‘മെസ്സിയെപ്പോലെ’ : ലയണൽ മെസ്സിയെപ്പോലെ അസിസ്റ്റ് നൽകി മാഞ്ചസ്റ്റർ സിറ്റി താരം ഫിൽ ഫോഡൻ

മാഞ്ചസ്റ്റർ സിറ്റി വിംഗർ ജാക്ക് ഗ്രീലിഷ്, സഹതാരം ഫിൽ ഫോഡനെ മെസ്സിയുമായി താരതമ്യപ്പെടുത്തിയിരിക്കുമാകയാണ്.ചാമ്പ്യൻഷിപ്പ് ടീമായ പീറ്റർബറോയ്‌ക്കെതിരായ സിറ്റിസൺസിന്റെ എഫ്‌എ കപ്പ് അഞ്ചാം റൗണ്ട് വിജയത്തിനിടെ ഫോഡൻ മികച്ച പ്രകടനം കാഴ്ചവച്ചു. 21-കാരൻ ഗ്രീലിഷിനും റിയാദ് മഹ്‌റസിനും അസിസ്റ്റുകൾ നൽകി ടീമിനെ വിജയത്തിലെത്തിച്ചിരുന്നു. ഇന്നലത്തെ മത്സരത്തില്‍ ജാക്ക് ഗ്രീലിഷ് നേടിയ ഗോളിന് ഫോഡൻ നല്‍കിയ അസിസ്റ്റാണ് വന്‍ ചര്‍ച്ചയായി മാറിയത്. ഫോഡന്‍ നല്‍കിയ അസിസ്റ്റ് ലയണല്‍ മെസിയെ ഓര്‍മിപ്പിച്ചുവെന്നാണ് ഗ്രീലിഷ് പറഞ്ഞത്.

മത്സരത്തിന് തൊട്ടുമുമ്പ് ഇരുവും ടീം ബസില്‍ ഒരുമിച്ചിരിക്കുമ്പോള്‍ ട്വിറ്ററില്‍ പോസ്റ്റ് ചെയ്യപ്പെട്ട മെസ്സിയുടെ സമാന രീതിയിലുള്ള ഒരു പാസിന്റെ വീഡിയോ ഫോണില്‍ കണ്ടിരുന്നു. തൊട്ടു പിന്നാലെ കളിക്കളത്തില്‍ ഇറങ്ങിയപ്പോള്‍ ഇരുവരും ചേര്‍ന്ന് അത് നടപ്പാക്കുകയും ചെയ്തു.സിറ്റിക്കായി 29 മത്സരങ്ങളിൽ നിന്നായി 10 ഗോളുകളും എട്ട് അസിസ്റ്റുകളും നേടിയ ഫോഡൻ ഈ സീസണിൽ മികച്ച ഫോമിലാണ്. മറുവശത്ത് 26 മത്സരങ്ങളിൽ നിന്ന് നാല് ഗോളുകളും മൂന്ന് അസിസ്റ്റുകളും ഗ്രീലിഷിനുണ്ട്.

പീറ്റർബറോയ്‌ക്കെതിരായ തങ്ങളുടെ എഫ്‌എ കപ്പ് പോരാട്ടത്തിനായി മാഞ്ചസ്റ്റർ സിറ്റി ശക്തമായ ലൈനപ്പിനെ തിരഞ്ഞെടുത്തു. ഫോഡൻ, ഗ്രീലിഷ്, മഹ്രെസ്, ഗബ്രിയേൽ ജീസസ് എന്നിവരെല്ലാം ഗാർഡിയോളയുടെ ടീമിനായി മത്സരം ആരംഭിച്ചു.60-ാം മിനിറ്റിൽ ഫോഡന്റെ പാസിൽ നിന്നും മഹ്‌റസ് സിറ്റിയെ മുന്നിലെത്തിച്ചു.

ഏഴു മിനിറ്റിനുശേഷം മൈതാനത്തിന്റെ മദ്ധ്യനിരയില്‍ നിന്നും അല്‍പ്പം മാത്രം മാറിയുള്ള പൊസിഷനില്‍ നിന്നും ഫോഡന്‍ ഉയര്‍ത്തിക്കൊടുത്ത പന്ത് പീറ്റര്‍ബറോയുടെ മുഴുവന്‍ പ്രതിരോധത്തെയും കബളിപ്പിച്ചു കൊണ്ട് ബോക്‌സിലേക്ക് ഓടിക്കയറിയ ഗ്രീലിഷിന്റെ കാലുകളിലേക്ക് കൃത്യം വന്നു വീഴുകയായിരുന്നു. പന്ത് നിയന്ത്രിച്ച് ഗ്രീലിഷ് അത് ഗോളിലേക്ക് പായിക്കുകയും ചെയ്തു.ക്ലാസ്സ് പാസ്സിന്റെയും ക്ലാസ്സ് ഫിനിഷിംഗിന്റെ യും സമന്വയമായിരുന്നു ആ ഗോള്‍.

Rate this post