“അവസാന മത്സരത്തിലെ തോൽവിക്ക് ശേഷം ഇങ്ങനെ ഒരു ജയം അത്യാവശ്യമായിരുന്നു” – ഈസ്റ്റ് ബംഗാളിനെതിരായ വിജയത്തിന് ശേഷം ഇവാൻ വുകൊമാനോവിച്ച്

ഇന്ത്യൻ സൂപ്പർ ലീഗ് (ഐ‌എസ്‌എൽ) കാമ്പെയ്‌നിലെ തങ്ങളുടെ 15-ാം മത്സരത്തിൽ ഈസ്റ്റ് ബംഗാളിനെ 1-0 ന് തോൽപ്പിച്ച് കേരള ബ്ലാസ്റ്റേഴ്‌സ് വിജയവഴിയിൽ തിരിച്ചെത്തിയിരിക്കുകയാണ്.ഈസ്റ്റ് ബംഗാളിനെതിരെ തന്റെ ടീമിന് ശക്തമായി പോരാടേണ്ടി വന്നെന്ന് കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ ഇവാൻ വുകൊമാനോവിച്ച് പറഞ്ഞു.മത്സരത്തിന്റെ നാൽപ്പത്തിയൊൻപതാം മിനിറ്റിൽ പ്രതിരോധ താരം എനസ് സിപോവിച്ചാണ് ബ്ലാസ്റ്റേഴ്സിനായി വിജയ ഗോൾ നേടിയത്. ജയത്തോടെ ബ്ലാസ്റ്റേഴ്സ് പോയിന്റ് നിലയിൽ മൂന്നാം സ്ഥാനത്തെത്തി.

“ഇന്ന് ഞങ്ങൾക്ക് മൂന്നു പോയിന്റുകൾ നേടാനായിയെന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. അത് ചെയ്യാൻ സാധിച്ചതിൽ ഞങ്ങൾക്ക് അഭിമാനമുണ്ട്. ലീഗ് ഘട്ടം അവസാനത്തോടടുത്തു നിൽക്കുന്ന ഈ നിർണായക അവസരത്തിൽ ക്ലീൻ ഷീറ്റ് സൂക്ഷിക്കാനായതും ഗോൾ നേടാനായതും മൂന്നു പോയിന്റുകൾ നേടാനായതും നല്ല കാര്യമാണ്. ഈ സീസണിൽ ഇതുവരെ ഞങ്ങൾ വളരെയധികം കാര്യങ്ങൾ തെളിയിച്ചു കഴിഞ്ഞു. റാങ്കിങ് ടേബിളിന്റെ ഏറ്റവും അറ്റത്തുനിന്നുള്ള ടീമുകളിൽനിന്ന് കഠിനമായ മത്സരങ്ങൾ ഞങ്ങൾ അഭിമുഖീകരിച്ചു. അവരൊരിക്കലും റാങ്കിങ്ങിൽ അവസാന സ്ഥാനക്കാരാകാൻ യോഗ്യരല്ല” മത്സരശേഷമുള്ള പത്ര സമ്മേളനത്തിൽ ഇവാൻ പറഞ്ഞു .

“എല്ലാ യുവ കളിക്കാർക്കും ഐ‌എസ്‌എല്ലിൽ ബുദ്ധിമുട്ടുള്ളതും വ്യത്യസ്തവുമായ നിമിഷങ്ങൾ അഭിമുഖീകരിക്കേണ്ടി വരും. ഈ യുവാക്കൾ ഐ‌എസ്‌എല്ലിൽ അത്തരം ഗെയിമുകൾ കളിക്കുന്നതിൽ എനിക്ക് സന്തോഷമുണ്ട്, അത്തരം ഗെയിമുകൾ അവരെ ശക്തരും മികച്ചതുമാക്കും. . ഇങ്ങനെയാണ് അവർ മെച്ചപ്പെടുക”തന്റെ ടീമിലെ യുവ ഇന്ത്യൻ താരങ്ങളുടെ പ്രകടനത്തെ വുകൊമാനോവിച്ച് അഭിനന്ദിച്ചു.“ഇന്ന് ഞങ്ങൾ ഈ പോയിന്റുകൾ നേടിയത് വളരെ പ്രധാനമാണ്. ഞങ്ങൾക്ക് അത് ചെയ്യാൻ കഴിഞ്ഞതിൽ ഞങ്ങൾക്ക് വളരെ സന്തോഷമുണ്ട്, കാരണം അവസാന മത്സരത്തിലെ തോൽവിക്ക് ശേഷം ഇങ്ങനെ ഒരു ജയം അത്യാവശ്യമായിരുന്നു” അദ്ദേഹം പറഞ്ഞു.

ഈ വിജയത്തോടൊപ്പം ബ്ലാസ്റ്റേഴ്‌സ് തകർത്തത് രണ്ടു റെക്കോഡുകൾ കൂടിയാണ്. കേരളാ ബ്ലാസ്റ്റേഴ്‌സ് ഇന്ത്യൻ സൂപ്പർ ലീഗ് ചരിത്രത്തിൽ ഒരു സീസണിൽ ലീഗ് ഘട്ടത്തിൽ നേടുന്ന ഏറ്റവുമധികം വിജയമെന്ന നേട്ടവും, ഏറ്റവുമധികം പോയിന്റുകളെന്ന നേട്ടവും. ഏഴു വിജയങ്ങളും 26 പോയിന്റുമാണ് ഈ സീസണിൽ ഇതുവരെ ബ്ലാസ്റ്റേഴ്സിന്റെ സമ്പാദ്യം.രണ്ടാം സ്ഥാനത്തുള്ള എടികെ മോഹൻ ബഗാനും 26 പോയിന്റുകൾ ആണെങ്കിലും ഗോൾ ശരാശരിയിൽ താഴെയായതിനാലാണ് ബ്ലാസ്റ്റേഴ്‌സിന് രണ്ടാം സ്ഥത്തെത്താൻ സാധിക്കാതിരുന്നത്. ശനിയാഴ്ച രണ്ടാം സ്ഥാനത്തുള്ള എടികെയുമായും ശേഷം ​ഫെബ്രുവരി 23ന് ഒന്നാം സ്ഥാനത്തുള്ള ഹൈദരാബാദുമായിയാണ് ബ്ലാസ്റ്റേഴ്സിന്റെ വരും മത്സരങ്ങൾ.

Rate this post