പാരീസിൽ ചരിത്രത്തിന്റെ തനിയാവർത്തനം, പിഎസ്‌ജിയെ തകർത്ത് വീണ്ടും ചുവന്ന ചെകുത്താന്മാർ
പാരീസിൽ വെച്ചു നടന്ന ചാമ്പ്യൻസ്‌ലീഗ് ഗ്രൂപ്പ് മത്സരത്തിൽ പിഎസ്‌ജിയെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് തകർത്തു വിട്ടിരിക്കുകയാണ് പ്രീമിയർ ലീഗിന്റെ ചുവന്ന ചെകുത്താന്മാർ. യുണൈറ്റഡിനായി ക്യാപ്റ്റൻ ബ്രൂണോ ഫെർണാണ്ടസും മാർക്കസ് റാഷ്‌ഫോർഡും ഗോളുകൾ നേടിയപ്പോൾ മാർഷ്യലിന്റെ പിഴവിൽ നിന്നും പിറന്ന ഓൺ ഗോളായിരുന്നു പിഎസ്‌ജിയുടെ ഏക ഗോൾ.
നെയ്മറിന്റെയും എംബാപ്പെയുടെയും അക്രമണങ്ങൾക്ക് തടയിടാൻ യുണൈറ്റഡ് പ്രതിരോധത്തിന് സാധിച്ചതാണ് യുണൈറ്റഡിന്റെ വിജയത്തിനു കൂടുതൽ മുതൽക്കൂട്ടായത്. 23-ാം മിനുട്ടിൽ ആന്തണി മാർഷ്യലിനെ പെനാൽറ്റി ബോക്സിൽ വീഴ്ത്തിയതിന് കിട്ടിയ പെനാൽറ്റിയിലൂടെയാണ് യുണൈറ്റഡ് മുന്നിലെത്തുന്നത്. ബ്രൂണോ ഫെർണാണ്ടസിന്റെ ആദ്യ ശ്രമം കെയ്‌ലർ നവാസ് സേവ് ചെയ്തെങ്കിലും ഗോൾവരയിൽ നിന്നും കിക്കെടുക്കും മുമ്പേ നവാസ് പുറത്തേക്ക് വന്നതിനാൽ വീണ്ടും എടുക്കാൻ റഫറി നിർദേശം നൽകുകയായിരുന്നു.
Another night to remember in Paris! ✨#MUFC #UCL
— Manchester United (@ManUtd) October 20, 2020
രണ്ടാമതെടുത്ത കിക്ക് ബ്രൂണോ തന്നെ വിജയകരമായി ലക്ഷ്യത്തിലെത്തിച്ചതോടെ യുണൈറ്റഡ് ലീഡ് നേടുകയായിരുന്നു. എന്നാൽ രണ്ടാം പകുതിയിൽ മികച്ച രീതിയിൽ തിരിച്ചു വന്ന പിഎസ്‌ജി നെയ്മറെടുത്ത കോർണറിൽ 55-ാം മിനുട്ടിൽ തന്നെ മാർഷ്യലിന്റെ പിഴവിലൂടെ സമനില ഗോൾ നേടുകയായിരുന്നു. നെയ്മറെടുത്ത കോർണർ പ്രതിരോധിക്കാനായി ഉയർന്നു ചാടിയ മാർഷ്യലിന്റെ തലയിൽ തട്ടി ഡി ഗെയയെ മറികടന്നു ഗോൾവല ചുംബിക്കുകയായിരുന്നു
സമനില ഗോൾ കണ്ടെത്തിയതോടെ പിഎസ്‌ജി മികച്ച കളി പുറത്തെടുക്കുകയായിരുന്നു. എന്നിരുന്നാലും ഡി മരിയയുടെയും നെയ്മറിന്റെയും എംബാപ്പയുടെയും ഗോൾശ്രമങ്ങൾക്ക് വിലങ്ങു തടിയായി നിന്നത് യുണൈറ്റഡ് ഗോൾകീപ്പർ ഡേവിഡ് ഡിഗെയയുടെ സേവുകളായിരുന്നു. യുവപ്രതിരോധതാരം ടുവാൻസീബേ എംബാപ്പയുടെ അക്രമണങ്ങളുടെ മുനയൊടിച്ചതും യൂണൈറ്റഡിനു ഗുണകരമായി. 87-ാം മിനുട്ടിൽ പോൾ പോഗ്ബയുടെ മികച്ച അസിസ്റ്റിൽ വലംകാൽ ഷോട്ടിലൂടെ റാഷ്‌ഫോർഡ് ന വല ചലിപ്പിച്ചതോടെ വിജയം യുണൈറ്റഡിനു സ്വന്തമാവുകയിരുന്നു.