❝ ഡാനി ആൽവെസും ,പെഡ്രിയും മാറ്റുരക്കുന്ന ഒളിമ്പിക്സ് ഫുട്ബോളിനെ കുറിച്ച് അറിയേണ്ടതെല്ലാം ❞

എല്ലാ കായിക മാമാങ്കങ്ങൾ പോലെ തന്നെ മഹാമാരി മൂലം ഒരു വർഷം വൈകിയാണ് ടോക്കിയോ ഒളിമ്പിക്സും നടക്കുന്നത്. ജൂലൈ 23 നാണു ഒളിമ്പിക്സ് മത്സരങ്ങൾക്ക് ആരംഭം കുറിക്കുന്നത്. ലോകമെമ്പാടുമുള്ള ഫുട്ബോൾ ആരാധകർക്ക് ഒരു അന്താരാഷ്ട്ര ടൂർണമെന്റ് കാണുന്ന സന്തോഷത്തോടെയാണ് ഒളിമ്പിക്സിനെ വരവേൽക്കുന്നത്. ടൂർണമെന്റിന്റെ ഗ്രൂപ്പ് ഘട്ടങ്ങൾ ജൂലൈ 22 ന് ഉദ്ഘാടന ചടങ്ങിന് ഒരു ദിവസം മുമ്പ് ആരംഭിക്കും. നിർദ്ദിഷ്ട ടൈംടേബിൾ അനുസരിച്ച് അവസാന ഗ്രൂപ്പ് ഘട്ടം ജൂലൈ 28 ന് അവസാനിക്കും. ക്വാർട്ടർ ഫൈനലുകൾ 31 നും സെമി ഓഗസ്റ്റ് 3 നും നടക്കും. വെങ്കല മെഡൽ മത്സരം ആറിനും ഫൈനൽ ആഗസ്റ്റ് 7 നും നടക്കും. ടോക്കിയോയിലെ വിവിധ വേദികളായ സപ്പോരോ, റിഫു, കാശിമ, സൈതാമ, യോകോഹാമ എന്നിവടങ്ങളിലാണ് മത്സരം നടക്കുന്നത്.സ്വർണ്ണ മെഡൽ മത്സരം യോകോഹാമയിൽ നടക്കും.

പുരുഷന്മാരുടെ വിഭാഗത്തിൽ മൊത്തം 16 രാജ്യങ്ങൾ പങ്കെടുക്കുന്നു. ആതിഥേയ രാഷ്ട്രമായ ജപ്പാനെയും യോഗ്യത നേടിയ മറ്റ് പതിനഞ്ച് രാജ്യങ്ങളെയും 4 ടീമുകൾ വീതമുള്ള 4 ഗ്രൂപ്പുകളായി തിരിക്കും. ഓരോ ഗ്രൂപ്പിലും, ഓരോ ടീമും ഒരുതവണ പരസ്പരം കളിക്കും, ഓരോ ഗ്രൂപ്പിൽ നിന്നുമുള്ള മികച്ച രണ്ട് ടീമുകൾ ക്വാർട്ടർ ഫൈനലിൽ സ്ഥാനം നേടും.ഫിഫയുടെ ഷെഡ്യൂളിന് കീഴിലുള്ള പ്രധാന അന്താരാഷ്ട്ര ഫുട്ബോൾ ടൂർണമെന്റുകളിൽ നിന്ന് വ്യത്യസ്തമായി, ടോക്കിയോ ഒളിമ്പിക്സിന് കളിക്കാരുടെ പങ്കാളിത്തത്തിന് വിവിധ നിയന്ത്രണങ്ങളുണ്ട്. ഒളിമ്പിക്സിലെ നിയമങ്ങൾ മൂലം 23 വയസ്സിന് താഴെയുള്ള ടൂർണമെന്റാക്കി മാറ്റി.എന്നിരുന്നാലും, ഈ വർഷത്തെ ഒളിമ്പിക്സിന് ഒരു വർഷം വൈകിയതിനാൽ ഒരു ഇളവ് ലഭിക്കും. അതിനാൽ, ഈ വർഷത്തെ ടോക്കിയോയിൽ നടക്കുന്ന ഒളിമ്പിക്സ് 24 വയസോ അതിൽ താഴെയോ ഉള്ള കളിക്കാരെ പട്ടികയിൽ ഉൾപ്പെടുത്താൻ അനുവദിക്കും. എന്നാൽ അതിൽ തന്നെ പരിചയസമ്പന്നരായ മൂന്ന് കളിക്കാരെ ടീമിൽ ഉൾപ്പെടുത്താൻ അനുവാദവുമുണ്ട്. 1996 മുതലാണ് ഈ നിയമം നിലവിൽ വന്നത്.

വേൾഡ് കപ്പ് ജേതാക്കളായ ഫ്രാൻസാണ് സ്വർണം നേടാൻ ഏറ്റവും സാധ്യതയുള്ള ടീം.പല ക്ലബ്ബുകളും തങ്ങളുടെ കളിക്കാരെ മത്സരിക്കാൻ അനുവദിക്കാത്തതിനാൽ ടീം സെലക്ഷനിൽ അവർക്ക് തിരിച്ചടികളുണ്ടെങ്കിലും മികച്ച ടീമിനെ തന്നെയാണ് ഫ്രാൻസ് അയച്ചിരിക്കുന്നത്. നഥനയേൽ എംബുകു, ഫ്ലോറിയൻ തൗവിൻ തുടങ്ങിയ സൂപ്പർ താരങ്ങൾ അവർക്കൊപ്പമുണ്ട്. യൂറോപ്യൻ ചാമ്പ്യൻഷിപ്പിൽ സെമി ഫൈനലിലെത്തിയ ആറ് കളിക്കാരെ ഉൾപ്പെടുത്തിയാണ് സ്പെയിൻ എത്തുന്നത്.യുനായ് സൈമൺ, എറിക് ഗാർസിയ, പോ ടോറസ്, മൈക്കൽ ഒയാർസബാൽ, ഡാനി ഓൾമോ, പെഡ്രി എന്നിവരാണ് പ്രമുഖർ. കഴിഞ്ഞ തവണ സ്വർണം നേടിയ ബ്രസീലും മികച്ച ടീമുമായാണ് എത്തുന്നത്. കോപ അമേരിക്ക താരങ്ങളായ റിച്ചാർലിസൺ, ഡഗ്ലസ് ലൂയിസ് എന്നിവരോടൊപ്പം സൂപ്പർ സ്റ്റാർ ഡാനി ആൽ‌വസ്, യുവ പ്രോഡിജി ഗബ്രിയേൽ മാർട്ടിനെല്ലി ,മാത്യൂസ് കുൻഹ, റെയ്‌നിയർ തുടങ്ങിയവരും അണിനിരക്കും.

“ജാപ്പനീസ് മെസ്സി” എന്ന് വിളിക്കപ്പെടുന്ന 20 കാരൻ താരം ടേക്ക്ഫ്യൂസോ കുബോ ശ്രദ്ദിക്കേണ്ട താരമാണ്. ബാഴ്സയുടെ യൂത്ത് പ്രൊഡക്ടിന്റെ ആദ്യ പ്രധാന ടൂർണമെന്റാണ്. 18 വയസ്സുള്ളപ്പോൾ തന്നെ യൂറോപ്പിലെ മികച്ച മിഡ്ഫീൽഡറായി മാറിയ ബാഴ്സ താരം പെഡ്രി ഒളിമ്പിക്സിൽ ശ്രദ്ധ കേന്ദ്രമാവുന്ന മറ്റൊരു താരമാണ്. ലോക ഫുട്ബോളിലെ ഏറ്റവും മികച്ച റൈറ്റ് ബൈക്കുകളിൽ ഒരാളായ ബ്രസീലിയൻ താരം ഡാനി ആൽവേസ് ഒളിമ്പിക്സിന്റെ ശ്രദ്ധ കേന്ദ്രം തന്നെയാണ്. പരിക്ക് മൂലം കോപ്പി അമേരിക്ക നഷ്ടമായ താരത്തിന്റെ അവസാന ചാംപ്യൻഷിപ്പാണിത്. ഫുട്ബോൾ ചരിത്രത്തിൽ ഏറ്റവും അതികം ട്രോഫികൾ നേടിയ താരങ്ങളിൽ ഒരാളായ ആൽവ്സിന്റെ ശേഖരത്തിൽ ഒരു ഒളിമ്പിക് മെഡലിന്റെ കുറവ് കൂടിയുണ്ട്.

Rate this post