എതിർ താരത്തിന്റെ തലക്കടിച്ചു, നെയ്മറെ കാത്തിരിക്കുന്നത് കടുത്ത ശിക്ഷാനടപടികൾ.

കഴിഞ്ഞ ദിവസം നടന്ന പിഎസ്ജി vs മാഴ്സെ മത്സരം വലിയ തോതിലുള്ള പുകിലുകളാണ് ഫുട്ബോൾ ലോകത്ത് സൃഷ്ടിച്ചത്. മത്സരത്തിനിടെ സൂപ്പർ താരങ്ങൾ അടക്കം കയ്യാങ്കളിയിൽ ഏർപ്പെട്ടത് ഫുട്ബോൾ ലോകത്തിന് തന്നെ നാണക്കേട് ഉണ്ടാക്കിയിരുന്നു. കൂടാതെ അഞ്ച് റെഡ് കാർഡും പതിനാലു യെല്ലോ കാർഡുമായിരുന്നു റഫറിക്ക് മത്സരത്തിൽ പുറത്തെടുക്കേണ്ടി വന്നത്. മാത്രമല്ല മത്സരത്തിൽ മാഴ്സെ താരമായ അൽവാരോ ഗോൺസാലസ് തന്നെ വംശീയമായി അധിക്ഷേപിച്ചുവെന്ന ആരോപണവുമായി നെയ്മർ ജൂനിയർ രംഗത്ത് വന്നിരുന്നു. ഇതിന് മറുപടികളും വാക്ക്പോരാട്ടങ്ങളുമായി വലിയ തോതിലുള്ള വിവാദങ്ങളാണ് ഇന്നലെ ഫുട്ബോൾ ലോകത്ത് അരങ്ങേറിയത്.

അൽവാരോ ഗോൺസാലസിന്റെ തലക്ക് പിന്നിൽ അടിച്ചതിനായിരുന്നു സൂപ്പർ താരമായ നെയ്മർക്ക് റഫറി റെഡ് കാർഡ് കാണിച്ചത്. വീഡിയോ ദൃശ്യങ്ങൾ പരിശോധിച്ചതിന് ശേഷമാണ് നെയ്മർക്ക് റഫറി റെഡ് കാർഡ് കാണിച്ചത്. എന്നാൽ അതിന് ശേഷം ഗുരുതരമായ ആരോപണങ്ങളുമായിട്ടാണ് നെയ്മർ രംഗത്ത് വന്നത്. ഗോൺസാലസ് തന്നെ കുരങ്ങൻ എന്ന് വിളിച്ചുവെന്നും അവന്റെ മുഖത്ത് അടിക്കാൻ കഴിയാത്തതിൽ മാത്രമാണ് ഇപ്പോൾ സങ്കടമെന്നുമായിരുന്നു നെയ്മർ സോഷ്യൽ മീഡിയ വഴി അറിയിച്ചത്. ഇതിന് ഗോൺസാലസ് മറുപടി നൽകുകയും ചെയ്തിരുന്നു.

എന്നാൽ ഗോൺസാലസിനെ അടിച്ചതിന് വലിയ തോതിലുള്ള ശിക്ഷാനടപടികളാണ് നെയ്മർ ജൂനിയറെ കാത്തിരിക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ. ഫ്രാൻസിലെ ഫുട്ബോൾ ഗവേണിങ് ബോഡി സംഭവത്തെ കുറിച്ച് അന്വേഷിക്കാൻ ഉത്തരവിട്ടിട്ടുണ്ട്. നെയ്മർ കുറ്റക്കാരനാണ് എന്ന് തെളിഞ്ഞാൽ ഏഴ് മത്സരം വരെ താരത്തിന് സസ്‌പെൻഷൻ ലഭിച്ചേക്കും. എതിരാളികളെ ഇഞ്ചുറിക്ക് കാരണമാവാതെ പരിക്കേൽപ്പിച്ചാൽ ഏഴ് മത്സരത്തിൽ നിന്ന് വിലക്കാനാണ് നിയമപ്രകാരം അനുവാദമുള്ളത്. ഈ ഏഴ് മത്സരങ്ങളിൽ നിന്നും നെയ്മറെ വിലക്കിയേക്കും എന്നാണ് പ്രമുഖ ഫ്രഞ്ച് മാധ്യമമായ ആർഎംസി സ്പോർട്ട് പറയുന്നത്. അതേ സമയം താരത്തിന്റെ വംശീയാധിക്ഷേപ ആരോപണം വ്യാജമാണ് എന്ന് തെളിഞ്ഞാൽ ഇതിലും വലിയ നിയമനടപടികൾ താരത്തിന് നേരിടേണ്ടി വന്നേക്കും.

കൂടാതെ മാഴ്സെ താരമായ അൽവാരോ ഗോൺസാലസിനെയും വലിയ തോതിലുള്ള ശിക്ഷ തന്നെയാണ് കാത്തിരിക്കുന്നത്. താരം വംശീയമായി അധിക്ഷേപിച്ചു എന്ന് തെളിഞ്ഞാൽ ചുരുങ്ങിയത് പത്ത് മത്സരങ്ങളിൽ എങ്കിലും താരത്തിന് ബാൻ ലഭിച്ചേക്കും. ഈ വിഷയത്തിൽ വിശദമായ അന്വേഷണം തന്നെ ഫ്രഞ്ച് ഫുട്ബോൾ ഗവേണിങ് ബോഡി പ്രഖ്യാപിച്ചിട്ടുണ്ട്. കുറ്റക്കാർക്കെതിരെ കടുത്ത ശിക്ഷകൾ തന്നെയായിരിക്കും കാത്തിരിക്കുന്നത്.

Rate this post