ഗോൾ വർഷവുമായി കേരള ബ്ലാസ്റ്റേഴ്സ്, അൽ ജസീറക്കെതിരെ തകർപ്പൻ ജയം |Kerala Blasters

യുഎഇ യിലെ ആദ്യ പ്രീ സീസൺ മത്സരത്തിൽ തകർപ്പൻ ജയവുമായി കേരള ബ്ലാസ്റ്റേഴ്‌സ്. റാസ് അൽ ഖൈമയിൽ നടന്ന മത്സരത്തിൽ അൽ ജസീറ അൽ ഹമ്രയെ നേരിട്ട ബ്ലാസ്റ്റേഴ്സ് ഒന്നിനെതിരെ അഞ്ചു ഗോളിന്റെ തകർപ്പൻ ജയം സ്വന്തമാക്കി. ബ്ലാസ്റ്റേഴ്സിനായി ആദ്യ ഗോള്‍ രാഹുല്‍ കെപി നേടിയപ്പോള്‍ സൗരവ് രണ്ടാം ഗോളും സഹല്‍ അബ്ദുള്‍ സമദ് മൂന്നാം ഗോളും നേടി.

ദിമിത്രിയോസാണ് നാലാം ഗോളിന്റെ അവകാശി. ജെസല്‍ ആണ് അവസാന ഗോള്‍ നേടിയത്. ബ്ലാസ്‌റ്റേഴ്‌സിനെ പിന്തുണച്ച് കൊണ്ട് നിരവധി മലയാളികളാണ് മത്സരം കാണാൻ സ്റ്റേഡിയത്തിലേക്ക് എത്തിച്ചേർന്നത്. വുകമനോവിച് എല്ലാ താരങ്ങൾക്കും ഇന്നത്തെ മത്സരത്തിൽ അവസരം നൽകിയിരുന്നു. ആദ്യ പകുതിയിലാണ് രാഹുലിന്റെയും പുതിയ സൈനിങ്‌ സൗരവ് മൊണ്ടലിന്റെയും ഗോളുകൾ പിറന്നത്.

ഒരു ഫ്രീകിക്കിലൂടെ അൽ ജസീറ ആദ്യ പകുതിൽ തന്നെ ഒരു ഗോൾ മടക്കിയിരുന്നു.രണ്ടാം പകുതിയിൽ ഒരു റീബൗണ്ട് ലക്ഷ്യത്തിൽ എത്തിച്ച് സഹൽ അബ്ദുൽ സമദ് കേരള ബ്ലാസ്റ്റേഴ്സിന്റെ ലീഡ് വർധിപ്പിച്ചു. ഇതിനു പിന്നാലെ ജിയോനിയുടെ പാസിൽ ദിമിത്രോസ് ബ്ലാസ്റ്റേഴ്സിന്റെ നാലാമത്തെ ഗോൾ നേടി.ജെസ്സലിന്റെ വകയായിരുന്നു ബ്ലാസ്റ്റേഴ്സിന്റെ അഞ്ചാമത്തെ ഗോൾ.

ഓഗസ്റ്റ് പകുതിയോടെയാണ് ബ്ലാസ്റ്റേഴ്‌സ് പ്രീ സീസണിനായി യുഏഇയിലേക്ക് പറന്നത്. ഇതില്‍ മൂന്ന് യുഎഇ ക്ലബുകളുമായുള്ള മത്സരങ്ങളും നിശ്ചയിച്ചിരുന്നു. എന്നാല്‍ ഫിഫ വിലക്ക് വന്നതോടെ മത്സരങ്ങൾ റദ്ദാക്കുകയായിരുന്നു.വരും ദിവസങ്ങളിൽ കൂടുതൽ മത്സരങ്ങൾ കളിയ്ക്കാൻ സാധ്യതയുണ്ട്.

Rate this post