അവരുടെ അവസ്ഥയിൽ സന്തോഷം മാത്രം; ചെൽസിയെ ട്രോളി ക്ളോപ്പ്

പ്രീമിയർ ലീഗിലെ കരുത്തരായ ടീമാണ് ചെൽസി. എന്നാൽ ഈ സീസൺ ചെൽസിയെ സംബന്ധിച്ച് മറക്കാൻ ആഗ്രഹിക്കുന്ന ഒരു സീസണാണ്. 32 മത്സരങ്ങൾ പൂർത്തിയാക്കി കേവലം 35 പോയിന്റുമായി 12ആം സ്ഥാനത്താണ് ചെൽസി. സമീപകാലത്തായി ചെൽസിയുടെ ഏറ്റവും മോശം ഫോമിലൂടെയാണ് അവർ കടന്നു പോകുന്നത്. എന്നാൽ ചെൽസിയുടെ ഈ അവസ്ഥയിൽ അൽപം സന്തോഷമുണ്ടെന്നാണ് ലിവർപൂൾ പരിശീലകൻ യുർഗൻ ക്ളോപ്പിന്റെ അഭിപ്രായം. സ്കൈ സ്പോർട്സിന് നൽകിയ അഭിമുഖത്തിലാണ് ക്ളോപ്പിന്റെ പ്രസ്താവന.

ഇത്തവണ പ്രീമിയർ ലീഗിൽ ഏറ്റവും കൂടുതൽ പണം ചെലവഴിച്ച ടീമുകളിലൊന്നാണ് ചെൽസി. 600 മില്യണിൽ അധികമാണ് ചെൽസി ഈ സീസണിൽ ചെലവഴിച്ചത്. അർജന്റീനിയൻ താരം എൻസോ ഫെർണാണ്ടസ്, ഉക്രൈനിയൻ വിന്നർ മുദ്രാക് എന്നിവർക്കാണ് ചെൽസി ഈ സീസണിൽ ഏറ്റവും കൂടുതൽ തുക ചെലവഴിച്ചത്. ജനുവരി ട്രാൻസ്ഫർ വിൻഡോയിൽ മാത്രം 8 പുതിയ താരങ്ങളെയാണ് ചെൽസി ടീമിലെത്തിച്ചത്. ഇത്തരത്തിൽ ഒരുപാട് താരങ്ങളെ ടീമിലെത്തിച്ചതാണ് ചെൽസിയുടെ ഈ സീസണിലെ പരാജയത്തിന് കാരണമെന്നാണ് ക്ലോപ്പിന്റെ അഭിപ്രായം.

ഒരുപാട് താരങ്ങളെ ടീമിൽ എത്തിച്ച് സ്‌ക്വാഡ് വലുതാക്കുന്നതിലൂടെ പരിശീലകർക്ക് അവരെ ഉപയോഗിക്കാൻ കൂടുതൽ സമയം ആവശ്യമായി വരുന്നു. ഈ സീസണിൽ ചെൽസിയിലെത്തിയ പരിശീലകർക്കൊന്നും ഈ സമയം കിട്ടിയില്ലെന്നും ക്ലോപ്പ് പറയുന്നു. കൂടാതെ ഒരുപാട് താരങ്ങളെ വാങ്ങി സ്‌ക്വാഡ് വലുതാക്കുമ്പോൾ ടീമിന്റെ കെട്ടുറപ്പിനെ അത് ബാധിക്കുമെന്നും ക്ലോപ്പ്‌ ചൂണ്ടിക്കാട്ടുന്നു.

അടുത്ത സമ്മർ ട്രാൻസ്ഫറിൽ ലിവർപൂൾ സ്ക്വാഡിനെ ശക്തിപ്പെടുത്താനുള്ള നീക്കത്തിലാണ്. എന്നാൽ ഒരുപാട് താരങ്ങളെ വാങ്ങി ഞങ്ങൾ സ്‌ക്വാഡിനെ വലുതാക്കില്ല.അക്കാര്യത്തിൽ ചെൽസിയെ ഞങ്ങൾ മാതൃകയാക്കുന്നുവെന്നും ക്ലോപ്പ്‌ പറഞ്ഞു. ചെൽസിയുടെ ഈ അവസ്ഥ ഞങ്ങൾക്ക് പാഠമാണ്, അതിനാൽ ചെൽസിയുടെ സീസണിലെ മോശം പ്രകടനത്തിൽ ഞാൻ അല്പം സന്തോഷവാനാണ് എന്നുമാണ് ക്ലോപ്പിന്റെ അഭിപ്രായം.

1/5 - (2 votes)