Kerala Blasters : “തന്ത്രപരമായ ഈ പിഴവാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ തോൽവിക്ക് വഴിവെച്ചത്”
ഇന്ത്യൻ സൂപ്പർ ലീഗിൽ ജംഷഡ്പൂർ എഫ്‌സിക്കെതിരായ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്‌സിന് പദ്ധതിയനുസരിച്ച് ഒന്നും നടന്നില്ല. മത്സരത്തിൽ എതിരില്ലാത്ത മൂന്നു ഗോളിന്റെ കനത്ത പരാജയം ബ്ലാസ്റ്റേഴ്സിന് ഏറ്റുവെങ്ങേണ്ടിയും വന്നു.കോവിഡ് പ്രതിസന്ധിക്ക് ശേഷമുള്ള മൂന്നു മത്സരങ്ങളിൽ ബ്ലാസ്റ്റേഴ്‌സ് നേരിടുന്ന രണ്ടാമത്തെ പരാജയമായിരുന്നു ഇത്.ഗ്രെഗ് സ്റ്റുവാർട്ടിന്റെ രണ്ട് പെനാൽറ്റി ഗോളുകളും ഡാനിയൽ ചിമയുടെ ഗോളുമാണ് ജംഷദ്പൂരിനെ വിജയത്തിലേക്ക് നയിച്ചത്. മൂന്നു പോയിന്റുകൾ നേടി ജംഷെഡ്പൂർ രണ്ടാം സ്ഥാനത്തേക്കുയർന്നപ്പോൾ കേരളാ ബ്ലാസ്റ്റേഴ്‌സ് അഞ്ചാം സ്ഥാനത്തേക്ക് കൂപ്പുകുത്തി.
സസ്‌പെൻഷൻ മൂലം അർജന്റീന ഫോർവേഡ് ജോർജ് പെരേര ഡയസില്ലാതെ ഇറങ്ങിയ ബ്ലാസ്റ്റേഴ്‌സ് മുന്നേറ്റത്തിന് പതിവ് കരുത്തുണ്ടായിരുന്നില്ല. പലപ്പോഴും ഒരു തളർന്ന ടീമായാണ് ബ്ലാസ്‌റ്റേഴ്‌സിനെ മത്സരത്തിൽ കാണാൻ സാധിച്ചത്. കളിക്കാരുടെ അനവസരത്തിലുള്ള പിഴവ് മൂലം രണ്ട് ബാക്ക്-ടു-ബാക്ക് പെനാൽറ്റികൾ വഴങ്ങിയത് തോൽവി നേരത്തെയാക്കി.
ഈ സീസണിൽ കളിക്കാൻ അതികം അവസരവും ലഭിക്കാത്ത യുവ ലെഫ്റ്റ് ബാക്ക് ദേനചന്ദ്ര മെയ്റ്റെ ബോക്സിനുള്ളിൽ ഒരു റാഷ് ടാക്കിൾ നടത്തിയപ്പോൾ ആദ്യ പെനാൽറ്റി ലഭിച്ചു. പന്ത് ക്ലിയർ ചെയ്തതിനു ശേഷം അനാവശ്യ ഫൗൾ ചെയ്തതിനാണ് ബ്ലാസ്റ്റേഴ്‌സ് പെനാൽട്ടി വഴങ്ങിയത്.എന്നാൽ രണ്ടാമത്തെ പെനാൽറ്റി ഒരു മോശം റഫറിയിംഗ് തീരുമാനമായി നമുക്ക് കണാൻ സാധിക്കും.ആ ഇരട്ട പ്രഹരം മഞ്ഞപ്പടയ്ക്ക് തിരിച്ചടിയായി. അതിനുശേഷം, എതിരാളികൾക്ക് മേൽ സമ്മർദ്ദം ചെലുത്താനും ഗോൾ മടക്കാനും ടീം ഒരു ഉദ്ദേശവും കാണിച്ചില്ല.
ഡയസിന്റെ അഭാവം നികത്താൻ മിഡ്ഫീൽഡർ അഡ്രിയാൻ ലൂണയെ ആക്രമണത്തിൽ വിന്യസിച്ചെങ്കിലും, നീക്കം ആഗ്രഹിച്ച ഫലം നൽകിയില്ല. മുൻ സീസണുകളിൽ ബ്ലാസ്റ്റേഴ്‌സിന്റെ മോശം പ്രകടനത്തിന് പ്രധാന കാരണം അവരുടെ മധ്യനിരയിലെ മോശം തെരഞ്ഞെടുപ്പും കാലികകരെ മാറിമാറി പരീക്ഷിക്കുന്നതുമായിരുന്നു. ഈ സീസണിൽ ടീമിന്റെ മധ്യനിരയുടെ താക്കോൽ ലൂണയുടെ കയ്യിലാണ് . ലൂണയെ മുന്നിലേക്ക് അയക്കാനുള്ള തീരുമാനം തന്ത്രപരമായ പിഴവാണ്. ഇത് തോൽവിക്ക് വഴിവെച്ചതായും പല പ്രമുഖരും അഭിപ്രായപ്പെടുകയും ചെയ്തു