ഡാനി ആൽവസ് : ❝കാനറികളുടെ പ്രായം തളർത്താത്ത പോരാളി❞

ഒളിമ്പിക്സ് ഫുട്ബോളിൽ ഏറ്റവും കരുത്തന്മാരായ രണ്ടു ടീമുകൾ തന്നെയാണ് ഫൈനലിൽ ഏറ്റുമുട്ടുന്നത്. നിലവിലെ ചാമ്പ്യന്മാരായ ബ്രസീലും സ്പെയിനും കലാശ പോരാട്ടത്തിൽ ഏറ്റുമുട്ടുമ്പോൾ തീപാറുമെന്നുറപ്പാണ്. ഒളിംപിക്സിൽ പങ്കെടുക്കുന്ന കളിക്കാരിൽ സൂപ്പർ താരം എന്ന വിശേഷണം ഉണ്ടായത് 38 കാരനായ റൈറ്റ് ബാക്ക് ഡാനി ആൽവാസിന് തന്നെയായിരുന്നു. പരിക്ക് മൂലം കോപ്പ അമേരിക്ക നഷ്ടമായതോട് കൂടിയാണ് താരത്തിന് ഒളിമ്പിക്സ് പങ്കെടുക്കാനുള്ള വഴി തുറന്നത്. എന്ത് കൊണ്ടാണ് മുൻ ബാഴ്സലോണ താരം ബ്രസീലിയൻ ടീമിൽ അംഗമാകുന്നു എന്ന് തെളിയിക്കുന്ന മത്സരമായിരുന്നു ഇന്നലെ മെക്‌സിക്കോക്കെതിരെ നടന്ന സെമി ഫൈനൽ പോരാട്ടം.

യുവ താരങ്ങളെ നാണിപ്പിക്കുന്ന ചുറുചുറുക്കോടെ കളിക്കളത്തിൽ മേഞ്ഞു നടന്ന താരം 120 മിനുട്ടും ഒരേ ഊർജ്ജത്തോടെയാണ് മുന്നേറ്റത്തിലും പ്രതിരോധത്തിലും കളി നെയ്തത്. കോപ്പയിൽ വലതു വിങ്ങിൽ ആൽവസിന്റെ അഭാവം പ്രകടമാവുകയും ചെയ്തിരുന്നു. ഒളിമ്പിക്സ് സ്വർണം നേടാൻ സാധിച്ചാൽ അദ്ദേഹത്തിന്റെ അവിശ്വസനീയമായ കരിയറിൽ 43 മത്തെ കിരീട നേട്ടമായി ഇത് മാറും.ബഹിയ, സെവില്ല, ബാഴ്സലോണ, യുവന്റസ്, പാരീസ് സെന്റ്-ജർമെയ്ൻ, സാവോ പോളോ, ബ്രസീൽ എന്നിവരോടൊപ്പം കിരീടങ്ങൾ നേടി ഫുട്ബോൾ ഫുട്ബോൾ ചരിത്രത്തിൽ ഏറ്റവും കിരീടം നേടിയ താരമാണ് ആൽവസ്.

1983 -ൽ ജുവസീറോയിൽ ജനിച്ച ആൽവസ്, പ്രാദേശിക വമ്പന്മാരായ ബഹിയയിലേക്ക് ചുവടുവയ്ക്കുന്നതിന് മുമ്പ് 13 മുതൽ 16 വയസ്സുവരെയുള്ള കാലം പ്രാദേശിക ക്ലബ്ബിലാണ് കളിച്ചിരുന്നത്. 2002 ൽ സ്പാനിഷ് ക്ലബായ സെവിയ്യയുമായി കരാർ ഒപ്പിടുന്നതിനു മുന്നോടിയായി ബഹിയക്കു വേണ്ടി കളിച്ച താരം അവരോടൊപ്പം കോപ്പ ഡോ നോർഡെസ്റ്റെ നേടി. 2002 മുതൽ 2008 വരെ സെവിയ്യയിൽ തുടർന്ന ആൽവസ് കോപ്പ ഡെൽ റേ, സൂപ്പർകോപ്പ ഡി എസ്പാന, രണ്ട് യുവേഫ കപ്പുകൾ, ഒരു യൂറോപ്യൻ സൂപ്പർ കപ്പ് എന്നിവ നേടി.2008 ൽ പുതുതായി നിയമിതനായ പെപ് ഗാർഡിയോള അദ്ദേഹത്തെ ബാഴ്സലോണയിൽ എത്തിച്ചു.കാറ്റലോണിയയിൽ എത്തിയതിനു ശേഷം താരത്തിന്റെ വളർച്ച പെട്ടെന്ന് തന്നെയായിരുന്നു ലോക ഫുട്ബോളിലെ ഏറ്റവും മികച്ച റൈറ്റ് ബാക്ക് ആയി ആൽവസ് മാറി.

ആറ് ലാലിഗ കിരീടങ്ങൾ, നാല് കോപ്പ ഡെൽ റേ കിരീടങ്ങൾ, നാല് സൂപ്പർകോപ്പ ഡി എസ്പാന കിരീടങ്ങൾ, മൂന്ന് ചാമ്പ്യൻസ് ലീഗ്, മൂന്ന് യൂറോപ്യൻ സൂപ്പർ കപ്പുകൾ, മൂന്ന് ക്ലബ് ലോകകപ്പുകൾ എന്നിവ നേടി. എട്ടു വർഷത്തെ ബാഴ്സ ജീവിതത്തിനു ശേഷം ഒരു വിവാദപരമായ സാഹചര്യങ്ങളിൽ 2016 ൽ യുവന്റസിലേക്ക് ചേക്കേറി. ഒരു സീസൺ ഇറ്റലിയിൽ ചിലവഴിച്ച താരം സീരി എയും കോപ്പ ഇറ്റാലിയയും നേടി. ബ്രസീലിയൻ ബാഴ്സ സഹ താരമാവുമായ നെയ്മറുമായി ഒന്നിക്കുന്നതിനായി 2017 ൽ താരം പിഎസ്ജി യിലെത്തി.ഫ്രഞ്ച് തലസ്ഥാനത്ത് അദ്ദേഹം രണ്ട് സീസണുകൾ ചെലവഴിച്ചു, ലിഗ് 1 രണ്ടുതവണ, കൂപ്പെ ഡി ഫ്രാൻസ്, കൂപ്പെ ഡി ലാ ലിഗ്, ട്രോഫി ഡെസ് ചാമ്പ്യൻസ് എന്നിവ നേടി.

2019 ൽ പാരീസ് വിട്ട ആൽവസ് ബ്രസീലിലേക്ക് തിരിച്ചു സാവോ പോളോയിൽ ചേർന്നു.അവിടെ അദ്ദേഹം വീണ്ടും വിജയം ആസ്വദിച്ചു, 2021 ൽ കാംപിയോനാറ്റോ പോളിസ്റ്റ ഉയർത്തി. ബ്രസീലിനൊപ്പം 2007 ,2019 കോപ്പ കിരീടവും 2009 ,2013 ലും കോൺഫെഡറേഷൻ കപ്പും നേടി. 38 കാരന്റെ അടുത്ത ഏറ്റവും വലിയ സ്വപ്നം ഒളിമ്പിക്സ് സ്വർണം തന്നെയാണ്.

Rate this post