ലിയോ മെസ്സി ഉണ്ടായിട്ടുപോലും എന്തുകൊണ്ട് പിഎസ്ജി വിട്ടു എന്ന് വ്യക്തമാക്കി പരേഡസ്

അർജന്റീനയിലെ സഹതാരങ്ങളായി ലയണൽ മെസ്സിയും ലിയാൻഡ്രോ പരേഡസും ക്ലബ്ബ് തലത്തിലും ഒന്നിച്ചിരുന്നു. കഴിഞ്ഞ സീസണിൽ മെസ്സി ബാർസ വിട്ടുകൊണ്ട് പിഎസ്ജിയിൽ എത്തിയതോടെ കൂടിയാണ് മെസ്സിയും പരേഡസും ക്ലബ്ബിലും സഹതാരങ്ങളായത്.

എന്നാൽ ഈ സീസണോട് കൂടി ഇരുവരും വഴി പിരിയുകയും ചെയ്തു. എന്തെന്നാൽ ലിയാൻഡ്രോ പരേഡസ് പിഎസ്ജി വിടുകയായിരുന്നു. ലോൺ അടിസ്ഥാനത്തിൽ ഇപ്പോൾ ഇറ്റാലിയൻ ക്ലബ്ബായ യുവന്റസിന് വേണ്ടിയാണ് പരേഡസ് കളിക്കുന്നത്.ഈയിടെ അദ്ദേഹം ESPN എന്ന മാധ്യമത്തിന് ഇന്റർവ്യൂ നൽകുകയും ചെയ്തിരുന്നു.

ലയണൽ മെസ്സി സഹതാരമായി ഉണ്ടായിട്ടുപോലും എന്തുകൊണ്ടാണ് പിഎസ്ജി വിട്ടത് എന്നുള്ളതിന്റെ കാരണം ഇപ്പോൾ പരേഡസ് ഈ ഇന്റർവ്യൂവിൽ പറഞ്ഞിട്ടുണ്ട്. കൂടുതൽ കളിക്കാനുള്ള അവസരങ്ങൾക്കും സമയത്തിനുമാണ് താൻ പിഎസ്ജി വിട്ടത് എന്നാണ് ഈ അർജന്റീനക്കാരനായ താരം വ്യക്തമാക്കിയിട്ടുള്ളത്.

‘ എന്നെ പിഎസ്ജിയിൽ പിടിച്ച് നിർത്തിയിരുന്ന ഒരു കാര്യം ലിയോ മെസ്സി അവിടെയുണ്ട് എന്നുള്ളതായിരുന്നു.അദ്ദേഹത്തെ കാണുകയും ആസ്വദിക്കുകയും ചെയ്യുന്നത് വളരെ മികച്ച ഒരു കാര്യമാണ്.പക്ഷേ പിഎസ്ജിയിൽ കളിക്കാനുള്ള അവസരങ്ങൾ ഇനി കുറവായിരിക്കും എന്ന് ഞാൻ മനസ്സിലാക്കി. അതുകൊണ്ടുതന്നെ ഇതു രണ്ടിനെയും ഞാൻ താരതമ്യം ചെയ്തു. തുടർന്ന് ഞാൻ കൂടുതൽ കളിക്കാനുള്ള അവസരങ്ങൾക്കും സമയത്തിനും വേണ്ടി യുവന്റസിലെക്ക് പോവാൻ തീരുമാനിച്ചു ‘ പരേഡസ് പറഞ്ഞു.

അർജന്റീനയുടെ ദേശീയ ടീമിന്റെ വളരെ പ്രധാനപ്പെട്ട താരമാണ് മിഡ്‌ഫീൽഡറായ ലിയാൻഡ്രോ പരേഡസ്. അതുകൊണ്ടുതന്നെ അദ്ദേഹത്തിന് കൂടുതൽ കളി സമയം ലഭിക്കേണ്ടത് അർജന്റീനയുടെ കൂടി ആവശ്യമാണ്. കാരണം ഖത്തർ വേൾഡ് കപ്പിൽ അർജന്റീന ക്ക് ആശ്രയിക്കാനുള്ള പ്രധാനപ്പെട്ട താരമാണ് പരേഡസ്.

Rate this post