മത്സരം വീണ്ടും നടത്തണം, റഫറിയെ വിലക്കണം, പ്രതിഷേധവുമായി കേരള ബ്ലാസ്റ്റേഴ്സ്

ഇന്ത്യൻ ഫുട്ബോൾ ഒരിക്കലും സാക്ഷ്യം വഹിക്കാത്ത നാടകീയ സംഭവങ്ങളാണ് ദിവസങ്ങൾക്ക് മുൻപ് ബെംഗളൂരുവിലെ ശ്രീകണ്ഠീരവ സ്റ്റേഡിയത്തിൽ നടന്ന ഇന്ത്യൻ സൂപ്പർ ലീഗിലെ പ്ലെ ഓഫ് മത്സരത്തിൽ കാണാൻ കഴിഞ്ഞത്.ആദ്യ നോക്കൗട്ട് മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്‌സിനെതിരെ സുനിൽ ഛേത്രി ബെംഗളുരു എഫ്‌സിക്ക് വേണ്ടി വിവാദമായ വിജയ ഗോൾ നേടിയിരുന്നു.

വിവാദമായ പ്ലേ ഓഫ് മത്സരത്തിന് പിന്നാലെ ഔദ്യോ​ഗിക പ്രതിഷേധവുമായി കേരളാ ബ്ലാസ്റ്റേഴ്സ്.മത്സരം വീണ്ടും നടത്തണമെന്നും റെഫറി ക്രിസ്റ്റൽ ജോണിനെ വിലക്കണമെന്നും ആവശ്യപ്പെട്ട് ബ്ലാസ്റ്റേഴ്സ് പരാതി നൽകിയിട്ടുണ്ട്. ഇക്കാര്യത്തിൽ ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ ഉടൻ തീരുമാനമെടുക്കുമെന്നാണ് സൂചന.ക്രിസ്റ്റൽ ജോണിന്റെ അന്യായമായ റഫറിയിങ് കോളാണ് സുനിൽ ഛേത്രിയെ വിവാദമായ ഒരു ഗോൾ നേടാനും ബെംഗളൂരുവിനെ മുന്നിലെത്തിക്കാനും അനുവദിച്ചതിൽ പ്രതിഷേധിച്ച് ബ്ലാസ്റ്റേഴ്‌സ് മത്സരം മുഴുവൻ ക്ളിക്കാതെ ഇറങ്ങിപ്പോയത്.

മാച്ച് കമ്മീഷണർ അമിത് ധരപ്പും ഇന്ത്യൻ സൂപ്പർ ലീഗിലെ (ഐ‌എസ്‌എൽ) മുതിർന്ന ഉദ്യോഗസ്ഥനും അഭ്യർത്ഥിച്ചിട്ടും കളിക്കാർ അവരുടെ പരിശീലകനെ പിന്തുടരുകയും ഡ്രസ്സിംഗ് റൂമിലേക്ക് പോവുകയും ചെയ്തു.ഉടൻതന്നെ ഒരു അന്തിമ തീരുമാനമെടുക്കും എന്നുള്ള കാര്യത്തിൽ ബ്ലാസ്റ്റേഴ്സിന് ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ ഉറപ്പു നൽകുകയും ചെയ്തിട്ടുണ്ട്.കാരണം ബംഗളൂരു എഫ്സിയുടെ സെമിഫൈനൽ മത്സരം നടക്കാനിരിക്കുകയാണ്.

ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷന്റെ ഡിസിപ്ലിനറി കമ്മിറ്റി ഉടൻ തന്നെ ഈ വിഷയത്തിൽ ഒരു യോഗം വിളിച്ചു ചേർത്തിട്ടുണ്ട്. കേരള ബ്ലാസ്റ്റേഴ്സിന് അനുകൂലമായ എന്തെങ്കിലും തീരുമാനങ്ങൾ ഉണ്ടാവുമോ എന്നുള്ളതാണ് ആരാധകർ ഉറ്റു നോക്കുന്നത്. മുംബൈ സിറ്റിയും ബെംഗളൂരുവും തമ്മിലുള്ള ആദ്യ പാദ സെമിഫൈനൽ ചൊവ്വാഴ്ച ഷെഡ്യൂൾ ചെയ്തിരിക്കുന്നതിനാൽ എഐഎഫ്‌എഫ് അടുത്ത 24 മണിക്കൂറിനുള്ളിൽ തീരുമാനം അറിയിക്കേണ്ടതുണ്ട്.

Rate this post