❝പ്രീമിയർ ലീഗിൽ ആഴ്സണലിന് തോൽവിയോടെ തുടക്കം ; ബയേൺ മ്യൂണിക്കിന് സമനില കുരുക്ക്❞
2021 -2022 ഇംഗ്ലീഷ് പ്രീമിയർ ലീഗ് സീസണിലെ ആദ്യ മത്സരത്തിൽ മുൻ ചാമ്പ്യന്മാരായ ആഴ്സണലിന് പരാജയം.പ്രീമിയർ ലീഗിലേക്ക് പ്രൊമേഷൻ നേടി എത്തിയ ബ്രെന്റ്ഫോർഡ് ആണ് ആഴ്‌സനലിനെ അട്ടിമറിച്ചത്.എതിരില്ലാത്ത രണ്ടു ഗോളുകൾക്കായിരുന്നു ബ്രെന്റ്ഫോർഡിന്റെ വിജയം.1946-47 സീസണിന് ശേഷം ആദ്യമായാണ് ബ്രെന്റ്ഫോർഡ് ഇംഗ്ലീഷ് ടോപ് ഡിവിഷനിൽ കളിക്കുന്നത്.സ്വന്തം ആരാധകർക്ക് മുന്നിൽ 74 വർഷത്തിനു ശേഷം ഒന്നാം ഡിവിഷനിൽ ഫുട്ബോൾ കളിക്കാൻ ഇറങ്ങിയ ബ്രെന്റ്ഫോർഡ് 22ആം മിനുട്ടിൽ സെർജി കാനോസ് ലീഡ് നേടിക്കൊടുത്തു.ആ ഗോളിന് മുമ്പും പിന്നാലെയും ബ്രെന്റ്ഫോർഡ് തന്നെയാണ് കൂടുതൽ അവസരങ്ങൾ സൃഷ്ടിച്ചത്.
എമ്പുവുമോയുടെ ഒരു ഷോട്ട് പോസ്റ്റിൽ തട്ടി മടങ്ങുകയും ചെയ്തിരുന്നു.72ആം മിനുട്ടിൽ ബ്രെന്റ്ഫോർഡ് അവരുടെ രണ്ടാം ഗോൾ നേടി. ഒരു ലോങ്ത്രോയിൽ നിന്ന് നോർഗാർഡ് ആണ് ഒരു ഹെഡറിലൂടെ രണ്ടാം ഗോൾ നേടിയത്. ആഴ്സണൽ ഡിഫൻസിനെ ആകെ കാഴ്ചക്കാരായി നിർത്തി ആയിരുന്നു ഈ ഗോൾ. ബ്രെന്റ്ഫോർഡിന്റെ ചരിത്ര വിജയം ഈ ഗോൾ ഉറപ്പിക്കുകയും ചെയ്തു. ആഴ്സണലിന് ഇനി അടുത്ത രണ്ട് മത്സരത്തിൽ ചെൽസിയെയും മാഞ്ചസ്റ്റർ സിറ്റിയെയും ആണ് നേരിടേണ്ടത്.
ബുണ്ടസ് ലീഗ ചാമ്പ്യന്മാരായ ബയേൺ മ്യൂണിചിന് ലീഗിലെ ആദ്യ മത്സരത്തിൽ സമനില.ആവേശകരമായ മത്സരത്തിൽ ഗ്ലാഡ്ബാച് ആണ് ബയേണെ സമനിലയിൽ പിടിച്ചത്. മത്സരം ആരംഭിച്ച് പത്താം മിനുട്ടിൽ തന്നെ ഹോം ടീമായ ഗ്ലാഡ്ബാച് ലീഡ് എടുത്തു. അലസാനെ പ്ലിയയുടെ വകയായിരുന്നു ഗ്ലാഡ്ബാചിന്റെ ഗോൾ. ഈ ഗോൾ ബയേണെ ഒന്ന് വിറപ്പിച്ചു എങ്കിലും ലെവൻഡോസ്കി അവരുടെ രക്ഷയ്ക്ക് എത്തി. കഴിഞ്ഞ സീസണിൽ ഗോളടിച്ച് ബുണ്ടസ് ലീഗ റെക്കോർഡ് ഇട്ട താരം 42 മിനുട്ട് മാത്രമെ പുതിയ സീസണിൽ ഗോൾ കണ്ടെത്താൻ എടുത്തുള്ളൂ.
42ആം മിനുട്ടിൽ കിമ്മിചിന്റെ പാസിൽ നിന്നായിരുന്നു ലെവൻഡോസ്കിയുടെ ഗോൾ. യൂറോ കപ്പിൽ തിളങ്ങിയ സ്വിസ് കീപ്പർ യാൻ സൊമ്മറിന്റെ മികവ് ഗ്ലാഡ്ബാചിനെ പരാജയത്തിൽ നിന്നും രക്ഷിച്ചു. ഇന്നലത്തെ മത്സരത്തിൽ പുതിയ ഒരു റെക്കോർഡ് സ്‌ട്രൈക്കർ ലെവെൻഡോസ്‌കി സ്വന്തമാക്കി.തുടർച്ചയായ ഏഴാം സീസണിലും ഓപ്പണിംഗ് മാച്ചിൽ ഗോളടിച്ചാണ് പുതിയൊരു ബുണ്ടസ് ലീഗ റെക്കോർഡ് ലെവൻഡോസ്കി സ്വന്തം പേരിലാക്കിയത്.
ലാ ലീഗയിലെ ആദ്യ മത്സരത്തിൽ ആദ്യ വിജയം വലൻസിയ സ്വന്തമാക്കി. ഇന്നലെ നടന്ന മത്സരത്തിൽ ഗെറ്റഫെയെ ആണ് വലൻസിയ പരാജയപ്പെടുത്തിയത്. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു വലൻസിയയുടെ വിജയം. 11 ആം മിനുട്ടിൽ കാർലോസ് സോളർ പെനാൽറ്റിയിൽ നിന്നുമാണ് വലൻസിയയുടെ വിജയ ഗോൾ നേടിയത്.