വിസ്മയിപ്പിക്കുന്ന ഗോളുമായി ആസ്റ്റൺ വില്ലയുടെ ബ്രസീലിയൻ മിഡ്ഫീൽഡർ |

ഇന്നലെ നടന്ന EFL കപ്പ് രണ്ടാം റൗണ്ട് മത്സരത്തിൽ ആസ്റ്റൺ വില്ല, നോട്ടിംഗ്ഹാം ഫോറസ്റ്റ്, ലെസ്റ്റർ സിറ്റി, എവർട്ടൺ, വോൾവ്സ് ടീമുകൾ വിജയിച്ചു. നോട്ടിംഗ്ഹാം ഫോറസ്റ്റ് 3-0ന് ഗ്രിംസ്ബി ടൗണിനെയും എവർട്ടൺ 1-0ന് ഫ്ലീറ്റ്‌വുഡിനെയും വോൾവ്‌സ് 2-1ന് പ്രസ്റ്റൺ നോർത്ത് എൻഡ് എഫ്‌സിയെയും പരാജയപ്പെടുത്തി. മറ്റൊരു മത്സരത്തിൽ സ്റ്റോക്ക്‌പോർട്ടിനെതിരെ ഒരു ഗോൾ രഹിത സമനില വഴങ്ങിയ ശേഷം ലെസ്റ്റർ സിറ്റി പെനാൽറ്റി ഷൂട്ട് ഔട്ടിൽ വിജയിച്ചു.

EFL കപ്പ് രണ്ടാം റൗണ്ടിൽ ബോൾട്ടൺ വാണ്ടറേഴ്സിനെതിരെ ആസ്റ്റൺ വില്ല ശക്തമായ വിജയം ആണ് നേടിയത്. യൂണിവേഴ്സിറ്റി ഓഫ് ബോൾട്ടൺ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ആസ്റ്റൺ വില്ല 4-1 ന് വിജയിച്ചു. 24-ാം മിനിറ്റിൽ ഡിയോൺ ചാൾസിന്റെ ഗോളിൽ ബോൾട്ടൺ വാണ്ടറേഴ്‌സ് മുന്നിലെത്തി. പിന്നീട് നാല് ഗോളുകൾ തിരിച്ചടിച്ച് ആസ്റ്റൺ വില്ല വിജയം നേടിയെടുത്തു.മത്സരത്തിന്റെ 36-ാം മിനിറ്റിൽ ആസ്റ്റൺ വില്ലയുടെ ബ്രസീലിയൻ ഡിഫൻസീവ് മിഡ്ഫീൽഡർ ഡഗ്ലസ് ലൂയിസ് ഒരു കോർണർ കിക്ക് നേരിട്ട് ഗോളാക്കി മാറ്റി ആരാധകരെ അമ്പരപ്പിച്ചു.

ഇരു ടീമുകളും ഓരോ ഗോൾ വീതം നേടിയപ്പോൾ ആദ്യ പകുതി സമനിലയിൽ അവസാനിച്ചു. പിന്നീട് രണ്ടാം പകുതിയിൽ ലഭിച്ച പെനാൽറ്റി വലയിലെത്തിച്ച് ഡാനി ഇങ്‌സ് 63-ാം മിനിറ്റിൽ ആസ്റ്റൺ വില്ലയെ മുന്നിലെത്തിച്ചു. 66-ാം മിനിറ്റിൽ ഡാനി ഇംഗ്‌സിന്റെ അസിസ്റ്റിൽ ലൂക്കാസ് ഡിഗ്നെ വല കണ്ടെത്തി, ആസ്റ്റൺ വില്ലയ്ക്ക് രണ്ട് ഗോളിന്റെ ലീഡ് നൽകി. ഒടുവിൽ, 87-ാം മിനിറ്റിൽ ബ്യൂണ്ടിയയുടെ അസിസ്റ്റിൽ ലിയോൺ ബെയ്‌ലി ആസ്റ്റൺ വില്ലയുടെ ലീഡ് മൂന്നായി ഉയർത്തി. അവസാന വിസിലിൽ ആസ്റ്റൺ വില്ല 4-1ന് ജയിച്ചു.

EFL കപ്പ് രണ്ടാം റൗണ്ടിലെ ശേഷിക്കുന്ന മത്സരങ്ങൾ ഇന്ന് നടക്കും. ഇന്നത്തെ EFL കപ്പ് രണ്ടാം റൗണ്ട് പോരാട്ടത്തിൽ Brighton & Hove Albion ഫോറസ്റ്റ് ഗ്രീനിനെയും ബ്രിസ്റ്റോൾ സിറ്റി വൈക്കോംബ് വാണ്ടറേഴ്സിനെയും ന്യൂകാസിൽ യുണൈറ്റഡ് ട്രാൻമെയർ റോവേഴ്സിനെയും ലീഡ്സ് യുണൈറ്റഡ് ബാർൺസ്ലിയെയും നേരിടും.

Rate this post