നെയ്മർ.. ആ പ്രീമിയർ ലീഗ് ക്ലബ്ബിലേക്ക് പോവൂ, അവിടെ നിങ്ങൾ ഹാപ്പിയായിരിക്കും: ഉപദേശവുമായി ഇമ്മാനുവൽ പെറ്റിറ്റ്

നെയ്മർ ജൂനിയർക്ക് അദ്ദേഹത്തിന്റെ ക്ലബ്ബായ പിഎസ്ജിയുമായി ഒരുപാട് കാലത്തെ കരാർ അവശേഷിക്കുന്നുണ്ട്.ആ കരാർ പൂർത്തിയാക്കാനാണ് നെയ്മർ ഇതുവരെ ആഗ്രഹിച്ചിരുന്നത്.അതായത് പാരീസിനോട് വിട പറയാൻ നെയ്മർ ഇതുവരെ ആഗ്രഹിച്ചിരുന്നില്ല എന്നുള്ളതാണ് യാഥാർത്ഥ്യം.പക്ഷേ സമീപകാലത്ത് സംഭവ വികാസങ്ങൾ അതിനെയെല്ലാം മാറ്റിമറിക്കുകയായിരുന്നു.

നെയ്മർ ഇപ്പോൾ ക്ലബ്ബിൽ തുടരാൻ ആഗ്രഹിക്കുന്നില്ല എന്ന റിപ്പോർട്ടുകൾ പുറത്തേക്ക് വന്നിരുന്നു.അദ്ദേഹത്തെ ഒഴിവാക്കാൻ തന്നെയാണ് പിഎസ്ജിയുടെ തീരുമാനം.നെയ്മർക്ക് വേണ്ടിവരുന്ന ഓഫറുകൾ പിഎസ്ജി പരിഗണിക്കും. ലോൺ അടിസ്ഥാനത്തിൽ ആണെങ്കിലും നെയ്മറെ കൈവിടാനുള്ള മാർഗങ്ങളാണ് ഇപ്പോൾ പിഎസ്ജി അന്വേഷിക്കുന്നത്.പിഎസ്ജി ആരാധകരുടെ പ്രധാനപ്പെട്ട ഇരയായി കൊണ്ട് നെയ്മർ ജൂനിയർ ഇപ്പോൾ മാറിയിട്ടുണ്ട്.

ഇംഗ്ലീഷ് പ്രീമിയർ ലീഗിലേക്ക് നെയ്മർ പോകണം എന്നാണ് അദ്ദേഹത്തിന്റെ ആരാധകർ ആഗ്രഹിക്കുന്നത്.പല ഇംഗ്ലീഷ് ക്ലബ്ബുകളെയും നെയ്മറുമായി ബന്ധപ്പെടുത്തിക്കൊണ്ട് വാർത്തകൾ വരുന്നുണ്ട്.ഇതിനിടെ ഫ്രഞ്ച് ഇതിഹാസമായ ഇമ്മാനുവൽ പെറ്റിറ്റ് തന്റെ ഒരു അഭിപ്രായം പങ്കുവെച്ചിട്ടുണ്ട്.അതായത് നെയ്മർ ജൂനിയർ ആഴ്സണലിലേക്ക് പോകണമെന്നും അവിടം അദ്ദേഹത്തിന് ഇഷ്ടമാകും എന്നുമാണ് പെറ്റിറ്റ് പറഞ്ഞിട്ടുള്ളത്.മുമ്പ് ആഴ്സണലിന് വേണ്ടി കളിച്ചിട്ടുള്ള താരം കൂടിയാണ് ഇമ്മാനുവൽ.

‘ലോകത്തെ ഏതൊരു വലിയ ക്ലബ്ബിനും നെയ്മർ ജൂനിയർ അനുയോജ്യമായ താരമാണ്.നെയ്മർ ആഴ്സണലിലേക്ക് പോകുന്നതിന് ഞാൻ വളരെയധികം ഇഷ്ടപ്പെടുന്നു.അവിടെ എത്തിയാൽ തീർച്ചയായും ആ ക്ലബ്ബിനെ നെയ്മർക്ക് ഇഷ്ടപ്പെടും.ആഴ്സണലിന്റെ കളി ശൈലിയും ടെക്നിക്കൽ ഫുട്ബോളുമൊക്കെ നെയ്മർക്ക് ഇഷ്ടപ്പെടും.തീർച്ചയായും നെയ്മർ ഇപ്പോൾ കൂടുതൽ പക്വത ഉള്ളവനാണ്.മാത്രമല്ല യുവ താരങ്ങൾക്കൊപ്പം കളിക്കാൻ അദ്ദേഹം ഇഷ്ടപ്പെടുന്നുണ്ട്.കൂടാതെ പിഎസ്ജിയിൽ നഷ്ടപ്പെടുത്തിയ സമയങ്ങൾക്ക് അദ്ദേഹത്തിന് പ്രതികാരം ചെയ്യേണ്ടതുണ്ട്.വരുന്ന വേൾഡ് കപ്പിലും അദ്ദേഹത്തിന് മികവ് കാണിക്കേണ്ടതുണ്ട്.അതുകൊണ്ടുതന്നെ അദ്ദേഹത്തിന് ഏറ്റവും അനുയോജ്യമായ ക്ലബ്ബ് ആഴ്സണൽ.അവിടെ വലതുവശത്ത് വേണമെങ്കിലും ഇടതുവശത്ത് വേണമെങ്കിലും നെയ്മർക്ക് കളിക്കാൻ കഴിയും ‘ഇതാണ് ഇമ്മാനുവൽ പെറ്റിറ്റ് പറഞ്ഞിട്ടുള്ളത്.

പക്ഷേ നെയ്മർക്ക് വേണ്ടി ഇതുവരെ ആഴ്സണൽ രംഗത്ത് വന്നിട്ടില്ല എന്നുള്ളതാണ് യാഥാർത്ഥ്യം.ചെൽസി,ന്യൂകാസിൽ യുണൈറ്റഡ് എന്നിവരാണ് നെയ്മറിൽ ഇപ്പോൾ താൽപര്യം പ്രകടിപ്പിച്ചിട്ടുള്ളത്.മാഞ്ചസ്റ്റർ യുണൈറ്റഡുമായി ബന്ധപ്പെടുത്തിക്കൊണ്ട് വാർത്തകൾ ഉണ്ടായിരുന്നുവെങ്കിലും അവരുടെ പരിശീലകനായ ടെൻ ഹാഗ് തന്നെ അത് നിരസിക്കുകയായിരുന്നു.

5/5 - (2 votes)