മുമ്പ് പ്രീമിയർ ലീഗിലേക്ക് വരാൻ ഒരു താല്പര്യവുമില്ലായിരുന്നു, കാരണസഹിതമുള്ള വെളിപ്പെടുത്തലുമായി തിയാഗോ സിൽവ.
ഈ സമ്മർ ട്രാൻസ്ഫർ ജാലകത്തിലാണ് പിഎസ്ജിയുടെ ബ്രസീലിയൻ സൂപ്പർ താരം തിയാഗോ സിൽവ ചെൽസിയിൽ എത്തിയത്.എട്ട് വർഷക്കാലം പിഎസ്ജിയിൽ ചിലവഴിച്ച ശേഷമാണ് സിൽവ ഫ്രീ ഏജന്റ് ആയി കൊണ്ട് പ്രീമിയർ ലീഗിൽ എത്തിയത്. മുപ്പത്തിയാറുകാരനായ താരം ഒരു വർഷത്തെ കരാറിലാണ് സ്റ്റാംഫോർഡ് ബ്രിഡ്ജിൽ എത്തിയത്. കരബാവോ കപ്പിൽ നടക്കുന്ന ബാൺസ്ലിക്കെതിരെയുള്ള മത്സരത്തിൽ അരങ്ങേറാനൊരുങ്ങുകയാണ് സിൽവ.
എന്നാൽ താൻ മുമ്പൊരിക്കലും പ്രീമിയർ ലീഗിൽ എത്തുമെന്ന് വിചാരിച്ചിരുന്നില്ലെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് താരം. തനിക്ക് പ്രീമിയർ ലീഗിലേക്ക് വരാൻ മുമ്പ് താല്പര്യമില്ലായിരുന്നുവെന്നും എന്നാൽ കലാന്തരത്തിൽ തന്റെ മനസ്സ് മാറുകയുമാണ് ചെയ്തത് എന്നാണ് സിൽവ പറഞ്ഞത്. പ്രീമിയർ ലീഗിൽ ലോങ്ങ് ബോളുകളും ലോങ്ങ് റേഞ്ചുകളും മാത്രമുള്ള കളിരീതിയാണ് ഉള്ളത് എന്നാണ് താൻ കരുതിയിരുന്നതെന്നാണ് ഇതിന് കാരണമായി ബ്രസീൽ താരം വെളിപ്പെടുത്തിയത്.
Thiago Silva reveals he didn't rate the Premier League and never saw himself playing in England | @_DanMatthews_ https://t.co/ZqqG8Wi6tA
— MailOnline Sport (@MailSport) September 23, 2020
” ഞാൻ ഒരിക്കലും പ്രീമിയർ ലീഗിൽ കളിക്കുമെന്ന് വിചാരിച്ചിരുന്നില്ല. ഞാൻ കരുതിയത് ഇവിടെ ലോങ്ങ് ബോൾസ്, ഹൈ ബോൾസ്, ലോങ്ങ് ഷോട്സ് എന്നിവ മാത്രമാണ് ഉള്ളത് എന്നായിരുന്നു. ആ സമയത്ത് ഞാൻ പ്രീമിയർ ലീഗിൽ കളിക്കുന്നത് പോലും ചിന്തിച്ചിരുന്നില്ല. എന്നാൽ കാലാന്തരത്തിൽ അത് മാറി. ഇവിടെ കൂടുതൽ ടെക്നിക്കൽ ക്വാളിറ്റികൾ കണ്ടു തുടങ്ങി. ഫലമായി പ്രീമിയർ ലീഗ് എന്നെ മറികടന്നു. ഞാൻ ഇവിടെയെത്തി ” സിൽവ പറഞ്ഞു.
അതേ സമയം ഇംഗ്ലീഷ് ഭാഷ അറിയാത്തതുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങളും അദ്ദേഹം പങ്കുവെച്ചു. നിലവിൽ ഫ്രഞ്ച്, ഇറ്റാലിയൻ,സ്പാനിഷ്, പോർച്ചുഗീസ് എന്നിവ സംസാരിക്കുന്ന താരം ഇംഗ്ലീഷ് പഠിക്കുകയാണെന്നും അറിയിച്ചു. “പുതിയ ഭാഷയുള്ള ഒരു സ്ഥലത്ത് നിൽക്കുക എന്നുള്ളത് പ്രയാസമുള്ള കാര്യമാണ്. പക്ഷെ തിങ്കളാഴ്ചയും വെള്ളിയാഴ്ചയും ഞാൻ ഇംഗ്ലീഷ് പഠിക്കാൻ ഉപയോഗിക്കുന്നുണ്ട്. അടിസ്ഥാനപരമായ കാര്യങ്ങൾ ആണ് പഠിച്ചു കൊണ്ടിരിക്കുന്നത് ” സിൽവ അറിയിച്ചു.