അന്ന് താനും സിദാനും സംസാരിച്ചതെന്ത്? വെളിപ്പെടുത്തലുമായി പെപ് ഗ്വാർഡിയോള.

യുവേഫ ചാമ്പ്യൻസ് ലീഗിന്റെ പ്രീ ക്വാർട്ടർ ഫൈനലിൽ റയൽ മാഡ്രിഡ് മാഞ്ചസ്റ്റർ സിറ്റിയോട് പരാജയം രുചിച്ചു കൊണ്ട് ചാമ്പ്യൻസ് ലീഗിൽ നിന്നും പുറത്തായിരുന്നു. എന്നാൽ മത്സരശേഷം ഇരുടീമിന്റെയും വിഖ്യാതപരിശീലകൻമാർ തമ്മിൽ മൈതാനത്ത് ഏറെ നേരം സംസാരിക്കുന്നതിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. മത്സരശേഷം ഏകദേശം പതിനഞ്ച് മിനുട്ടോളമാണ് ഇരുവരും സംസാരിച്ചിരുന്നത്.

അന്ന് മുതലേ രണ്ട് മഹത്തായ പരിശീലകർ എന്തായിരിക്കും ചർച്ച ചെയ്തിരിക്കുക എന്ന കാര്യം അറിയാനുള്ള കൗതുകം ഓരോ ഫുട്ബോൾ പ്രേമിക്കുമുണ്ടായിരുന്നു. എന്നാലിപ്പോഴിതാ അക്കാര്യം വെളിപ്പെടുത്തിയിരിക്കുകയാണ് സിറ്റി പരിശീലകൻ പെപ് ഗ്വാർഡിയോള. മാധ്യമങ്ങളോട് സംസാരിക്കുന്ന വേളയിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ആദ്യം താൻ അദ്ദേഹത്തെ ലാലിഗ നേടിയതിന് അഭിനന്ദിക്കുകയാണ് ചെയ്തതെന്ന് പെപ് വെളിപ്പെടുത്തി. പിന്നീട് തങ്ങൾ ഇരുവരും കുടുംബത്തെ കുറിച്ച് ചർച്ച ചെയ്‌തെന്നും പെപ് പറഞ്ഞു.

പെപ്പിന്റെ വാക്കുകൾ ഇപ്രകാരമാണ്. ” ലാലിഗ കിരീടം നേടിയതിൽ ഞാൻ അദ്ദേഹത്തെ അഭിനന്ദിച്ചു. പതിനൊന്ന് മാസത്തോളം നീണ്ടു നിന്ന ഒരു ലീഗ് കിരീടം നേടൽ ബുദ്ധിമുട്ടേറിയ കാര്യമാണെന്നും ഞാൻ അറിയിച്ചു. പിന്നീട് ഞങ്ങൾ ഞങ്ങളുടെ കുടുംബത്തിനെ കുറിച്ച് സംസാരിച്ചു. ഞാൻ അദ്ദേഹത്തിനും കുടുംബത്തിനും എല്ലാ വിധ ആശംസകളും നേർന്നു. ഞാൻ കളിച്ചിരുന്ന സമയത്ത് ഞാൻ ആരാധിച്ചിരുന്ന ഒരു താരമാണ് അദ്ദേഹം “.

” ഞാൻ അദ്ദേഹത്തിനെതിരെ കളിച്ചിട്ടുണ്ട്. അന്ന് അദ്ദേഹം ഫ്രാൻസ് ടീമിലായിരുന്നു. അദ്ദേഹം എന്നെ ഒരുപാട് ബുദ്ധിമുട്ടിച്ചിട്ടുണ്ട്. അദ്ദേഹം മഹത്തായ മനുഷ്യരിൽ ഒരുവനാണ്. ഒരു വ്യക്തി ഒരു പ്രൊഫഷനെ എങ്ങനെ പ്രതിനിധീകരിക്കണമെന്നതിനുള്ള ഉത്തമഉദാഹരണമാണ് സിദാൻ ” പെപ് ഗ്വാർഡിയോള അറിയിച്ചു.

Rate this post