2024 യൂറോ കപ്പ് കളിക്കാൻ എർലിംഗ് ഹാലണ്ടിന്റെ നോർവേ ഉണ്ടാവില്ല | Erling Haaland 

യൂറോ ഉൾപ്പെടെയുള്ള പ്രധാന അന്താരാഷ്ട്ര മത്സരങ്ങളിൽ കളിക്കാൻ മാഞ്ചസ്റ്റർ സിറ്റി സ്‌ട്രൈക്കർ എർലിംഗ് ഹാലണ്ടിന് ഇനിയും കാത്തിരിക്കേണ്ടി വരും. അടുത്ത വര്ഷം ജർമ്മനിയിൽ നടക്കുന്ന യൂറോപ്യൻ ചാമ്പ്യൻഷിപ്പിന് യോഗ്യത നേടാൻ എർലിംഗ് ഹാലൻഡും ആഴ്‌സണൽ മിഡ്‌ഫീൽഡർ മാർട്ടിൻ ഒഡെഗാഡും ഉൾപ്പെട്ട നോർവേക്ക് സാധിച്ചില്ല.

ഗ്രൂപ്പ് എ യിൽ സ്പെയിനിനും സ്കോട്ട്ലാൻഡിനും പിന്നിലായി മൂന്നാം സ്ഥാനത്താണ് നോർവേയുള്ളത്.എന്നാൽ പ്ലേ-ഓഫിലൂടെ മുന്നേറുമെന്ന് സ്‌കാൻഡിനേവിയക്കാർക്ക് ഇപ്പോഴും നേരിയ പ്രതീക്ഷയുണ്ടായിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം റൊമാനിയയോട് ഇസ്രായേൽ 2-1 ന് തോറ്റതോടെ ആ പ്രതീക്ഷകൾ തകർന്നു.യൂറോ 2024 ലേക്കുള്ള നോർവെയുടെ എല്ലാ വാതിലുകളും അടഞ്ഞിരിക്കുകയാണ്.2000ലാണ് നോർവേ അവസാനമായി യൂറോയിൽ പ്രത്യക്ഷപ്പെട്ടത്.

റൊമാനിയൻ ഇതിഹാസം ഗിയോർഗെയുടെ മകനായ ഇയാനിസ് ഹാഗിയുടെ ഗോളാണ് റൊമാനിയ്ക്ക് ജയം നേടിക്കൊടുത്തത്.യൂറോ കപ്പിലേക്ക് യോഗ്യതക്കായി സാധ്യമായ പാത തുറന്നിടാൻ നോർവേക്ക് ഇസ്രായേൽ ജയം നേടുന്നത് ആവശ്യമായിരുന്നു. എന്നാൽ റൊമാനിയയുടെ വിജയം അവരെ ഗ്രൂപ്പ് I-ൽ ഒന്നാമതെത്തിക്കുകയും യോഗ്യത ഉറപ്പാക്കികൊടുക്കുകയും ചെയ്തു.കൊസോവോയെ 1-1ന് സമനിലയിൽ തളച്ച സ്വിറ്റ്‌സർലൻഡും യൂറോയിൽ സ്ഥാനം ഉറപ്പിച്ചു.

തന്റെ ദേശീയ ടീമിനൊപ്പം പ്രധാന ട്രോഫികൾ നേടാൻ ശ്രമിക്കുന്ന എർലിംഗ് ഹാലൻഡിന്റെ അഭിലാഷങ്ങൾക്ക് ഇത് ഒരു മോശം വാർത്തയാണ് എന്നതിൽ സംശയമില്ല. ഖത്തർ വേൾഡ് കപ്പിലും ഹാലണ്ടിന് നോർവേക്ക് യോഗ്യത നേടിക്കൊടുക്കാൻ സാധിച്ചിരുന്നില്ല.എർലിംഗ് ഹാലൻഡിന്റെ ബാലൺ ഡി ഓർ മോഹങ്ങൾക്ക് നോർവേ വലയ ടൂര്ണമെന്റുകൾക്ക് യോഗ്യത നേടാൻ സാധിക്കാത്തത് വലിയ തിരിച്ചടിയാവും എന്നുറപ്പാണ്.

ഫറോ ഐലൻഡിനെതിരായ മത്സരത്തിൽ പരിക്കേറ്റ എർലിംഗ് ഹാലൻഡ് ഇന്ന് സ്കോട്ട്ലൻഡിനെതിരായ നോർവേയുടെ യൂറോ 2024 യോഗ്യതാ മത്സരം നഷ്ടമാവും. മത്സരത്തിൽ കളിക്കുക എന്ന ലക്ഷ്യത്തോടെ ഹാലാൻഡ് സ്‌കോട്ട്‌ലൻഡിലേക്ക് പോകുമെന്ന് നോർവീജിയൻ എഫ്‌എയുടെ മെഡിക്കൽ വിഭാഗം അറിയിച്ചിരുന്നു. എന്നിരുന്നാലും, നോർവീജിയൻ ഫുട്ബോൾ അസോസിയേഷന്റെ ടീം ഡോക്ടർ ഒല സാൻഡ്, ഹാലാൻഡ് മത്സരത്തിൽ പങ്കെടുക്കില്ലെന്ന് സ്ഥിരീകരിച്ചു.അന്താരാഷ്ട്ര ഇടവേളയ്ക്ക് ശേഷം പ്രീമിയർ ലീഗ് പുനരാരംഭിക്കുമ്പോൾ മാഞ്ചസ്റ്റർ സിറ്റി നവംബർ 25 ശനിയാഴ്ച ലിവർപൂളിനെ നേരിടും.