എമിലിയാനോ മാർട്ടിനസിനെ ലക്ഷ്യമിട്ട് പ്രീമിയർ ലീഗ് ക്ലബ്, ഇറ്റാലിയൻ ക്ലബിനും താൽപര്യം
ഖത്തർ ലോകകപ്പിൽ അർജന്റീനക്ക് കിരീടം നേടിക്കൊടുക്കാൻ നിർണായക പങ്കു വഹിച്ച താരമാണ് എമിലിയാനോ മാർട്ടിനസ്. ഹോളണ്ടിനെതിരെ നടന്ന ക്വാർട്ടർ ഫൈനൽ പോരാട്ടത്തിലും ഫൈനലിൽ ഫ്രാൻസിനെതിരെയും ഷൂട്ടൗട്ടിൽ അർജന്റീന വിജയം നേടാൻ കാരണമായത് പോസ്റ്റിനു കീഴിൽ മിന്നുന്ന പ്രകടനം നടത്തിയ എമിലിയാനോ മാർട്ടിനസ് കാരണമാണ്.
ഖത്തർ ലോകകപ്പിന് ശേഷം എമിലിയാനോ മാർട്ടിനസ് തന്റെ ക്ലബായ ആസ്റ്റൺ വില്ല വിട്ട് മറ്റേതെങ്കിലും ക്ലബ്ബിലേക്ക് ചേക്കേറുമെന്ന റിപ്പോർട്ടുകൾ ഉണ്ടായിരുന്നെങ്കിലും താരം ക്ലബിനൊപ്പം തന്നെ തുടർന്നു. എന്നാൽ ചാമ്പ്യൻസ് ലീഗ് ക്ലബുകളിൽ കളിക്കാൻ ആഗ്രഹമുള്ള എമിലിയാനോ വരുന്ന സമ്മറിൽ ക്ലബ് വിടുമെന്ന റിപ്പോർട്ടുകൾ സജീവമാണ്.
അതിനിടയിൽ എമിലിയാനോയെ സ്വന്തമാക്കാൻ പ്രീമിയർ ലീഗ് ക്ലബായ ടോട്ടനം ഹോസ്പറിനു താല്പര്യമുണ്ടെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ. മുപ്പതു വയസുള്ള താരത്തെ മുപ്പത്തിയാറുകാരനായ ഹ്യൂഗോ ലോറിസിന് പകരക്കാരനായി ടീമിലെത്തിക്കാനാണ് ടോട്ടനം ഒരുങ്ങുന്നത്. ലോകകപ്പ് ഫൈനലിൽ മുഖാമുഖം വന്ന താരങ്ങളിൽ ഒരാൾ ഒരാൾക്ക് പകരമാകുന്നു എന്ന യാദൃശ്ചികത ഇതിനുണ്ട്.
അതേസമയം എമിലിയാനോ മാർട്ടിനസിനായി ടോട്ടനം മാത്രമല്ല രംഗത്തുള്ളത്. ഇറ്റാലിയൻ ക്ലബായ ഇന്റർ മിലാനും താരത്തിനായി രംഗത്തുണ്ട്. ഇന്ററിന്റെ പ്രധാന ഗോൾകീപ്പറായ ഒനാനാക്ക് 2027 വരെ കരാറുണ്ടെങ്കിലും താരത്തിന്റെ പെരുമാറ്റത്തിലുള്ള പ്രശ്നമാണ് പുതിയ ഗോൾകീപ്പറെ നോക്കാൻ ഇന്ററിനെ പ്രേരിപ്പിക്കുന്നത്.
— Joseph Agbobli (@joseph_agbobli) March 5, 2023
ക്ലബ്ബിലേക്ക് പുതിയ താരങ്ങളെ എത്തിക്കാനുള്ള ഫണ്ടിനായി എമിലിയാനോ മാർട്ടിനസിനെ ആസ്റ്റൺ വില്ല വിൽക്കാൻ സാധ്യതയുണ്ടെന്ന് നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഇത്തവണ ഫിഫയുടെ ബെസ്റ്റ് ഗോൾകീപ്പർക്കുള്ള പുരസ്കാരം നേടിയ താരത്തിന് വലിയ തുക ഫീസായി ലഭിക്കാൻ സാധ്യത ഉണ്ടെന്നാണ് അവർ കരുതുന്നത്.