കേരള ബ്ലാസ്റ്റേഴ്സ് മിഡ്ഫീൽഡർ ജീക്സൺ സിംഗിനായി 2 കോടിയുടെ വമ്പൻ ഓഫറുമായി ഐഎസ്എൽ സൂപ്പർ ക്ലബ് | Kerala Blasters
2023/24 ഐഎസ്എൽ സീസൺ അതിന്റെ അവസാനത്തിലേക്ക് കടന്നതോടെ, അടുത്ത സീസണിന് വേണ്ടിയുള്ള തയ്യാറെടുപ്പുകളുടെ ഭാഗമായി ടീമുകൾ ട്രാൻസ്ഫർ രംഗത്ത് മത്സരം ആരംഭിച്ചിരിക്കുന്നു. കേരള ബ്ലാസ്റ്റേഴ്സ് മിഡ്ഫീൽഡർ ജീക്സൺ സിംഗ് ആണ് നിലവിൽ ട്രാൻസ്ഫർ രംഗത്തെ പ്രമുഖരിൽ ഒരാൾ.
കഴിഞ്ഞ 5 സീസണുകളിൽ ആയി കേരള ബ്ലാസ്റ്റേഴ്സ് ഇലവനിലെ സ്ഥിര സാന്നിധ്യമാണ് ജീക്സൺ സിംഗ്. ബ്ലാസ്റ്റേഴ്സ് ജഴ്സിയിൽ 71 ഐഎസ്എൽ മത്സരങ്ങൾ കളിച്ചിട്ടുള്ള ഈ 22-കാരൻ രണ്ട് ഗോളുകളും സ്കോർ ചെയ്തിട്ടുണ്ട്. മിനർവ പഞ്ചാബിലൂടെ സീനിയർ കരിയർ ആരംഭിച്ച മണിപ്പൂർകാരനായ ജീക്സൺ സിംഗിനെ 2018-ലാണ് ബ്ലാസ്റ്റേഴ്സ് സൈൻ ചെയ്തത്.
റിസർവ് ടീമിൽ കളിച്ചിരുന്ന താരത്തിന്, 2019-ൽ സീനിയർ ടീമിലേക്ക് പ്രമോഷൻ നൽകി. ഇപ്പോൾ, ഐഎസ്എൽ 2023/24 ഷീൽഡ് ജേതാക്കളായ മോഹൻ ബഗാൻ ആണ് ജീക്സൺ സിംഗിന് വേണ്ടി രംഗത്ത് വന്നിരിക്കുന്നത്. 2025 വരെ കേരള ബ്ലാസ്റ്റേഴ്സുമായി കോൺട്രാക്ട് ഉള്ള ജീക്സൺ സിംഗിന് വേണ്ടി ഭീമൻ ഓഫറാണ് മോഹൻ ബഗാൻ മുന്നോട്ടുവച്ചിരിക്കുന്നത്. 2.2 കോടി രൂപയാണ് ട്രാൻസ്ഫർ ഫീസ് ആയി മോഹൻ ബഗാന്റെ വാഗ്ദാനം.
🚨🏅EXCLUSIVE : Mohun Bagan has placed a lucrative offer to Kerala Blasters for Jeakson Singh
— Mohun Bagan Hub (@MohunBaganHub) April 29, 2024
• A 2.2 Cr transfer fees is reportedly offered to Kerala Blasters and a 3-Year contract with a option to extend it for two more years to Jeakson Singh
—@MohunBagan_Fan
Via @MBFT89 pic.twitter.com/5D63fywGtP
3 വർഷത്തെ കോൺട്രാക്ട് ആണ് ബഗാൻ ലക്ഷ്യം വെക്കുന്നത്, ഇത് രണ്ട് വർഷം കൂടി നീട്ടാനുള്ള ഓപ്ഷനും ഉണ്ട്. കഴിഞ്ഞ സീസണിൽ കേരള ബ്ലാസ്റ്റേഴ്സ് താരമായിരുന്ന സഹലിനെ മോഹൻ ബഗാൻ സ്വന്തമാക്കിയിരുന്നു. ഇതെ രീതി തന്നെയാണ് കൊൽക്കത്ത ക്ലബ്ബ് ഇപ്പോഴും പിന്തുടരുന്നത്. എന്നാൽ, ഒരു വർഷം കൂടി കോൺട്രാക്ട് ഉള്ളതിനാൽ തന്നെ, ജീക്സൺ സിംഗിനെ വിട്ടു നൽകാൻ കേരള ബ്ലാസ്റ്റേഴ്സ് തയ്യാറായേക്കില്ല.