നാല് മത്സരങ്ങളിൽ നിന്നും ഏഴു ഗോളും ആറ് അസിസ്റ്റും, സീസണിനു മുൻപു പറഞ്ഞ വാക്കു പാലിച്ച് നെയ്‌മർ

കഴിഞ്ഞ സീസണിൽ ചില തിരിച്ചടികൾ ഏറ്റു വാങ്ങിയെങ്കിലും അതിനെ മറികടക്കാൻ ഉദ്ദേശിച്ചുള്ള പ്രവർത്തനങ്ങളാണ് ഫ്രഞ്ച് ക്ലബായ പിഎസ്‌ജി ഈ സമ്മർ ട്രാൻസ്‌ഫർ ജാലകത്തിൽ നടത്തിയത്. ലയണൽ മെസി, നെയ്‌മർ, എംബാപ്പെ എന്നിങ്ങനെ സമകാലിക ഫുട്ബോളിലെ ഏറ്റവും മികച്ച താരങ്ങൾ ഉണ്ടായിട്ടും കഴിഞ്ഞ സീസണിൽ ചാമ്പ്യൻസ് ലീഗിന്റെ പ്രീ ക്വാർട്ടറിൽ തോറ്റു മടങ്ങേണ്ടി വന്ന പിഎസ്‌ജി പുതിയ പരിശീലകൻ, സ്പോർട്ടിങ് ഡയറക്റ്റർ എന്നിവരെ നിയമിച്ചും അവരുടെ പദ്ധതികൾക്കു വേണ്ട താരങ്ങളെ എത്തിച്ചും പുതിയ സീസണിനായുള്ള തയ്യാറെടുപ്പുകൾ മികച്ച രീതിയിൽ നടപ്പിലാക്കിയിട്ടുണ്ട്.

ഫ്രഞ്ച് സൂപ്പർ കപ്പ് പോരാട്ടമുൾപ്പെടെ സീസണിൽ നാല് മത്സരങ്ങൾ കളിച്ച പിഎസ്‌ജി അതിൽ എല്ലാ മത്സരങ്ങളിലും നാലോ അതിലധികമോ ഗോൾ നേടി വ്യക്തമായ മുന്നറിയിപ്പ് മറ്റു ടീമുകൾക്ക് നൽകിയിട്ടുണ്ട്. നാല് മത്സരങ്ങളിൽ നിന്നും ഇരുപത്തിയേഴു ഗോളുകൾ അടിച്ചു കൂട്ടിയ പിഎസ്‌ജി മൂന്നു ഗോളുകൾ മാത്രമാണ് വഴങ്ങിയത്. അതേസമയം കരാർ പുതുക്കിയ കിലിയൻ എംബാപ്പെ ആയിരിക്കും ഈ സീസണിൽ പിഎസ്‌ജിയുടെ കുന്തമുനയാവുകയെന്നാണ് പ്രതീക്ഷിച്ചതെങ്കിലും ഫ്രഞ്ച് താരത്തെ മറികടന്ന് അസാമാന്യമായ പ്രകടനമാണ് ബ്രസീലിയൻ താരം നെയ്‌മർ നടത്തുന്നത്.

സീസണിൽ നാലു മത്സരങ്ങൾ പിഎസ്‌ജി കളിച്ചപ്പോൾ അതിൽ നിന്നും ഏഴു ഗോളുകളും ആറ് അസിസ്റ്റുകളും താരം സ്വന്തമാക്കി കഴിഞ്ഞു. ഫ്രഞ്ച് സൂപ്പർകപ്പിൽ നാന്റസിനെതിരെ ഇരട്ടഗോളുകൾ നേടിയ താരം അതിനു ശേഷം ലീഗിൽ ക്ലെർമണ്ട് ഫൂട്ടിനെതിരേ ഒന്നും മോണ്ട്പെല്ലിയർ, ലില്ലേ എന്നിവർക്കെതിരെ രണ്ടു വീതവും ഗോളുകളാണ് നേടിയത്. അതിനു പുറമെ ക്ലെർമണ്ട് ഫൂട്ട്, ലില്ലെ എന്നിവർക്കെതിരെ ഹാട്രിക്ക് അസിസ്റ്റുകളും നെയ്‌മർ നേടുകയുണ്ടായി. ഈ സീസണിൽ പിഎസ്‌ജി കളിച്ച എല്ലാ മത്സരങ്ങളിലും ഗോൾ കണ്ടെത്താനായി എന്നതും നെയ്‌മർ മാരകഫോമിലാണ് കളിക്കുന്നതെന്നതിന്റെ കൃത്യമായ തെളിവാണ്.

ജൂലൈയിൽ നൽകിയ ഒരു അഭിമുഖത്തിൽ ഈ സീസണിൽ താൻ മികച്ച ഫോമിൽ കളിക്കുമെന്ന വ്യക്തമായ മുന്നറിയിപ്പ് നെയ്‌മർ നൽകിയിരുന്നു. ഒഴിവു ദിവസങ്ങളിൽ താൻ വളരെയധികം പരിശീലനം നടത്തിയെന്നും ഫ്രീ കിക്കായാലും ബോക്‌സിനു പുറത്തു നിന്നുള്ള ഷോട്ടുകളായാലും ഹെഡറുകളായാലും എല്ലാം വലക്കകത്ത് കേറുമെന്നും തനിക്ക് വളരെയധികം ആത്മവിശ്വാസം അനുഭവപ്പെടുന്നുണ്ട് എന്നുമാണ് നെയ്‌മർ പറഞ്ഞത്. അന്നു പറഞ്ഞ വാക്കുകളെ അന്വർത്ഥമാക്കുന്ന പ്രകടനമാണ് ബ്രസീലിയൻ താരം പുതിയ സീസണിൽ നടത്തിക്കൊണ്ടിരിക്കുന്നത്.

ബാഴ്‌സലോണയിൽ നിന്നും പിഎസ്‌ജിയിൽ എത്തിയതിനു ശേഷം തന്റെ പ്രതിഭ പൂർണമായി പുറത്തെടുക്കാൻ കഴിയാതെ പോന്ന നെയ്‌മറുടെ ഈ സീസണിലെ മികച്ച പ്രകടനം ബ്രസീൽ ആരാധകർക്ക് സന്തോഷം നൽകുന്നതാണ്. ലോകകപ്പ് അടുത്തിരിക്കെ നെയ്‌മറുടെ ഫോം കാനറികളുടെ കിരീടപ്രതീക്ഷകൾ ഉയർത്തുന്ന ഒന്നാണ്. അതിനു പുറമെ ഈ സീസണിൽ മികച്ച നേട്ടങ്ങൾ സ്വന്തമാക്കിയാൽ ആദ്യമായി ബാലൺ ഡി ഓർ നേടാനും താരത്തിന് കഴിയുമെന്നുറപ്പാണ്.