മെസ്സി, റൊണാൾഡോ, ലെവൻഡോവ്സ്കി , ഹാലാൻഡ്: 2021 ൽ ഏറ്റവും കൂടുതൽ ഗോൾ പങ്കാളിത്തം നേടിയ താരമാരാണ്?
2021 ൽ യൂറോപ്യൻ ഫുട്ബോളിൽ ഏറ്റവും കൂടുതൽ ഗോൾ സംഭാവനകൾ നേടിയ താരങ്ങളിൽ പഴയ മുഖങ്ങൾക്കൊപ്പം ചെറുപ്പക്കാരായ പുതിയ താരങ്ങളും പട്ടികയിൽ ഇടം പിടിച്ചിരിക്കുകയാണ്. ചെറുപ്പക്കാരും മുതിർന്നവരുമായ പ്രതിഭകളുടെ സമ്മിശ്രമായ പട്ടികയാണ് 2021 ൽ കാണാൻ സാധിച്ചത്.നിലവിലെ ഏറ്റവും കൂടുതൽ ഗോളുകളുടെ പട്ടികയിൽ ഒന്നാം സ്ഥാനത്ത് എർലിംഗ് ഹാലാൻഡാണ്, തൊട്ടുപിന്നാലെ കൈലിയൻ എംബാപ്പെയും റോബർട്ട് ലെവൻഡോവ്സ്കിയും. അതേസമയം, ഇതിഹാസ ഫുട്ബോളർമാരായ ലയണൽ മെസ്സിയും ക്രിസ്റ്റ്യാനോ റൊണാൾഡോയും യഥാക്രമം നാലാമത്തെയും പതിനൊന്നാമത്തെയും സ്ഥാനങ്ങളിൽ എത്തി.
ബൊറൂസിയ ഡോർട്ട്മുണ്ട് സെന്റർ ഫോർവേഡ് എർലിംഗ് ഹാലാൻഡ് ഈ വർഷം കളിച്ച 35 മത്സരങ്ങളിൽ 35 തവണ പന്ത് വലയിലെത്തി പട്ടികയിൽ ഒന്നാമതാണ്. ടീമിനായി 15 അസിസ്റ്റുകളും നോർവീജിയൻ താരം നേടിയിട്ടുണ്ട്.21 കാരനായ സ്‌ട്രൈക്കർ 2021-22 സീസണിൽ ഇതുവരെ ബുണ്ടസ്ലിഗ, ചാമ്പ്യൻസ് ലീഗ്, ഡിഎഫ്ബി-പോക്കൽ, ഡിഎഫ്എൽ സൂപ്പർകപ്പ് ടൂർണമെന്റിൽ തന്റെ ടീമിനായി മൊത്തം എട്ട് മത്സരങ്ങൾ കളിക്കുകയും 11 തവണ ഗോളുകൾ കണ്ടെത്തുകയും ചെയ്തു. അവസാനമായി ബുണ്ടസ്‌ലീഗയിൽ യൂണിയൻ ബെർലിനെതിരെ 4 -2 നു വിജയിച്ച മത്സരത്തിൽ ഇരട്ട ഗോളുകൾ നേടുകയും ചെയ്തു.
22-കാരനായ ഫ്രഞ്ച് സൂപ്പർ താരം കൈലിയൻ എംബാപ്പെ ഏറ്റവും കൂടുതൽ ഗോളുകളുമായി കളിക്കാരുടെ പട്ടികയിൽ രണ്ടാം സ്ഥാനത്ത് തുടരുന്നു. 32 ഗോളുകളും 10 അസിസ്റ്റും ഈ പിഎസ്ജി താരം നേടി.ലീഗ് 1, യുവേഫ ചാമ്പ്യൻസ് ലീഗ് എന്നിവയിൽ 36 മത്സരങ്ങളിൽ നിന്നാണ് എംബപ്പേ ഈ ഗോളുകൾ നേടിയത്.2021-22 സീസണിൽ ഇതുവരെ ഏഴ് മത്സരങ്ങളിൽ നിന്നായി അദ്ദേഹം മൊത്തം നാല് ഗോളുകൾ നേടിയിട്ടുണ്ട്. അവസാനമായി ഗോൾ നേടിയത് പിഎസ്ജിയുടെ ലീഗ് 1 മത്സരത്തിൽ ക്ലർമോണ്ട് ഫൂട്ടിനെതിരെയാണ്.
പട്ടികയിൽ അടുത്ത കളിക്കാരനായ റോബർട്ട് ലെവൻഡോവ്സ്കി 27 മത്സരങ്ങളിൽ ബയേൺ മ്യൂണിക്കിനായി 37 ഗോളുകൾ നേടിയിട്ടുണ്ട്.33-കാരനായ സെന്റർ ഫോർവേഡ് ടീമിനായി മൂന്ന് ഗോൾ അവസരങ്ങൾ ഒരുക്കി കൊടുക്കുകയും ചെയ്തു.2021-22 സീസണിൽ, ലെവൻഡോവ്സ്കി ഏഴ് മത്സരങ്ങളിൽ പങ്കെടുക്കുകയും 11 തവണ ഗോൾ നേടുകയും ചെയ്തു. ബുണ്ടസ്‌ലീഗയിൽ വിഎഫ്എൽ ബോക്കത്തിനെതിരെയാണ് ലെവൻഡോവ്സ്കി ഗോൾ നേടിയത്.
പട്ടികയിൽ അടുത്തത് ഇതിഹാസ ഫുട്ബോൾ താരം ലയണൽ മെസ്സിയാണ്. അടുത്തിടെ ബാഴ്സലോണ വിട്ട് ഫ്രഞ്ച് ക്ലബ് പിഎസ്ജിയിൽ ചേർന്ന അര്ജന്റീന താരം 2021 -ൽ 32 മത്സരങ്ങളിൽ പങ്കെടുക്കുകയും 28 തവണ ഗോൾ നേടുകയും 10 തവണ ഗോളിനെ സഹായിക്കുകയും ചെയ്തു. തന്റെ പുതിയ ടീമിനൊപ്പം തന്റെ ആദ്യ ഗോൾ നേടാൻ അദ്ദേഹത്തിന് ഇതുവരെ സാധിച്ചിട്ടില്ല. ലീഗ് 1 ലും യുവേഫ ചാമ്പ്യൻസ് ലീഗ് 2021-22 സീസണിലും പിഎസ്ജിക്കായി ഇതിനകം മൂന്ന് മത്സരങ്ങൾ കളിച്ചിട്ടുണ്ട്.
ട്രാൻസ്ഫർ വിൻഡോയിൽ മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് നീങ്ങിയ മറ്റൊരു ഇതിഹാസം, ക്രിസ്റ്റ്യാനോ റൊണാൾഡോ പട്ടികയിൽ 11 ആം സ്ഥാനത്ത് ആണ്.ഈ സീസണിൽ 34 മത്സരങ്ങളിൽ കളിച്ച അദ്ദേഹം 24 തവണ ഗോൾ വല ചലിപ്പിച്ചു.നാല് തവണ ഗോളിന് വഴിയൊരുക്കുകയും ചെയ്തു.ഈ സീസണിൽ യുണൈറ്റഡിലേക്ക് മടങ്ങിയെത്തിയ ശേഷം, പ്രീമിയർ ലീഗിലും ചാമ്പ്യൻസ് ലീഗിലും മൂന്ന് മത്സരങ്ങളിൽ നിന്നായി റൊണാൾഡോ ക്ലബ്ബിനായി നാല് ഗോളുകൾ നേടി.