റയൽ മാഡ്രിഡിന്റെ കുന്തമുനയായി വിനീഷ്യസ്, തുടർച്ചയായ രണ്ടാം സീസണിലും ഒരേ നേട്ടം

കാർലോ ആൻസലോട്ടി പരിശീലകനായതിനു ശേഷം വിനീഷ്യസ് ജൂനിയറിന്റെ മികവ് ഒന്നുകൂടി ഉയർന്നുവെന്നതിൽ യാതൊരു സംശയവുമില്ല. കഴിഞ്ഞ സീസണിൽ ലീഗും ചാമ്പ്യൻസ് ലീഗും സ്വന്തമാക്കിയ റയൽ മാഡ്രിഡ് ടീമിനായി നാല്പത്തിരണ്ടു ഗോളുകളിൽ പങ്കാളിയാവാൻ താരത്തിന് കഴിഞ്ഞിരുന്നു. ഈ സീസണിൽ അതിനേക്കാൾ മികച്ച പ്രകടനമാണ് താരം നടത്തുന്നതെന്നത് കണക്കുകൾ പറയുന്നു.

ഇന്നലെ അൽമേരിയയും റയൽ മാഡ്രിഡും തമ്മിൽ നടന്ന മത്സരത്തിൽ റയൽ മാഡ്രിഡ് രണ്ടിനെതിരെ നാല് ഗോളുകൾക്ക് വിജയം നേടിയപ്പോൾ അതിൽ ഒരു ഗോളിന് വഴിയൊരുക്കിയത് വിനീഷ്യസ് ആയിരുന്നു. മത്സരത്തിൽ ഹാട്രിക്ക് നേടിയ കരിം ബെൻസിമയുടെ ആദ്യത്തെ ഗോളിനാണ് വിനീഷ്യസ് വഴിയൊരുക്കിയത്. ബെൻസിമക്ക് പുറമെ റോഡ്രിഗോയാണ് മത്സരത്തിൽ റയൽ മാഡ്രിഡിനായി ഗോൾ സ്വന്തമാക്കിയത്.

മത്സരത്തിൽ അസിസ്റ്റ് നേടിയതോടെ കഴിഞ്ഞ സീസണിലെ ഗോൾ പങ്കാളിത്തത്തിന്റെ കാര്യത്തിൽ കഴിഞ്ഞ സീസണിലെ അതെ നേട്ടം ആവർത്തിക്കാൻ വിനീഷ്യസിന് കഴിഞ്ഞു. കഴിഞ്ഞ സീസണിൽ 22 ഗോളുകളും 20 അസിസ്റ്റുകളും സ്വന്തമാക്കിയ വിനീഷ്യസ് ഈ സീസണിലും 22 ഗോളും 20 അസിസ്റ്റും സ്വന്തമാക്കി. ഇനിയും മത്സരങ്ങൾ ബാക്കിയുള്ളതിനാൽ നേട്ടം കൂടുതൽ മികച്ചതാക്കാൻ താരത്തിന് കഴിയും.

വെറും ഇരുപത്തിരണ്ടു വയസ് മാത്രം പ്രായമുള്ളപ്പോഴാണ് ഇത്രയും ഗോളുകളിൽ റയൽ മാഡ്രിഡിന് വേണ്ടി പങ്കാളിയാവാൻ വിനീഷ്യസിന് കഴിഞ്ഞത്. ഓരോ സീസൺ കഴിയുമ്പോഴും തന്റെ പ്രകടനമികവ് മെച്ചപ്പെടുത്താൻ കഴിയുന്ന താരം കൂടുതൽ പരിചയസമ്പന്നനായ മാറിയാൽ ഫുട്ബോൾ ലോകം തന്നെ കീഴടക്കുമെന്ന് ഈ കണക്കുകൾ വ്യക്തമാക്കുന്നു.

അതേസമയം ഈ സീസണിൽ ലീഗ് നേടാൻ റയൽ മാഡ്രിഡിന് സാധ്യതയില്ല. എന്നാൽ ചാമ്പ്യൻസ് ലീഗ്, കോപ്പ ഡെൽ റേ എന്നിവയിൽ അവർക്ക് കിരീടം നേടാൻ കഴിയുമെന്ന ഉറച്ച പ്രതീക്ഷയുണ്ട്. അതിനു സഹായിക്കാൻ വിനീഷ്യസിന് കഴിയുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.

3.4/5 - (5 votes)