❝ക്രിസ്റ്റ്യാനോ റൊണാൾഡോയെ വിഡ്ഢിയെന്ന് വിളിച്ച്‌ റയൽ മാഡ്രിഡ് പ്രസിഡന്റ് ഫ്ലോറന്റിനോ പെരസ്❞

കഴിഞ്ഞ ദിവസമാണ് റയൽ മാഡ്രിഡ് പ്രസിഡന്റ് ഫ്ലോറന്റിനോ പെരസ് ഇതിഹാസങ്ങളായ റൗൾ ഗോൺസാലസ്, ഇക്കർ കാസിലസ് എന്നിവരെ “ഏറ്റവും വലിയ തട്ടിപ്പുകൾ” എന്ന് വിമർശിച്ചതിന്റെ ശബ്ദ രേഖകൾ പുറത്ത് വന്നത്.2006 ൽ റെക്കോർഡ് ചെയ്ത സംഭാഷങ്ങളാണ് പുറത്തു വന്നത്. ഇപ്പോളിതാ റൊണാൾഡോയെയും റയൽ മാഡ്രിഡ് മുൻ ഹെഡ് കോച്ച് ജോസ് മൗറീഞ്ഞോയെയും ഒമ്പത് വർഷം മുമ്പ് കുറ്റപ്പെടുത്തിയതിനെക്കുറിച്ചുള്ള റിപ്പോർട്ടുകളാണ് പുറത്ത് വന്നത്. സ്പാനിഷ് ദിനപത്രമായ എൽ കോൺഫിഡൻഷ്യൽ ആണ് ഓഡിയോ പുറത്തു വിട്ടത്.

മുൻ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയെ വിഡ്ഢിയെന്ന് മുദ്രകുത്തിയതായി റിപ്പോർട്ട്. 2012ലെ ഒരു പരാജയത്തിന് പിറകെയാണ് ഫ്ലോറന്റിനോ പെരസ് ക്രിസ്റ്റ്യാനോ റൊണാൾഡോയെ “ഒരു വിഡ്ഢി” എന്ന് വിളിച്ചതെന്ന് റിപ്പോർട്ടിൽ പറയുന്നു.“അയാൾക്ക് ഭ്രാന്താണ്,” എന്നും റൊണാൾഡോയെക്കുറിച്ച് പെരസ് പറഞ്ഞതായി റിപ്പോർട്ടിൽ പറയയുന്നു.“ഈ മനുഷ്യൻ ഒരു വിഡ്ഢിയാണ്, രോഗിയാണ്. ഈ വ്യക്തി നോർമലാണെന്ന് നിങ്ങൾ കരുതുന്നു, പക്ഷേ അവൻ നോർമലല്ല. അല്ലെങ്കിൽ, അവൻ ഈ കാര്യങ്ങളൊന്നും ചെയ്യില്ലായിരുന്നു,” എന്നായിരുന്നു പെരസിന്റെ പരാമർശം.

റയലിനൊപ്പം ലാ ലിഗ നേടിയ മൗറീഞ്ഞോ 2010 നും 2013 നും ഇടയിൽ മുഖ്യ പരിശീലക ചുമതല വഹിച്ചിരുന്നു.“ഇവർ ഭയങ്കര അഹംഭാവമുള്ളവരാണ്, നശിച്ചു പോയവരുമാണ്, പരിശീലകനും അവനും, അവർ യാഥാർത്ഥ്യം കാണുന്നില്ല,” എന്നാണ് റോണോയെയും മൗറിന്യോയെയും കുറിച്ച് പെരസ് പറഞ്ഞത്.“മൗറീഞ്ഞോ ഒരു വിഡ്ഢിയാണ്. അവൻ അൽപ്പം അബ്നോർമലാണ്. ലൈസൻസില്ലാതെ അയാൾ ഓടിക്കുന്നു. സമ്മർദ്ദത്തിൽ അദ്ദേഹം അമ്പരന്നുപോയി,” പെരസിന്റെ സംഭാഷണത്തിൽ പറയുന്നു. ഏജന്റായ മെൻഡസിന് റൊണാൾഡോയുടെ മേൽ ഒരു നിയന്ത്രണവും ഇല്ലെന്നും ,ഇന്റർവ്യൂവിനുപോലും ഇരുവരും അദ്ദേഹത്തിന്റെ വാക്കുകൾ കേൾക്കാറില്ല ഭയങ്കരമായ ഈഗോകളുള്ള രണ്ട് ആളുകളാണ് ഇവർ എന്നും പെരസ് പറഞ്ഞു.

റൗളിനെയും കാസിലസിനെയും കുറിച്ചുള്ള പരാമർശം പരസ്യമായ ശേഷം പെരസ് പ്രതികരിച്ചത് അത് സന്ദർഭത്തിൽ നിന്ന് അടർത്തിയെടുത്തതായിരുന്നു എന്നാണ്. അതിനെതിരെ നിയമനടപടി സ്വീകരിക്കാനാണ് ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു.2009 ൽ 80 മില്യൺ ഡോളറിന്റെ റെക്കോർഡ് കരാറിലാണ് റോണോ റയൽ മാഡ്രിഡിൽ ചേർന്നത്. 451 ഗോളുകളുമായി ക്ലബിന്റെ എക്കാലത്തെയും മികച്ച സ്കോറർ ആയി മാറിയ റോണോ 2018 ൽ ക്ലബ്ബ് വിട്ടു. ക്ലബിനൊപ്പം നാല് ബാലൺ ഡി ഓർ അവാർഡുകളും നാല് യുവേഫ ചാമ്പ്യൻസ് ലീഗ് കിരീടങ്ങളും നേടി.

Rate this post