ബാഴ്സലോണ രണ്ടു തവണ പൊചെട്ടിനോയെ സമീപിച്ചു, പ്രീമിയർ ലീഗ് ക്ലബിലെത്താൻ ഓഫർ നിഷേധിച്ച് അർജൻറീനിയൻ പരിശീലകൻ

ബാഴ്സലോണയുടെ പരിശീലക സ്ഥാനമേറ്റെടുക്കാൻ രണ്ടു തവണ ഓഫറുകളുണ്ടായെങ്കിലും അതു രണ്ടും പൊചെട്ടിനോ നിരസിച്ചുവെന്നു റിപ്പോർട്ടുകൾ. മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലക സ്ഥാനത്തേക്കു വിളി വരുമെന്ന പ്രതീക്ഷയിലാണ് അർജൻറീനിയൻ പരിശീലകൻ രണ്ടു തവണയും ബാഴ്സലോണയുടെ ഓഫർ നിഷേധിച്ചതെന്ന് ഇംഗ്ലീഷ് മാധ്യമമായ ഡെയ്ലി സ്റ്റാർ റിപ്പോർട്ടു ചെയ്യുന്നു.

ആഴ്സനൽ, ഇസ്താംബുൾ ബസക്സാഹിർ എന്നിവർക്കെതിരായ തോൽവിയോടെ മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകനായ സോൾഷയറിനു സ്ഥാനം നഷ്ടപ്പെടാനുള്ള സാധ്യതയുണ്ടായിരുന്നു. എവർട്ടണെതിരായ മികച്ച വിജയത്തോടെ തനിക്കു മേലുണ്ടായിരുന്ന സമ്മർദ്ദങ്ങളെ താൽക്കാലികമായി അദ്ദേഹം അവസാനിപ്പിച്ചെങ്കിലും ടീമിന്റെ നില മെച്ചപ്പെടുത്തുന്നതു വരെ സോൾഷയറിന്റെ നില ഭദ്രമാകില്ലെന്നതുറപ്പാണ്.

വാൽവെർദെ, ക്വിക്കെ സെറ്റിയൻ എന്നിവരെ പുറത്താക്കിയ സമയത്താണ് പൊചെട്ടിനോയെ ബാഴ്സലോണ സമീപിച്ചത്. എന്നാൽ പരിശീലക സ്ഥാനത്തേക്കു മടങ്ങി വരുന്നതിനു ധൃതിയില്ലാത്ത അർജന്റീനിയൻ പരിശീലകൻ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ വിളിയും കാത്ത് ഈ രണ്ട് ഓഫറുകളും വേണ്ടെന്നു വക്കുകയായിരുന്നു. സോൾഷയർ പുറത്തു പോയാൽ യുണൈറ്റഡ് പ്രഥമ പരിഗണന നൽകുന്നത് പൊചെട്ടിനോക്കു തന്നെയാണ്.

നിലവിലെ സാഹചര്യത്തിൽ സോൾഷയറിനെ മാഞ്ചസ്റ്റർ യുണൈറ്റഡ് ഒഴിവാക്കാൻ സാധ്യതയില്ലാത്തതിനാൽ പൊചെട്ടിനോക്ക് കുറച്ചു കൂടി കാത്തിരിക്കേണ്ടി വരും. നോർവീജിയൻ പരിശീലകനെ പുറത്താക്കുകയാണെങ്കിൽ ലീപ്സിഗ് കോച്ചായ നേഗൽസ്മാനും യുണൈറ്റഡിന്റെ പരിഗണനയിലുണ്ട്.

Rate this post