“രണ്ടു പേരും തമ്മിൽ മികച്ച ഒത്തിണക്കമുണ്ട്”- അർജന്റീന താരത്തെ ഹാലൻഡിനൊപ്പം കളിപ്പിക്കുമെന്ന സൂചനകൾ നൽകി പെപ് ഗ്വാർഡിയോള
അർജന്റീനിയൻ ക്ലബായ റിവർപ്ലേറ്റിനു വേണ്ടി നടത്തിയ മികച്ച പ്രകടനമാണ് കഴിഞ്ഞ ജനുവരി ട്രാൻസ്‌ഫർ ജാലകത്തിൽ ജൂലിയൻ അൽവാരസിനെ മാഞ്ചസ്റ്റർ സിറ്റി സ്വന്തമാക്കാൻ കാരണമായത്. ട്രാൻസ്‌ഫർ ഉറപ്പിച്ചതിനു ശേഷവും റിവർപ്ലേറ്റിൽ തന്നെ തുടർന്ന ഇരുപത്തിരണ്ടു വയസുള്ള താരം ഈ സമ്മറിലാണ് മാഞ്ചസ്റ്റർ സിറ്റിയിൽ എത്തുന്നത്. എന്നാൽ സമ്മർ ട്രാൻസ്‌ഫർ ജാലകത്തിൽ ബൊറൂസിയ ഡോർട്മുണ്ടിൽ നിന്നും എർലിങ് ഹാലൻഡിനെ മാഞ്ചസ്റ്റർ സിറ്റി സ്വന്തമാക്കിയതോടെ ക്ലബിന്റെ ആദ്യ ഇലവനിൽ സ്ഥിരസാന്നിധ്യമാകാമെന്ന ജൂലിയൻ അൽവാരസിന്റെ മോഹം പൊലിഞ്ഞു.
മാഞ്ചസ്റ്റർ സിറ്റിയിലെ സ്‌ട്രൈക്കർ പൊസിഷനിൽ ഹാലൻഡിനു പിന്നിലാണെങ്കിലും അതിൽ യാതൊരു പ്രശ്‌നങ്ങളുമില്ലാതെ ടീമിനു വേണ്ടി കളത്തിലിറങ്ങുന്ന സമയത്തെല്ലാം മികച്ച പ്രകടനം നടത്താൻ ജൂലിയൻ അൽവാരസ് ശ്രമിക്കാറുണ്ട്. സീസണിലെ മിക്ക മത്സരങ്ങളിലും പകരക്കാരനായിരുന്നിട്ടും നാല് ഗോളുകൾ നേടാനും താരത്തിന് കഴിഞ്ഞിട്ടുണ്ട്. അതേസമയം ഹാലൻഡിനെയും ജൂലിയൻ അൽവാരസിനേയും ഒരുമിച്ചു കളിപ്പിക്കാനുള്ള പദ്ധതികൾ തനിക്കുണ്ടെന്ന സൂചനകൾ കഴിഞ്ഞ ദിവസം മാഞ്ചസ്റ്റർ സിറ്റി പരിശീലകൻ പെപ് ഗ്വാർഡിയോള നൽകി.
“ഇതു രണ്ടാമത്തെ തവണയാണ് അവസാന മിനിറ്റുകളിൽ ഹാലൻഡിനെയും ജൂലിയനെയും ഞാൻ ഒരുമിച്ചു കാണുന്നത്. അവരെ ഒരുമിച്ചു കാണുന്നത് സന്തോഷമാണ്, കൂടുതൽ ആക്രമണോത്സുകത കാണിക്കുന്നുണ്ട്. എല്ലാം അവരെ ആശ്രയിച്ചിരിക്കും, പ്രകടനം, അവർ തമ്മിലുള്ള ഒത്തിണക്കം, അവർ രണ്ടു പേരും പരസ്‌പരം ശ്രദ്ധിക്കുന്നു, നല്ല ഒത്തിണക്കവും കാഴ്‌ച വെക്കുന്നു. എർലിങ് ജൂലിയനും ജൂലിയൻ എർലിങിനും ഷോർട്ട് പാസുകൾ നൽകുന്ന സമയത്ത് അവർ സ്വാർത്ഥത ഇല്ലാതെയാണു കളിക്കുന്നത്. അവർ ഒറ്റക്കെട്ടായി കളിക്കുന്നു.” ഗ്വാർഡിയോള പറഞ്ഞു.
Pep Guardiola is excited about the prospect of playing Erling Haaland and Julián Álvarez together more often!
— 90min (@90min_Football) September 19, 2022
Premier League defenders must be absolutely terrified… 😬 pic.twitter.com/MtM7rc7ShM
ഇതുവരെ ഒരു മത്സരത്തിൽ മാത്രമാണ് എർലിങ് ഹാലൻഡും ജൂലിയൻ അൽവാരസും ഒരുമിച്ച് കളത്തിലിറങ്ങിയിരിക്കുന്നത്. നോട്ടിങ്ഹാം ഫോറസ്റ്റിനെതിരെ നടന്ന മത്സരത്തിൽ ഹാലൻഡ് മൂന്നു ഗോളുകൾ നേടിയപ്പോൾ ജൂലിയൻ അൽവാരസ് രണ്ടു ഗോളുകളും സ്വന്തമാക്കി. ബൊറൂസിയ ഡോർട്മുണ്ടിനെതിരെ നടന്ന ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ വെറും പത്തൊൻപതു മിനുട്ട് മാത്രം കളിച്ച അൽവാരസ് മികച്ചൊരു അവസരം ഹാലാൻഡിന് ഒരുക്കി നൽകിയെങ്കിലും അതു ഗോളിലേക്കെത്തിക്കാൻ നോർവീജിയൻ താരത്തിന് കഴിഞ്ഞില്ല.
വളരെ മികച്ച പ്രതിഭയുള്ള രണ്ടു താരങ്ങൾ ഒരേ പൊസിഷനിൽ കളിക്കാനുള്ളത് മാഞ്ചസ്റ്റർ സിറ്റി സ്‌ക്വാഡിന്റെ ആഴം വർധിപ്പിക്കുന്നു. ഹാലാൻഡിന് ഏതെങ്കിലും മത്സരം നഷ്ടപ്പെടുകയാണെങ്കിൽ തന്നെ അതിനു പകരക്കാരനാവാൻ കഴിയുന്ന മികച്ചൊരു താരം സിറ്റിക്കൊപ്പം ഇപ്പോഴുണ്ട്. ഗബ്രിയേൽ ജീസസ് ക്ലബ് വിട്ടതിന്റെ അഭാവവും അൽവാരസ് പരിഹരിച്ചു കഴിഞ്ഞു. സീസണിൽ കൂടുതൽ അവസരം അൽവാരസിനു ലഭിച്ചാൽ അത് അർജന്റീന ടീമിനും ഗുണം ചെയ്യും.