പെനാൽട്ടി തുലച്ചതിൽ ദേഷ്യമടക്കാനാവാതെ ഇബ്രഹിമോവിച്ച്, കടുത്ത തീരുമാനവുമായി താരം

ഹെല്ലാസ് വെറോണക്കെതിരെ എസി മിലാൻ സമനിലയിൽ പിരിഞ്ഞ മത്സരത്തിൽ പെനാൽട്ടി നഷ്ടപ്പെടുത്തിയതിനെ തുടർന്ന് കടുത്ത തീരുമാനവുമായി സ്ലാട്ടൻ ഇബ്രഹിമോവിച്ച്. അടുത്ത പെനാൽട്ടി ലഭിക്കുമ്പോൾ അതു താൻ എടുക്കാനില്ലെന്നാണ് മത്സരശേഷം സ്വീഡിഷ് സൂപ്പർതാരം പറഞ്ഞത്. തുടർച്ചയായ മൂന്നാമത്തെ പെനാൽട്ടി നഷ്ടപ്പെടുത്തിയ സ്ലാട്ടൻ ഇനി സ്പോട്ട് കിക്ക് ഫ്രാങ്ക് കെസീക്കു നൽകുമെന്നും പറഞ്ഞു.

മത്സരത്തിന്റെ തൊണ്ണൂറ്റിമൂന്നാം മിനുട്ടിൽ എസി മിലാനു വേണ്ടി സമനില ഗോൾ നേടിയെങ്കിലും നിരാശപ്പെടുത്തുന്ന മത്സരമായിരുന്നു ഇബ്രാഹിമോവിച്ചിന് ഇന്നലത്തേത്. താരത്തിന്റെ ഗോൾ ശ്രമങ്ങൾ കീപ്പർ തടഞ്ഞതിനു പുറമേ ഒരു ഹെഡർ പോസ്റ്റിലടിച്ചു പുറത്തു പോയി. ഇതിനു പുറമേ കലാബ്രിയ നേടിയ ഒരു ഗോൾ താരത്തിന്റെ ഹാൻഡ്ബോൾ കാരണം നിഷേധിക്കപ്പെടുകയും ചെയ്തു.

”തീർച്ചയായും ഞാൻ വളരെ ദേഷ്യത്തിലാണ്‌. ഒരു സമനില ഞങ്ങൾ ഉദ്ദേശിച്ച മത്സരഫലമല്ല. ഞങ്ങൾക്ക് നിരവധി അവസരങ്ങൾ ലഭിച്ചിരുന്നു. ഞാനൊരു പെനാൽട്ടി പാഴാക്കുകയും ചെയ്തു. അടുത്ത പെനാൽട്ടി കെസീക്കു നൽകാനാണു ഞാൻ ഉദ്ദേശിക്കുന്നത്. അതായിരിക്കും നല്ലത്.”

“ഞങ്ങൾ രണ്ടു ഗോളുകൾ വഴങ്ങി. രണ്ടെണ്ണം തിരിച്ചടിക്കുകയും ചെയ്തു. ആത്മവിശ്വാസം നഷ്ടമാകാതെ മുന്നോട്ടു പോവുകയാണു ഞങ്ങൾക്കു വേണ്ടത്. പോയിന്റ് ടേബിളിലെ സാഹചര്യം പരിശോധിക്കുമ്പോൾ ഒരു മത്സരവും വിജയിക്കാതിരിക്കാൻ കഴിയില്ല.” മത്സരത്തിനു ശേഷം സ്കൈ സ്പോർട്സ് ഇറ്റാലിയയോടു സംസാരിക്കുമ്പോൾ ഇബ്ര വ്യക്തമാക്കി.

മത്സരത്തിലെ ഗോളോടെ എട്ടു ഗോളുകളുമായി ഇബ്രഹിമോവിച്ചാണ് ലീഗിലെ ടോപ് സ്കോറർ. ആറു ഗോളുകൾ നേടിയ റൊണാൾഡോ തൊട്ടു പിന്നിലുണ്ട്.

Rate this post