്ങളിൽ നിന്ന് 156 ഗോളുകൾ നേടിയ സലാ പ്രീമിയർ ലീഗ്, ചാമ്പ്യൻസ് ലീഗ്, ക്ലബ് വേൾഡ് കപ്പ്, എഫ്എ കപ്പ്, ലീഗ് കപ്പ് എന്നിവ നേടിയിട്ടുണ്ട്.