❝ബാഴ്‌സലോണയുമായി പുതിയ അഞ്ച് വർഷത്തെ കരാർ ഒപ്പിടാൻ 50 ശതമാനം വേതനം കുറച്ച് ലയണൽ മെസ്സി❞

ബാഴ്സലോണ ആരാധകർക്കും മെസ്സി ആരാധകർക്കും സമാധാനിക്കാം. സാങ്കേതിക പ്രശ്നങ്ങൾ പരിഹരിച്ചു കൊണ്ട് മെസ്സിയുടെ പുതിയ കരാർ ലാലിഗ അംഗീകരിച്ചിരിക്കുകയാണ്. ഫുട്ബോൾ ലോകം ആഗ്രഹിച്ച വാർത്തയാണ് പുറത്തു വന്നത്.കഴിഞ്ഞ കൊല്ലം മുതൽ താരത്തിന്റെ പേരിൽ ഉയർന്ന ട്രാൻസ്ഫർ അഭ്യുഹങ്ങൾക്കെല്ലാം ഒടുവിൽ വിരാമമായി. മെസ്സി ബാഴ്‌സ വിട്ടു പോകുന്നില്ല എന്ന വാർത്ത ബാഴ്‌സയുടെയും മെസ്സിയുടെയും ആരാധകർക്ക് സന്തോഷം നൽകുന്ന വാർത്തയായി. നേരത്തെ മെസ്സിയുമായി കരാറിലെത്താൻ ഉണ്ടായിരുന്ന സാങ്കേതിക പ്രശ്നങ്ങൾ ബാഴ്‌സ പരിഹരിച്ചതോടെയാണ് താരം നൗകാമ്പിൽ തന്നെ തുടരുമെന്ന് ഉറപ്പായത്.

കഴിഞ്ഞ സീസണുകളിൽ മെസ്സിക്ക് ബാഴ്‌സ നൽകിയ ശമ്പളം പുതിയ സീസണിലും നൽകാൻ കഴിയില്ല എന്ന ലാലിഗ പ്രസിഡന്റ് ഹവിയർ ടെബാസിന്റെ പ്രഖ്യാപനം മെസ്സിയും ബാഴ്‌സയും തമ്മിലുള്ള കരാറിനെ കൂടുതൽ സങ്കീർണമാക്കിയിരുന്നു.അഞ്ച് വർഷത്തെ പുതിയ കരാർ ഒപ്പിടാനാണ് മെസ്സിയും ബാഴ്സയും ധാരണയായത്.പുതിയ കരാർ ഒപ്പിടുന്നതിനൊപ്പം മെസ്സിയും 50 ശതമാനം വേതന വെട്ടിക്കുറവ് വരുത്തുമെന്ന് റിപോർട്ടുകൾ വന്നു. ബാഴ്സലോണയ്ക്കായി വീണ്ടും സൈൻ ചെയ്യുന്നതിനായി മെസ്സി തന്റെ വാർഷിക വരുമാനത്തിൽ കുറവു വരുത്താൻ സമ്മതിച്ചിട്ടുണ്ട് എന്ന് നേരത്തെ വാർത്തകൾ വന്നിരുന്നു.വരും ആഴ്ചകളിൽ ക്ലബ് ഔദ്യോഗിക പ്രഖ്യാപനം നടത്തും. 2004 ൽ ക്ലബ്ബുമായി ആദ്യ അകാരാർ ഒപ്പിട്ടതിനു ശേഷം തന്റെ കരിയർ മുഴുവൻ ബാഴ്സയിലാണ് 34 കാരൻ ചിലവഴിച്ചത്.

നേരത്തെ ജൂൺ 30 അർദ്ധരാത്രിയോടെ ബാഴ്‌സയുമായുള്ള കരാർ അവസാനിച്ച മെസ്സി ഫ്രീ ഏജന്റ് ആയി മാറുകയായിരുന്നു. സൂപ്പർ താരത്തെ സ്വന്തമാക്കാൻ മാഞ്ചസ്റ്റർ സിറ്റി, പി എസ് ജി പോലുള്ള വമ്പൻ ക്ലബ്ബുകൾ രംഗത്ത് ഉണ്ടായിരുന്നെങ്കിലും താരത്തിന്റെ വേതനം പ്രശ്നമായതിനാൽ ഇവർ താരവുമായി കരാറിലെത്താൻ മടിച്ചു നിൽക്കുകയായിരുന്നു. ബാഴ്‌സിലോണ തങ്ങളുടെ സൂപ്പർ താരത്തെ ഒപ്പം നിർത്താൻ വേണ്ടിയുള്ള ശ്രമങ്ങൾ തുടർന്ന് കൊണ്ടിരിക്കുകയായിരുന്നു. നിലവിലെ ബാഴ്‌സ പ്രെസിഡന്റായ ജുവാൻ ലപ്പോർട്ട നടത്തിയ ശ്രമങ്ങളാണ് ഒടുവിൽ ഫലം കണ്ടത്. ലപ്പോർട്ടക്ക് മെസ്സിയുമായുള്ള അടുത്ത ബന്ധവും ഇതിന് കാരണമായെന്ന് വേണം കരുതാൻ.

മെസ്സിയെ നിലനിർത്താൻ വേണ്ടി ടീം ശക്തമാക്കാനും ബാഴ്സലോണ തയ്യാറായിരുന്നു.മാഞ്ചസ്റ്റർ സിറ്റിയുടെ സൂപ്പർ താരവും അർജന്റീന ടീമിലെ മെസ്സിയുടെ സഹതാരവും ഉറ്റസുഹൃത്തുമായ സെർജിയോ അഗ്വേറോയെ ബാഴ്‌സ ടീമിലെടുത്തത്. ഇതിനു പുറമെ മെംഫിസ് ഡീപേ, എമേഴ്‌സൺ റോയൽ, എറിക് ഗാർഷ്യ എന്നിങ്ങനെ ഒരുപിടി മികച്ച താരങ്ങളെ കൂടി ബാഴ്‌സ ടീമിലെടുത്തിരുന്നു. ഇനി കുറച്ച് താരങ്ങളെ വിറ്റു കൊണ്ട് സാലറി ക്യാപ് കുറക്കുക ആകും ബാഴ്‌സയുടെ ലക്ഷ്യം.