ഐഎസ്എൽ പ്ലേഓഫിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ ഒഡീഷ എഫ്‌സി | Kerala Blasters

ഐഎസ്എൽ 2023-24 ലെ അവസാന ലീഗ് മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്‌സ് ഹൈദരാബാദ് എഫ്‌സിയെ 3-1 ന് പരാജയപ്പെടുത്തി. പ്ലെ ഓഫിൽ ഒഡിഷയാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ എതിരാളികളായി എത്തുന്നത്.24 മത്സരങ്ങളിൽ നിന്ന് 33 പോയിൻ്റുമായി ബ്ലാസ്റ്റേഴ്‌സ് അഞ്ചാം സ്ഥാനത്താണ്. കളി കയ്യിലിരിക്കുന്ന ഒഡീഷ 39 പോയിൻ്റുമായി നാലാം സ്ഥാനത്താണ്. ഭുവനേശ്വറിലെ കലിംഗ സ്റ്റേഡിയത്തിലാണ് പ്ലേ ഓഫ് മത്സരം .

സിംഗിൾ ലീഗ് നോക്കൗട്ട് ടൈയിലെ വിജയികൾ ഇരട്ട പാദങ്ങളുള്ള സെമിഫൈനലിലേക്ക് യോഗ്യത നേടും. കഴിഞ്ഞ അഞ്ച് മത്സരങ്ങളിൽ ഒന്നിലും ബ്ലാസ്റ്റേഴ്‌സ് വിജയം രുചിച്ചിരുന്നില്ല. സീസണിൻ്റെ ആദ്യ പകുതിയിൽ മികച്ച പ്രകടനം പുറത്തെടുത്ത ബ്ലാസ്റ്റേഴ്സിന് രണ്ടാം ഘട്ടത്തിൽ തിരിച്ചടിയായത് പരിക്കുകളാണ്. ഇന്നലെ ഹൈദെരാബാദിനെതിരെയുള്ള വിജയം മാറ്റി നിർത്തിയാൽ അവസാന അഞ്ചു മത്സരങ്ങളിൽ ഒരു തവണ സമനില നേടുകയും നാല് മത്സരങ്ങൾ പരാജയപ്പെടുകയും ചെയ്തു. ലീഗിൽ ലഭിച്ച മികച്ച തുടക്കം ഇവാൻ വുകോമാനോവിച്ച് പരിശീലിപ്പിച്ച ടീം പ്ലേഓഫിലേക്ക് യോഗ്യത നേടുന്ന അഞ്ചാമത്തെ ടീമായി മാറുമെന്ന് ഉറപ്പാക്കി.

ഉറുഗ്വേൻ പ്ലെ മേക്കർ അഡ്രിയാൻ ലൂണയുടെ പരിക്കാണ് ബ്ലാസ്റ്റേഴ്സിന് ഏറ്റവും വലിയ തിരിച്ചടിയായി മാറിയത്. ലൂണയുടെ അഭാവത്തിൽ മത്സരങ്ങൾ ജയിക്കാൻ ബ്ലാസ്റ്റേഴ്‌സ് പാടുപെടുന്ന കാഴ്ചയാണ് കാണാൻ സാധിച്ചത്. എന്നാൽ ഗ്രീക്ക് സ്‌ട്രൈക്കർ ദിമി അവസരത്തിനൊത്ത് ഉയർന്നത് ഒരു പരിധി വരെ ബ്ലാസ്റ്റേഴ്സിന് ആശ്വാസമായി. പരിക്കിൽ നിന്നും മുക്തനായ ലൂണ പ്ലെ ഓഫിൽ കളിക്കുമെന്ന് പരിശീലകൻ ഇവാൻ വ്യക്തമാക്കിയിരുന്നു, എന്നാൽ പരിക്കേറ്റ ദിമി കളിക്കുന്ന കാര്യം സംശയത്തിലാണ്.

ഇന്നലെ അവസാന ലീ​ഗ് മത്സരത്തിൽ ഹൈദരാബാദിനെതിരായ ഒന്നിനെതിരെ മൂന്ന് ​ഗോളുകൾക്കാണ് ബ്ലാസ്റ്റേഴ്സിന്റെ വിജയം.34ാം മിനിറ്റിൽ ബ്ലാസ്റ്റേഴ്സ് ആദ്യ ​ഗോൾ നേടി. മധ്യനിരയിൽ നിന്നും മുന്നേറ്റ താരമായെത്തിയ മുഹമ്മദ് അയ്മനാണ് ആദ്യം വല ചലിപ്പിച്ചത്. 51ാം മിനിറ്റിൽ ഡായ്സൂക്ക് സകായ് ലീഡ് ഉയർത്തി. 81ാം മിനിറ്റിൽ നിഹാൽ സുധീഷിന്റെ ​ഗോൾ കൂടെ ആയതോടെ ബ്ലാസ്റ്റേഴ്സ് വിജയം ഉറപ്പിച്ചു. എന്നാൽ ക്ലീൻ ഷീറ്റ് ബ്ലാസ്റ്റേഴ്സിന് നിഷേധിക്കപ്പെട്ടു. 88ാം മിനിറ്റിൽ ജാവോ വിക്ടർ ഹൈദരാബാദിനായി ആശ്വാസ ​ഗോൾ നേടി.

3.3/5 - (3 votes)