ക്രിസ്റ്റ്യാനോ റൊണാൾഡൊ കളിക്കാതിരിന്നിട്ടും വമ്പൻ ജയം സ്വന്തമാക്കി പോർച്ചുഗൽ : ഇറ്റലിക്കും ജയം

സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡൊയടക്കം പ്രമുഖ താരങ്ങൾ ഇല്ലാതെയിറങ്ങിയിട്ടും സൗഹൃദ മത്സരത്തിൽ സ്വീഡനെതിരെ തകർപ്പൻ ജയം സ്വന്തമാക്കി പോർച്ചുഗൽ. രണ്ടിനെതിരെ അഞ്ചു ഗോളുകളുടെ ജയമാണ് പോർച്ചുഗൽ സ്വന്തമാക്കിയത്. പോർച്ചുഗീസുകാർ അവരുടെ യോഗ്യതാ റൗണ്ടിലെ 10 മത്സരങ്ങളും വിജയിച്ചുകൊണ്ടാണ് യൂറോ 2024 ഫൈനലിലേക്ക് എത്തിയത്, ഇന്നലെ നേടിയത് അവരുടെ തുടർച്ചയായ 11 ആം വിജയമായിരുന്നു.

റാഫേൽ ലിയോ, മാത്യൂസ് ന്യൂസ്, ബ്രൂണോ ഫെർണാണ്ടസ് എന്നിവരുടെ സ്‌ട്രൈക്കുകളുടെ ബലത്തിൽ ആദ്യ പകുതിയിൽ തന്നെ മാർട്ടിനെസിൻ്റെ ടീം മൂന്ന് ഗോളിൻ്റെ ലീഡ് നേടി.24-ാം മിനിറ്റിൽ ബെർണാഡോ സിൽവയുടെ ഷോട്ട് പോസ്റ്റിൽ തട്ടി മടങ്ങിയെങ്കിലും റീ ബൗണ്ടിൽ മികച്ചൊരു ഷോട്ടിലൂടെ റാഫേൽ ലിയോ ഗോളാക്കി മാറ്റി.33-ാം മിനിറ്റിൽ, മാഞ്ചസ്റ്റർ സിറ്റിയുടെ മിഡ്ഫീൽഡർ മാത്യൂസ് ന്യൂസ് രണ്ടാം ഗോളും നേടി. 45 ആം മിനുട്ടിൽ നെൽസൺ സെമെഡോയുടെ ക്രോസിൽ നിന്ന് ബ്രൂണോ ഫെർണാണ്ടസ് മൂന്നാം ഗോൾ നേടി.57-ാം മിനിറ്റിൽ പകരക്കാരനായ ബ്രൂമ പോർച്ചുഗലിന്റെ നാലാം ഗോളും നേടി.

എന്നാൽ ഒരു മിനിറ്റിനുശേഷം വിക്ടർ ഗ്യോക്കറസ് സ്വീഡന് തിരിച്ചടിച്ചു.62-ാം മിനിറ്റിൽ ഗോൺകാലോ റാമോസ് പോർച്ചുഗലിൻ്റെ ലീഡ് ഉയർത്തി. 90 ആം മിനുട്ടിൽ ഗുസ്താഫ് നിൽസൺ സ്വീഡന് വേണ്ടി ഒരു ഗോൾ കൂടി മടക്കി.ചൊവ്വാഴ്‌ച പോർച്ചുഗൽ സ്ലൊവേനിയയെ നേരിടും. ഈ മത്സരത്തിൽ റൊണാൾഡോ കളിക്കും.ബെർണാഡോ സിൽവ, റൂബൻ ഡയസ്, ജോവോ പാൽഹിൻഹ, നെൽസൺ സെമെഡോ, ടോട്ടെ ഗോമസ്, റാഫേൽ ലിയോ, ബ്രൂണോ ഫെർണാണ്ടസ്, ഗോങ്കലോ റാമോസ് എന്നിവരാണ് അടുത്ത കളിയിൽ വിശ്രമിക്കുന്ന കളിക്കാർ.

ഫോർട്ട് ലോഡർഡെയ്‌ലിലെ ചേസ് സ്റ്റേഡിയത്തിൽ വെനസ്വേലയ്‌ക്കെതിരെ നടന്ന സൗഹൃദ മത്സരത്തിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് ഇറ്റലി വിജയം നേടി. മാറ്റിയോ റെറ്റെഗുയിയുടെ ഇരട്ട ഗോളുകളാണ് ഇറ്റലിക്ക് വിജയം നേടിക്കൊടുത്തത്. ആൻഡ്രിയ കാംബിയാസോയുടെ പാസിൽ നിന്നും നേടിയ ഗോളിൽ മാറ്റിയോ റെറ്റെഗുയി ഇറ്റലിയെ മുന്നിലെത്തിച്ചു.

എന്നാൽ വെനസ്വേലയുടെ വിങ്ങർ ഡാർവിൻ മാച്ചിസ് മൂന്ന് മിനിറ്റിന് ശേഷം ഗോൾകീപ്പർ ജിയാൻലൂജി ഡോണാരുമ്മയുടെ പിഴവിൽ സമനില പിടിച്ചു.കളിയുടെ ഭൂരിഭാഗവും നിയന്ത്രിച്ചത് ലൂസിയാനോ സ്‌പല്ലെറ്റിയുടെ ടീമായിരുന്നെങ്കിലും വിജയ ഗോൾ നേടാൻ 80 ആം മിനുട്ട് വരെ കാത്തിരിക്കേണ്ടി വന്നു.ഞായറാഴ്ച ന്യൂജേഴ്‌സിയിലെ ഹാരിസണിൽ നടക്കുന്ന മറ്റൊരു സൗഹൃദ മത്സരത്തിൽ ഇറ്റലി ഇക്വഡോറിനെ നേരിടും.

Rate this post