റൊണാൾഡോയെ സ്വന്തമാക്കാൻ താൽപര്യമുള്ളത് ചാമ്പ്യൻസ് ലീഗ് യോഗ്യതയുള്ള ഒരു ക്ലബിനു മാത്രം

കഴിഞ്ഞ സീസണിൽ പ്രീമിയർ ലീഗിൽ ആറാം സ്ഥാനത്തു ഫിനിഷ് ചെയ്‌ത മാഞ്ചസ്റ്റർ യുണൈറ്റഡിന് ചാമ്പ്യൻസ് ലീഗ് യോഗ്യത ഇല്ലാത്തതിനാൽ തന്നെ സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോ സമ്മർ ട്രാൻസ്‌ഫർ ജാലകത്തിന്റെ തുടക്കം മുതൽ തന്നെ ക്ലബ് വിടാനുള്ള സാധ്യതകൾ തേടിക്കൊണ്ടിരിക്കുകയാണ്. നിരവധി ക്ലബുകളെയും താരത്തെയും കൂട്ടിച്ചേർത്ത് അഭ്യൂഹങ്ങൾ ഉണ്ടായിരുന്നെങ്കിലും പ്രായമേറിയതും ഉയർന്ന വേതനവും ടീമിന്റെ പദ്ധതികളോട് ഇണങ്ങിച്ചേരുമോയുന്ന ആശങ്കയും കൊണ്ട് ചാമ്പ്യൻസ് ലീഗ് യോഗ്യതയുള്ള ക്ലബുകളെല്ലാം റൊണാൾഡോയെ സ്വന്തമാക്കാനുള്ള അവസരം നിഷേധിക്കുകയായിരുന്നു.

വിവിധ റിപ്പോർട്ടുകൾ പ്രകാരം ബയേൺ മ്യൂണിക്ക്, ചെൽസി, അത്ലറ്റികോ മാഡ്രിഡ്, എസി മിലാൻ, ഇന്റർ മിലാൻ, ബാഴ്‌സലോണ, റയൽ മാഡ്രിഡ് എന്നീ ക്ലബുകൾക്കു പുറമെ ജർമൻ ക്ലബായ ബൊറൂസിയ ഡോർട്മുണ്ടും ഫ്രഞ്ച് ക്ലബായ മാഴ്‌സയും റൊണാൾഡോയെ ടീമിലെത്തിക്കാനുള്ള അവസരം തഴഞ്ഞവരിൽ ഉൾപ്പെടുന്നു. എന്നാൽ ചാമ്പ്യൻസ് ലീഗിൽ കളിക്കണമെന്ന തീവ്രമായ ആഗ്രഹം മൂലം മാഞ്ചസ്റ്റർ യുണൈറ്റഡ് വിടാനുള്ള ശ്രമം ഇപ്പോഴും തുടരുന്ന റൊണാൾഡോയുടെ ഏജന്റ് നിരവധി ക്ലബുകളുടെ വാതിലുകളിൽ ഇപ്പോഴും മുട്ടിക്കൊണ്ടേയിരിക്കുകയാണ്.

നിരവധി ക്ലബുകൾ തഴഞ്ഞ റൊണാൾഡോയെ സ്വന്തമാക്കാൻ ചാമ്പ്യൻസ് ലീഗ് യോഗ്യതയുള്ള ഒരേയൊരു ക്ലബ് മാത്രമേ ഇപ്പോൾ പരിഗണിക്കുന്നുള്ളൂവെന്നാണ് ഇംഗ്ലീഷ് മാധ്യമമായ ദി ഇന്ഡിപെന്ഡന്റെ റിപ്പോർട്ട് ചെയ്യുന്നത്. റിപ്പോർട്ടുകൾ പ്രകാരം റൊണാൾഡോയുടെ മുൻ ക്ലബായ സ്പോർട്ടിങ് ലിസ്ബനാണ് താരത്തെ ടീമിലെത്തിക്കാൻ ആഗ്രഹിക്കുന്നത്. എന്നാൽ പോർച്ചുഗീസ് ലീഗിലേക്ക് ഇപ്പോൾ ചേക്കേറുന്നത് കരിയറിൽ ഒരു ചുവട് പിന്നോട്ട് പോക്കാണെന്ന് കരുതുന്നതു കൊണ്ട് റൊണാൾഡോ സ്പോർട്ടിങ് ലിസ്ബണിന്റെ താൽപര്യം പരിഗണിച്ചില്ല.

ഈ സീസണിൽ മാഞ്ചസ്റ്റർ യുണൈറ്റഡിൽ അവസരങ്ങൾ കുറയാനുള്ള സാധ്യത ഉണ്ടെന്നതും ക്ലബ് വിടാൻ റൊണാൾഡോയെ പ്രേരിപ്പിക്കുന്ന ഘടകമാണ്. സീസണിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് മൂന്നു മത്സരങ്ങൾ പൂർത്തിയാക്കിയപ്പോൾ അതിൽ റൊണാൾഡോ ആദ്യ ഇലവനിൽ ഉണ്ടായിരുന്നത് ഒരു മത്സരത്തിൽ മാത്രമാണ്. തന്റെ പദ്ധതികളിൽ റൊണാൾഡോക്ക് ഇടമുണ്ടെന്ന് ടെൻ ഹാഗ് പറയുന്നുണ്ടെങ്കിലും പോർച്ചുഗീസ് താരത്തിന്റെ അവസരങ്ങൾ പരിമിതമായിരിക്കുമെന്ന് ഇതു വ്യക്തമാക്കുന്നു.

Rate this post