വിനിഷ്യസ് വിഷയം കളത്തിന് പുറത്തേക്ക്; വമ്പൻ നീക്കവുമായി റയൽ മാഡ്രിഡ്‌

കഴിഞ്ഞ ദിവസം ലാലിഗയിൽ നടന്ന റയൽ മാഡ്രിഡ്‌- വലൻസിയ മത്സരത്തിൽ റയൽ മാഡ്രിഡ്‌ താരം വിനിഷ്യസ് ജൂനിയറിന് നേരെ വലൻസിയ ആരാധകർ നടത്തിയ വംശീയധിക്ഷേപത്തിൽ നിയമനടപടിയുമായി റയൽ മാഡ്രിഡ്‌. ക്ലബ്‌ പുറത്തിറക്കിയ ഔദ്യോഗിക വാർത്താ കുറിപ്പിലാണ് സംഭവത്തിൽ നിയമനടപടിയുമായി ക്ലബ്‌ മുന്നോട്ട് പോകുന്ന കാര്യം വ്യക്തമാക്കിയത്.

വിനിഷ്യസിനെതിരായ വംശീയധിക്ഷേപത്തിൽ ക്ലബ്‌ അപലപ്പിക്കുന്നു. സംഭവത്തിൽ സ്പാനിഷ് അറ്റോണി ജനറലിന് പരാതി നൽകിയതായും ക്ലബ്‌ അറിയിച്ചു. സംഭവത്തിൽ വിശദമായി അന്വേഷണം നടത്തണമെന്നും ക്ലബ്‌ ആവശ്യപ്പെട്ടു.സ്പാനിഷ് ഭരണഘടനയിലെ ആർട്ടിക്കിൾ 124 പ്രകാരം പൗരന്മാരുടെ അവകാശങ്ങൾ, പൊതുതാല്പര്യങ്ങൾ എന്നിവ സംരക്ഷിക്കപ്പെടേണ്ടതാണെന്നും അറ്റോണി ജനറൽ സംവിധാനം സ്ഥാപിതമായത് ഇവ പാലിക്കപ്പെടാനാണെന്നും ക്ലബ്ബിന്റെ വാർത്താ കുറിപ്പിൽ പറയുന്നു.

റയൽ മാഡ്രിഡ്‌ സംഭവുമായി ബന്ധപ്പെട്ട് അറ്റോണി ജനറലിനെ സമീപിച്ചതോടെ വിഷയം കളിക്കളത്തിന് പുറത്തേക്ക് എത്തിയിരിക്കുന്നു. കളിക്കളത്തിനുള്ളിൽ ഈ സംഭവത്തിന് നീതി കിട്ടാൻ സാധ്യതയില്ലെന്ന് വിനിഷ്യസിന്റെ വാക്കുകളിൽ നിന്ന് വ്യക്തമാണ്.

ലാലിഗയിൽ ഇത്തരത്തിലുള്ള വംശീയധിക്ഷേപം ആവർത്തിക്കുകയാണ് എന്നും ഫെഡറേഷനും ലാലിഗയും ഇതിനെ പ്രോത്സാഹിപ്പിക്കുന്ന സമീപനമാണ് സ്വീകരിക്കുന്നതെന്നും വിനിഷ്യസ് പ്രതികരിച്ചിരുന്നു. കൂടാതെ വിഷയത്തിൽ ലാലിഗ പ്രസിഡന്റ്‌ ഹാവിയർ ടെബാസിന്റെ മൗനവും വലിയ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.

Rate this post