ലയണൽ മെസ്സിയുടെയും പെലെയുടെയും ഗോൾ സ്കോറിങ് റെക്കോർഡുകൾ തകർക്കാൻ നെയ്മർ ജൂനിയർ |Neymar

പാരിസിലെ പാർക് ഡെ പ്രിൻസസിൽ നടന്ന സൗഹൃദ ഫുട്ബോൾ മത്സരത്തിൽ ടുണീഷ്യയെ 5-1ന്ബ്രസീൽ പരാജയെപ്പടുത്തിയിരുന്നു. റഫിന്യ രണ്ടു ഗോളുകളും ഒരു അസിസ്റ്റും സ്വന്തമാക്കിയ മത്സരത്തിൽ നെയ്‌മർ, റിച്ചാർലിസൺ, പെഡ്രോ എന്നിവർ കൂടി ഗോൾ കണ്ടെത്തിയ മത്സരത്തിൽ ആധികാരികമായിട്ടായിരുന്നു ബ്രസീലിന്റെ ജയം.

ഇന്നലെ നേടിയ ഗോളോടെ ബ്രസീൽ സൂപ്പർ താരം നെയ്മർ ജൂനിയർ പെലെയ്ക്കും ലയണൽ മെസ്സിക്കും ഒപ്പം അന്താരാഷ്ട്ര ഗോൾ സ്‌കോറിങ് റെക്കോർഡിന്റെ എക്‌സ്‌ക്ലൂസീവ് പട്ടികയിൽ ചേർന്നു.ദക്ഷിണ അമേരിക്കൻ ഫുട്ബോൾ ചരിത്രത്തിൽ 75 അന്താരാഷ്ട്ര ഗോളുകൾ നേടുന്ന മൂന്നാമത്തെ മാത്രം കളിക്കാരനായി പാരീസ് സെന്റ് ജെർമെയ്ൻ ഫോർവേഡ്. ബ്രസീലിനു വേണ്ടി വേണ്ടി 92 മത്സരങ്ങളിൽ നിന്ന് 77 ഗോളുകളാണ് പെലെ നേടിയത്. അതേസമയം, 164 മത്സരങ്ങളിൽ നിന്ന് 90 ഗോളുകളാണ് അർജന്റീനയ്ക്കായി മെസ്സി നേടിയത്. ബ്രസീലിനായി 121 മത്സരങ്ങളിൽ കളിച്ച നെയ്മറിന്റെ സമ്പാദ്യം 75 ഗോളുകളാണ്.

കളിക്കളത്തിൽ വളരെക്കാലം തുടരാൻ കഴിഞ്ഞാൽ ദേശീയ ടീമിനായി ഏറ്റവുമധികം ഗോളുകൾ നേടുന്ന ലാറ്റിനമേരിക്കൻ താരമെന്ന റെക്കോർഡ് നെയ്‌മർക്ക് സ്വന്തമാക്കാൻ കഴിയുമെന്ന കാര്യത്തിൽ സംശയമില്ല. 35 വയസായ മെസിയുടെ ഗോൾ റെക്കോർഡിന് വെറും പതിനഞ്ചു ഗോൾ പിന്നിൽ നിൽക്കുന്ന നെയ്‌മർക്ക് മുപ്പതു വയസു മാത്രമാണ് പ്രായം. അതുകൊണ്ടു തന്നെ ഏറ്റവും ചുരുങ്ങിയത് അഞ്ചു വർഷമെങ്കിലും താരം കളിക്കളത്തിൽ ഉണ്ടാകുമെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല. പിഎസ്‌ജിക്ക് വേണ്ടിയും ബ്രസീലിനു വേണ്ടിയും മിന്നുന്ന ഫോമിലാണ് നെയ്മർ.11 മത്സരങ്ങളിൽ നിന്ന് 30-കാരൻ 11 ഗോളുകൾ നേടുകയും എട്ട് അസിസ്റ്റുകൾ പാരീസുകാർക്ക് നൽകുകയും ചെയ്തു.

ബ്രസീലിന്റെ എക്കാലത്തെയും മികച്ച ഗോൾ സ്കോറർ എന്ന പദവിയിലേക്ക് നെയ്മർ അടുക്കുകയാണ്. പെലെയുടെ പേരിലുള്ള 77 ഗോൾ എന്ന റെക്കോർഡ് മറികടക്കാൻ നെയ്മറിന് ഇനി 3 ഗോൾ മാത്രം മതി.തന്റെ മിന്നുന്ന കരിയറിൽ മൂന്ന് തവണ ലോകകപ്പ് നേടിയ ഇതിഹാസ താരമായ പെലെയെ മറികടക്കുക എന്നത് നെയ്മറിനെ സംബന്ധിച്ച് വലിയ ബഹുമതി തന്നെയാവും.ബ്രസീലിയൻ ഫുട്ബോൾ ചരിത്രത്തിൽ എക്കാലവും ഓർമ്മിക്കപ്പെടുന്ന ഒന്ന് തന്നെയാവും അത്.2022-ൽ ബ്രസീലിന് കുറഞ്ഞത് 3 മത്സരങ്ങളെങ്കിലും ബാക്കിയുണ്ട്.ടൂർണമെന്റ് ഫേവറിറ്റുകളിൽ ഒന്നായി ഈ വർഷം ഖത്തറിൽ നടക്കുന്ന ലോകകപ്പിലേക്ക് പോവുമ്പോൾ കൂടുതൽ മത്സരങ്ങൾ കളിക്കുമെന്ന് പ്രതീക്ഷിക്കാം.

Rate this post