2026 ലോകകപ്പിന് മുന്നോടിയായി അൽ-ഹിലാൽ വിട്ട് ബ്രസീലിലേക്ക് മടങ്ങാൻ നെയ്മർ |Neymar

ബ്രസീലിയൻ ഫുട്ബോൾ സൂപ്പർസ്റ്റാർ നെയ്മർ അൽ-ഹിലാലിൽ നിന്ന് പുറത്തുകടന്ന് സ്വന്തം നാട്ടിലേക്ക് മടങ്ങാൻ തയ്യാറെടുക്കുകയാണ്.2026 ഫിഫ ലോകകപ്പിന് മുന്നോടിയായി തനറെ ബാല്യകാല ക്ലബായ സാന്റോസിലേക്കാണ് 31 കാരൻ എത്തുക.

90 മില്യൺ യൂറോയ്ക്ക് ലിഗ് 1 ചാമ്പ്യന്മാരായ പാരിസ് സെന്റ് ജെർമെയ്‌നിൽ നിന്ന് ഓഗസ്റ്റിൽ മാത്രമാണ് നെയ്മർ അൽ ഹിലാലിനൊപ്പം ചേർന്നത്. ചരിത്രത്തിലെ ഏറ്റവും ചെലവേറിയ സൗദി പ്രോ ലീഗ് ട്രാൻസ്ഫർ എന്ന റെക്കോർഡ് ബ്രസീൽ ക്യാപ്റ്റന്റെ പേരിലാണ്.നെയ്മർ അൽ-ഹിലാലുമായി നാല് വർഷത്തെ കരാറിൽ ഒപ്പുവെച്ചതായി അഭ്യൂഹങ്ങളുണ്ടായിരുന്നുവെങ്കിലും യഥാർത്ഥ കരാർ കാലാവധി രണ്ട് വർഷത്തിനടുത്താണെന്നാണ് സമീപകാല റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

മുൻ ബാഴ്‌സലോണ, പാരീസ് സെന്റ് ജെർമെയ്ൻ താരം 2025-ൽ സാന്റോസിലേക്ക് മടങ്ങുമെന്ന് ബ്രസീലിയൻ പത്രപ്രവർത്തകൻ അഡെമിർ ക്വിന്റിനോ റിപ്പോർട്ട് ചെയ്തിരുന്നു.“നെയ്‌മറിന്റെ സീനിയർ, നെയ്മർ ജൂനിയർ എന്നിവരുടെ സുഹൃത്തുക്കളുമായുള്ള സംഭാഷണത്തിനിടെ, അവർ സൗദിയുമായി നാല് വർഷത്തെ കരാറിൽ ഒപ്പുവെച്ചിട്ടില്ല, മറിച്ച് രണ്ട് വർഷത്തെ കരാറാണ് ഒപ്പിട്ടതെന്ന് എനിക്ക് വിവരം ലഭിച്ചു. ലോകകപ്പിന് ഒരു വർഷം മുമ്പ് അദ്ദേഹത്തിന് സാന്റോസിലേക്ക് മടങ്ങാം. ഇക്കാര്യത്തിൽ നെയ്മർ സാന്റോസിനെ സമീപിക്കുകയും ചെയ്തു.സാന്റോസിലേക്ക് മടങ്ങാൻ അദ്ദേഹത്തിന് ശക്തമായ ആഗ്രഹമുണ്ട്”തന്റെ സോഷ്യൽ മീഡിയ ചാനലുകളിലെ പ്രസ്താവനയിൽ ക്വിന്റിനോ പറഞ്ഞു.

ഇപ്പോൾ ബ്രസീലിന്റെ എക്കാലത്തെയും മികച്ച ഗോൾ സ്‌കോററായി മാറിയ നെയ്മർ, ക്ലബ്ബിൽ ചേർന്നതിന് ശേഷം അൽ-ഹിലാലിനായി മൂന്ന് മത്സരങ്ങൾ മാത്രമാണ് കളിച്ചത്, ഇപ്പോഴും അവരുടെ ജേഴ്സിയിൽ തന്റെ ആദ്യ ഗോളിനായി കാത്തിരിക്കുകയാണ്. തന്റെ കരിയറിലെ ഏതെങ്കിലും ഘട്ടത്തിൽ സാന്റോസിലേക്ക് മടങ്ങിവരാനുള്ള ആഗ്രഹം അദ്ദേഹത്തിൽ ഉണ്ടെന്ന് നെയ്മറുടെ മുൻകാല പ്രസ്താവനകളിൽ നിന്ന് വ്യക്തമാണ്.

യുണൈറ്റഡ് സ്റ്റേറ്റ്സ്, കാനഡ, മെക്സിക്കോ എന്നിവിടങ്ങളിൽ ആതിഥേയത്വം വഹിക്കുന്ന 2026 ഫിഫ ലോകകപ്പിന് ഒരു വർഷം മുമ്പ് ആ തിരിച്ചുവരവ് നടത്താനാണ് അദ്ദേഹത്തിന്റെ പദ്ധതി.

Rate this post