ബ്രസീലിന്റെ പുതിയ നമ്പർ 9 , ഖത്തറിൽ മഞ്ഞപ്പടക്കായി ഗോളടിക്കാൻ പുതിയ സ്‌ട്രൈക്കറെത്തുന്നു|Brazil| Qatar 2022

2019 ൽ ഇറ്റാലിയൻ ക്ലബായ ഫിയോറന്റീന ബ്രസീലിയൻ യുവ താരത്തെ വളരെ പ്രതീക്ഷയോടെ ടീമിലെത്തിച്ചിരുന്നു. ഫ്ലുമിനെൻസിനായി ഗോളടിച്ചു കൂട്ടിയ 22 കാരനായ പെഡ്രോ ഇറ്റാലിയൻ ലീഗിലും തന്റെ മികവ് തെളിയിക്കും എന്ന് ഏവരും കണക്കുകൂട്ടി, ബ്രസീലിൻറെ ഭാവി സ്‌ട്രൈക്കർ എന്ന പേര് വരെ വീണു കിട്ടിയ താരത്തിന് പക്ഷെ ഫിയോറന്റീന ജേഴ്സിയിൽ നാല് മത്സരങ്ങൾ മാത്രമാണ് കളിക്കാനായി സാധിച്ചത്.

2020 ൽ പെഡ്രോ ബ്രസീലിലേക്ക് തിരിച്ചു വരികയും ഫ്ലെമോങ്കോയിൽ ചേരുകയും ചെയ്തു. ജന്മ നാട്ടിലേക്ക് തിരിച്ചെത്തിയതോടെ തന്റെ വിശ്വരൂപം പുറത്തെടുത്ത പെഡ്രോ ഗോളുകൾ അടിച്ചു കൂട്ടി .ലീഗിലെ 13 ഗോളുകൾ അടക്കം 54 മത്സരങ്ങളിൽ നിന്നും 23 ഗോളുകൾ ആണ് താരം അടിച്ചു കൂട്ടിയത്.അടുത്ത സീസണിൽ താരത്തെ ഫ്‌ളെമെംഗോ സ്ഥിരം കരാറിൽ സ്വന്തമാക്കുകയും ചെയ്തു. പെഡ്രോയുടെ ബ്രസീലിലെ ഫോം കാണുമ്പോൾ താരത്തെ വിട്ടയക്കാനുള്ള തങ്ങളുടെ തീരുമാനം തെറ്റാണെന്ന് ഫിയോറന്റീന മനസ്സിലാക്കിയിരിക്കണം. ബ്രസീലിയൻ ഇതിഹാസം റൊണാൾഡോ കളമൊഴിഞ്ഞതിനു ശേഷം ബ്രസീലിന് ലഭിക്കാതിരുന്ന ഒരു ഔട്ട് ആന്റ് ഔട്ട് സെന്റർ ഫോർവേഡ് ആണ് പെഡ്രോ.

സമർത്ഥമായ ഫ്ലിക്കുകളും ,പാസുകളും, തന്റെ ഉയരം പരമാവധി ഉപയോഗിച്ചുള്ള ഹെഡ്ഡറുകളും,പെനാൽറ്റി ഏരിയയിലെ ഡ്രിബ്ലിങ്ങും,സാങ്കേതികത്വവും. രണ്ടു കാലു കൊണ്ട് ഷോട്ട് ചെയ്യാനുള്ള കഴിവും, വിഷനും എല്ലാം ചേർന്ന താരത്തെ ഒരു സമ്പൂർണ സ്‌ട്രൈക്കർ ഗണത്തിൽ നമുക്ക് പെടുത്താവുന്നതാണ്.ഈ സദ്‌ഗുണങ്ങളെല്ലാം അദ്ദേഹത്തിനുണ്ടായെങ്കിലും ക്ലബ് തലത്തിൽ ബ്രസീലിൽ മാത്രം അറിയപെടാനയിരുന്നു താരത്തിന്റെ വിധി. എന്നാൽ ഇന്നലെ ലോകകപ്പിനുള്ള മുന്നോടിയായി സൗഹൃദ മത്സരങ്ങൾക്കുള്ള ബ്രസീൽ ടീമിനെ ടിറ്റെ തെരഞ്ഞെടുത്തപ്പോൾ രണ്ടു വർഷത്തിന് ശേഷം പെഡ്രോ ടീമിലെത്തി വീണ്ടും വാർത്തകളിൽ ഇടം പിടിച്ചു.

ബ്രസീലിയൻ താരങ്ങളിൽ ഭാഗ്യമില്ലാത്ത താരം എന്ന പേര് കൂടിയുണ്ട് പെഡ്രോക്ക്. അമേരിക്കയ്ക്കും എൽ സാൽവഡോറിനും എതിരായ സൗഹൃദ മത്സരങ്ങൾക്കായി 2018 ഓഗസ്റ്റിൽ ബ്രസീൽ ദേശീയ ടീമിലേക്ക് ടിറ്റെ പെഡ്രോയെ വിളിച്ചിരുന്നെങ്കിലും പരിക്കിനെത്തുടർന്ന് അദ്ദേഹം പിന്മാറി, പകരം അദ്ദേഹത്തിന്റെ ക്ലബ്ബിലെ സഹ താരമായ റിച്ചാർലിസണെ ഉൾപ്പെടുത്തി. പുതിയ ടോട്ടൻഹാം ഹോട്‌സ്‌പർ സൈനിംജിന് പിന്നീട് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല.2020 നവംബർ 13-ന്, വെനസ്വേലയ്‌ക്കെതിരെ 2022 ഫിഫ ലോകകപ്പ് യോഗ്യതാ മത്സരത്തിൽ അദ്ദേഹം അരങ്ങേറ്റം കുറിച്ചു, അതിൽ ബ്രസീൽ 1-0ന് വിജയിച്ചു.

2020 സമ്മർ ഒളിമ്പിക്സിനുള്ള ബ്രസീൽ ടീമിൽ പെഡ്രോയെ ഉൾപ്പെടുത്തി എന്നാൽ ടൂർണമെന്റിനായി ഫ്ലെമെംഗോ അദ്ദേഹത്തെ വിടാൻ വിസമ്മതിച്ചതിനെത്തുടർന്ന് ജൂലൈ 2-ന് അദ്ദേഹം ടീമിൽ നിന്ന് പിന്മാറി പകരം വീണ്ടും റിച്ചാർലിസണെ ടീമിലെത്തിച്ചു.ടോകിയോ ഒളിമ്പിക്‌സിൽ റിച്ചാർലിസൺ അഞ്ച് ഗോളുകളടിച്ച് ടൂർണമെന്റ് ടോപ് സ്കോറർ ആവുന്നു.

ഉയർന്ന ഫിസിക്കൽ പ്രസൻസ് ഉണ്ടെങ്കിലും വേഗത കുറവ് മൂലം സഹ താരങ്ങളിലും പാസ് സ്വീകരിക്കുന്നതലെ കഴിവ് കുറവും അദ്ദേഹത്തെ ദുര്ബലപ്പെടുത്തിയിരുന്നു യൂറോപ്പിൽ 25 കാരൻ പരാജയപെടുന്നതിന്റെ പ്രധാന കാരണമായി പലരും ഇതിനെ കണ്ടു. എന്നാൽ ആ വേഗതക്കുറവ് ക്ലിനിക്കിൽ ഫിനിഷിംഗിലൂടെ മറികടക്കാൻ പെഡ്രോക്ക് സാധിക്കാറുണ്ട്.

ഈ മാസം നടക്കുന്ന രണ്ടു സൗഹൃദ മത്സരങ്ങളിൽ 25 കാരന് ലഭിക്കുന്ന അവസരം പ്രയോജനപ്പെടുത്തിയാൽ ഖത്തറിലേക്ക് പറക്കുന്ന ബ്രസീലിന്റെ 26 അംഗ സ്‌ക്വാഡിൽ ഫ്ലെമെങ്കോ സ്‌ട്രൈക്കറും കൂടെയുണ്ടാവും.വൈഡ് റോളുകളിൽ കളിക്കാൻ ബ്രസീൽ ടീമിൽ നിരവധി താരങ്ങളുണ്ട്.എന്നാൽ ബോക്സിൽ നിലയുറപ്പിച്ച് ഗോളടിക്കുന്ന താരങ്ങളുടെ അഭാവം പെഡ്രോക്ക് ഗുണമായി തീരും. 2022 ൽ 24 ഗോളുകളും 7 അസിസ്റ്റുകളുമാണ് താരം രേഖപ്പെടുത്തിയത്.

Rate this post