വിനീഷ്യസിന്റെ സാഹചര്യങ്ങളിൽ കണ്ണുംനട്ട് പിഎസ്ജി,അവസരം മുതലെടുത്തേക്കും

റയൽ മാഡ്രിഡിന്റെ ബ്രസീലിയൻ മാന്ത്രികനായ വിനീഷ്യസ് ജൂനിയറാണ് ഇന്ന് ഫുട്ബോൾ ലോകത്ത് ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെടുന്ന താരം.ലാലിഗയിൽ വലൻസിയക്കെതിരെ നടന്ന മത്സരത്തിനിടയിൽ ക്രൂരമായ വംശീയ അധിക്ഷേപങ്ങൾക്ക് വിനീഷ്യസ് ഇരയായിരുന്നു.കണ്ണീർ തൂകുന്ന വിനീഷ്യസിനെ പോലും നമുക്ക് കളിക്കളത്തിൽ കാണാൻ കഴിഞ്ഞിരുന്നു.ഫുട്ബോൾ ലോകം ഒന്നടങ്കം ഇപ്പോൾ വിനീഷ്യസിനൊപ്പമാണ് നിലകൊള്ളുന്നത്.

ഇത്തരത്തിലുള്ള സംഭവങ്ങൾ നേരത്തെ ഒരുപാട് തവണ അരങ്ങേറിയിരുന്നു.നിരവധി തവണ ലാലിഗക്ക് പരാതി നൽകിയിട്ടും വംശീയ അധിക്ഷേപങ്ങൾ തടയാനുള്ള യാതൊരുവിധ നടപടികളും ലാലിഗ കൈകൊണ്ടിരുന്നില്ല.ഇത് വിനീഷ്യസ് ജൂനിയറെ വല്ലാതെ ചൊടിപ്പിച്ചിട്ടുണ്ട്.ലാലിഗയും വിനീഷ്യസും ഒരു തുറന്ന യുദ്ധം തന്നെയാണ് ഇപ്പോൾ നടത്തുന്നത്.

ഇതിനിടെ വിനീഷ്യസ് ജൂനിയർ ലാലിഗ വിട്ടു പോവാൻ സാധ്യതയുണ്ടെന്ന് ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.റയൽ മാഡ്രിഡുമായി ദീർഘകാലത്തെ കോൺട്രാക്ട് ഉള്ള വിനീഷ്യസിന് ക്ലബ്ബിൽ തന്നെ തുടരാനാണ് താല്പര്യമുള്ളത്.പക്ഷേ ലാലിഗയിൽ നിന്ന് ഇനിയും ഇത്തരത്തിലുള്ള അധിക്ഷേപങ്ങളും അപഹാസ്യങ്ങളും നേരിടേണ്ടി വന്നാൽ വിനീഷ്യസ് ജൂനിയർ ലാലിഗ വിടുന്നത് പരിഗണിക്കാൻ സാധ്യതയുണ്ട്.

വിനീഷ്യസിന്റെ നിലവിലെ അവസ്ഥ കൃത്യമായി ഫ്രഞ്ച് ഭീമന്മാരായ പിഎസ്ജി നിരീക്ഷിക്കുകയും പിന്തുടരുകയും ചെയ്യുന്നുണ്ട്.ലാലിഗ വിടാനുള്ള തീരുമാനം വിനീഷ്യസ് എടുത്തു കഴിഞ്ഞാൽ ഉടൻതന്നെ താരത്തിന് വേണ്ടി ശ്രമങ്ങൾ നടത്താനാണ് പിഎസ്ജി തീരുമാനിച്ചിരിക്കുന്നത്.നേരത്തെ തന്നെ വിനീഷ്യസിൽ പിഎസ്ജിക്ക് താല്പര്യമുണ്ടായിരുന്നുവെങ്കിലും അദ്ദേഹം റയലിൽ അൺടച്ചബിളായിട്ടുള്ള ഒരു താരമായിരുന്നു.പക്ഷേ നിലവിലെ സാഹചര്യങ്ങൾ മുതലെടുക്കാനുള്ള ശ്രമങ്ങൾ പിഎസ്ജിയുടെ ഭാഗത്ത് നിന്നുണ്ടായേക്കും.

എംബപ്പേയും വിനീഷ്യസും സുഹൃത്തുക്കളാണ്.അത് ഉപയോഗപ്പെടുത്താനുള്ള ശ്രമങ്ങളും ഒരുപക്ഷേ പിഎസ്ജി നടത്തിയേക്കും.വിനീഷ്യസ് ലാലിഗ വിടാൻ തീരുമാനിച്ചാൽ പ്രീമിയർ ലീഗ് ക്ലബ്ബുകളും അദ്ദേഹത്തിന് വേണ്ടി ശ്രമിക്കും എന്ന കാര്യത്തിൽ തർക്കങ്ങൾ ഒന്നുമില്ല.പക്ഷേ ഇവിടെ തീരുമാനം എടുക്കേണ്ട വ്യക്തി വിനീഷ്യസാണ്.അദ്ദേഹം ലാലിഗ വിടാൻ തീരുമാനിച്ചാൽ ട്രാൻസ്ഫർ മാർക്കറ്റിൽ ഒരു കടുത്ത പോരാട്ടം തന്നെ നമുക്ക് കാണാൻ കഴിഞ്ഞേക്കും.

2.3/5 - (7 votes)