“ഇതുപോലൊരു കളിക്കാരനെ ഞാൻ കണ്ടിട്ടില്ല”- ബാഴ്‌സലോണ താരം ലെവൻഡോസ്‌കിയെക്കാൾ മികച്ചതെന്ന് ബ്രൈത്ത്വൈറ്റ്

സമ്മർ ട്രാൻസ്‌ഫർ ജാലകത്തിൽ പുതിയ താരങ്ങളെ ടീമിലെത്തിച്ച ബാഴ്‌സലോണ ഈ സീസണിൽ മികച്ച ഫോമിലാണ് കളിച്ചു കൊണ്ടിരിക്കുന്നത്. ബയേൺ മ്യൂണിക്കിൽ നിന്നും ബാഴ്‌സയിലെത്തിയ പോളണ്ട് സ്‌ട്രൈക്കർ റോബർട്ട് ലെവൻഡോസ്‌കിയുടെ ഗോൾവേട്ട ബാഴ്‌സലോണയുടെ കുതിപ്പിനു വളരെയധികം സഹായിക്കുന്നു. ഇതിനു പുറമെ കരാർ പുതുക്കി ടീമിനൊപ്പം തുടർന്ന ഫ്രഞ്ച് മുന്നേറ്റനിര താരം ഒസ്മാനെ ഡെംബലെയുടെ തകർപ്പൻ ഫോമും ഈ സീസണിൽ ബാഴ്‌സയുടെ പ്രതീക്ഷകൾ ഉയർത്തുന്നതാണ്.

ഈ സീസണിലിതു വരെ എട്ടു ഗോളുകൾ റോബർട്ട് ലെവൻഡോസ്‌കി ബാഴ്‌സക്കു വേണ്ടി നേടിക്കഴിഞ്ഞു. സീസണിൽ ഗോളുകളൊന്നും നേടിയിട്ടില്ലെങ്കിലും മുന്നേറ്റനിരയിൽ എതിർപ്രതിരോധത്തെ കീറിമുറിക്കുന്ന ചാട്ടുളിയായ ഒസ്മാനെ ഡെംബലെ നാല് അസിസ്റ്റുകൾ ടീമിനായി ഒരുക്കി നൽകിയിട്ടുണ്ട്. അതേസമയം റോബർട്ട് ലെവൻഡോസ്‌കിയെക്കാൾ ടീമിനുള്ളിൽ സ്വാധീനം ചെലുത്തുന്നതും വ്യത്യാസങ്ങൾ സൃഷ്‌ടിക്കുന്നതും ഫ്രഞ്ച് താരമാണെന്നാണ് ബാഴ്‌സയുടെ മുൻ താരമായ മാർട്ടിൻ ബ്രൈത്ത്വൈറ്റ് പറയുന്നത്.

“ഡെംബലെയാണ് ലെവൻഡോസ്‌കിയെക്കാൾ വ്യത്യാസം സൃഷ്‌ടിക്കുന്നത്. ഒസ്മാനെ വളരെ നല്ല പയ്യനാണ്. വളരെ മികച്ച പ്രതിഭയുള്ള താരമാണ് അദ്ദേഹം. അതുപോലൊരു താരത്തെ ഞാൻ കണ്ടിട്ടില്ല. മെസി മറ്റൊരു തലത്തിൽ നിൽക്കുന്ന കളിക്കാരനാണ്. പക്ഷെ ഒസ്മാനെ ഡെംബലെയെപ്പോലൊരു താരത്തെ ഞാൻ ഇതുവരെ കണ്ടിട്ടേയില്ല.” സമ്മർ ട്രാൻസ്‌ഫർ ജാലകത്തിൽ ബാഴ്‌സലോണയിൽ നിന്നും എസ്പാന്യോളിലേക്ക് ചേക്കേറിയ ഡാനിഷ് താരം ആർഎസി വണ്ണിനോട് സംസാരിക്കുമ്പോൾ പറഞ്ഞു.

അതേസമയം ബാഴ്‌സലോണ മുന്നേറ്റനിരയിൽ വളരെ ഒത്തിണക്കമുള്ള പ്രകടനമാണ് ഒസ്മാനെ ഡെംബലെയും റോബർട്ട് ലെവൻഡോസ്‌കിയും നടത്തുന്നത്. കഴിഞ്ഞ ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ ലെവൻഡോസ്‌കി ഹാട്രിക്ക് നേടിയപ്പോൾ ഡെംബലെ ടീമിന്റെ രണ്ടു ഗോളുകൾക്ക് വഴിയൊരുക്കി. ഡെംബലെയുടെ പ്രകടനത്തെ പ്രത്യേകം അഭിനന്ദിച്ച ലെവൻഡോസ്‌കിയുടെ മനോഭാവം ബാഴ്‌സലോണ ആരാധകർക്കും വളരെയധികം സന്തോഷം നൽകിയ കാഴ്‌ചയായിരുന്നു.

Rate this post