“മികച്ച വിജയങ്ങളോടെ കിരീടത്തിലേക്ക് കൂടുതൽ അടുത്ത് റയൽ മാഡ്രിഡും ,പിഎസ്ജി യും ബയേൺ മ്യൂണിക്കും ; എഫ്എ കപ്പിൽ ചെൽസി ലിവർപൂൾ കലാശ പോരാട്ടം”
സ്പാനിഷ് ലാ ലീഗയിൽ ഇഞ്ചുറി ടൈമിൽ സൂപ്പർ താരം കരീം ബെൻസിമ നേടിയ ഗോളിൽ സെവിയ്യയെ കീഴടക്കി കിരീടത്തിലേക്ക് കുതിക്കുകയാണ് റയൽ മാഡ്രിഡ. അവിശ്വസനീയമായ തിരിച്ചുവരവിലൂടെയാണ് എവേ മത്സരത്തിൽ റയൽ മാഡ്രിഡ് സെവിയ്യക്കെതിരെ വിജയം നേടിയത്. ആദ്യ പകുതിയിൽ രണ്ടു ഗോളിന് പുറകിൽ നിന്ന റയൽ രണ്ടാം പകുതിയിൽ മൂന്നു ഗോൾ നേടിയാണ് വിജയം പിടിച്ചെടുത്തത്.
മത്സരത്തിൽ ആദ്യ പകുതിയിൽ 25 മിനുട്ടുകളിൽ തന്നെ റയൽ മാഡ്രിഡ് രണ്ട് ഗോളുകൾക്ക് പിറകിൽ പോയി. 21ആം മിനുട്ടിൽ ലഭിച്ച ഫ്രീകിക്കിൽ നിന്ന് മുൻ ബാഴ്സലോണ താരം കൂടിയായ ഇവാൻ റാകിറ്റിച് ആണ് സെവിയ്യയുടെ ആദ്യ ഗോൾ നേടിയത്.25ആം മിനുട്ടിൽ അര്ജന്റീന താരം ലാമെല രണ്ടാമത്തെ ഗോൾ നേടി.രണ്ടാം പകുതിയിൽ സബ്ബായി ഇറങ്ങിയ റോഡ്രിഗോ 50 ആം മിനുട്ടിൽ ഗോൾ നേടി റയലിനെ കളിയിലേക്ക് തീരിച്ചു കൊണ്ട് വന്നു.കാർവഹാലിന്റെ പാസിൽ നിന്നായിരുന്നു റോഡ്രിഗോയുടെ ഗോൾ. 75ആം മിനുട്ടിൽ വിനീഷ്യസിലൂടെ റയൽ രണ്ടാം ഗോൾ നേടി എങ്കിലും റഫറി വിവാദ തീരുമാനത്തിലൂടെ ഗോൾ നിഷേധിച്ചു. വിനീഷ്യസിന്റെ കയ്യിൽ പന്ത് തട്ടി എന്നാണ് റഫറി കണ്ടെത്തിയത് എങ്കിലും റീപ്ലേകളിൽ അത് വ്യക്തമായിരുന്നില്ല.
82ആം മിനുട്ടിൽ സമനില ഗോൾ കണ്ടെത്തി. കർവഹാൽ നൽകിയ പാസ് നാചോ ആണ് പന്ത് വലയിൽ എത്തിച്ചത്. വിജയ ഗോളിനായി പോരാടിയായ റയലിനായി അതി നിർണായക നിമിഷത്തിൽ ഒരിക്കൽ കൂടെ രക്ഷകനായി ബെൻസിമ അവതരിച്ചു.മത്സരത്തിന്റെ തൊണ്ണൂറ്റി രണ്ടാം മിനുട്ടിൽ വിനീഷ്യസ് ജൂനിയർ മനോഹരമായ മറിച്ചു നൽകിയ പന്ത് റോഡ്രിഗോയിലൂടെ അയാളിലേക്ക് പാസ് ചെയ്യപ്പെടുന്നു.ബോക്‌സിൽ പ്രതിരോധ കോട്ട കെട്ടിയ സെവിയ്യ ഡിഫൻഡർമാരുടെ ഇടയിൽ പാസ് സ്വീകരിച്ചു ബോളിനെ ഷോട്ട് പൊസിഷനിലേക്ക് ക്രമീകരിച്ചു ഗോൾ വലയെ തുളച്ചു കൊണ്ട് ഫ്രഞ്ച് താരം ഗോൾ നേടി.ഈ ജയത്തോടെ റയൽ മാഡ്രിഡിന് 32 മത്സരങ്ങളിൽ നിന്ന് 75 പോയിന്റിൽ നിൽക്കുകയാണ്. മൂന്നാമതുള്ള സെവിയ്യക്ക് 32 മത്സരങ്ങളിൽ നിന്ന് 60 പോയിന്റാണ് ഉള്ളത്. രണ്ടാമതുള്ള ബാഴ്സക്ക് 60 പോയിന്റുണ്ട്. ബാഴ്സലോണ രണ്ട് മത്സരം കുറവാണ് കളിച്ചത്.
ഫ്രഞ്ച് ലീഗ് 1 ൽ മികച്ച വിജയം നേടി പാരീസ് സെന്റ് ജെർമെയ്ൻ.രണ്ടാം സ്ഥാനത്തുള്ള മാഴ്സയെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് പിഎസ്ജി പരാജയപ്പെടുത്തിയത്.പി എസ് ജിയുടെ ഹോം ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ 12ആം മിനുട്ടിൽ പി എസ് ജി ലീഡ് എടുത്തു. വെറട്ടിയുടെ പാസിൽ നിന്ന് നെയ്മർ ആണ് ഗോൾ നേടിയത്. 31 ആം മിനുട്ടിൽ ഡി കാലേറ്റ-കാർ നേടിയ ഗോളിൽ മാഴ്സെ സമനില ഗോൾ നേടി.45 ആം മിനുട്ടിൽ പെനാൾട്ടിയിൽ നിന്ന് എമ്പപ്പെ വിജയ ഗോൾ നേടി.ഈ വിജയത്തോടെ പി എസ് ജിക്ക് 32 മത്സരങ്ങളിൽ നിന്ന് 74 പോയിന്റായി. രണ്ടാമതുള്ള മാഴ്സെക്കും 59 പോയിന്റ് മാത്രമെ ഉള്ളൂ. അടുത്ത മത്സരത്തിൽ വിജയം നേടിയാൽ പിഎസ്ജി ക്ക് കിരീടം ഉറപ്പിക്കാം.
അടുത്ത ആഴ്ച നടക്കുന്ന മത്സരത്തിൽ ബൊറൂസിയ ഡോർട്ട്മുണ്ടിനെ പരാജയപ്പെടുത്തിയാൽ തുടർച്ചയായ പത്താം ബുണ്ടസ് ലീഗ കിരീടം നേടാൻ ബയേൺ മ്യൂണിക്കിനാവും. ഇന്നലെ നടന്ന മത്സരത്തിൽ തരംതാഴ്ത്തൽ ഭീഷണി നേരിടുന്ന അർമിനിയ ബിലെഫെൽഡിനെതിരെ 3-0 വിജയത്തോടെ കിരീടത്തിലേക്ക് കൂടുതൽ അടുത്തിരിക്കുകയാണ്. മത്സരം തുടങ്ങി ജേക്കബ് ലോർസന്റെ സെൽഫ് ഗോളിൽ ബയേൺ മുന്നിലെത്തി. ഒന്നാം പകുതിയുടെ ഇഞ്ചുറി ടൈമിൽ സെർജ് ഗനാബ്രിയുടെ ഗോളിൽ റയൽ ലീഡുയർത്തി. 84 മത്തെ മിനിറ്റിൽ പകരക്കാനായി ഇറങ്ങിയ ജമാൽ മുസിയാല ലെവൻഡോവ്സ്കിയുടെ പാസിൽ നിന്നു നേടിയ ഗോളോടെ വിജയം പൂർത്തിയാക്കി .ഈ സീസണിൽ 23 ഗോളുകൾ മാത്രമാണ് അർമിനിയ ബിലെഫെൽഡ് നേടിയത് ലെവൻഡോവ്സ്കിയെക്കാൾ ഒന്പത് ഗോൾ കുറവാണു നേടിയത്. 30 മത്സരങ്ങളിൽ നിന്നും ബയേണിന് 72 പൈന്റും ഡോർട്മുണ്ടിന് 63 പോയിന്റുമാണുള്ളത്.
ക്രിസ്റ്റൽ പാലസിനെ ഏകപക്ഷീയമായ രണ്ട് ഗോളിന് കീഴടക്കി ചെൽസി എഫ്എ കപ്പ് ഫൈനലിൽ. റൂബൻ ലോഫ്റ്റസ് ചീക്കും, മേസൺ മൗണ്ടുമാണ് ചെൽസിയുടെ ഗോളുകൾ നേടിയത്. 65, 76 മിനിറ്റുകളിൽ ആയിരുന്നു ഗോളുകൾ. ആദ്യ പകുതിയിൽ ഗോൾ ഒന്നും വഴങ്ങാതെ ക്രിസ്റ്റൽ പാലസ് മികച്ച രീതിയിൽ പൊരുതിയെങ്കിലും സെക്കൻഡ് ഹാഫിൽ ചെൽസിക്ക് മുന്നിൽ പിടിച്ചു നിൽക്കാനായില്ല. പരിക്കേറ്റ കൊവാസിച്ചിന് പകരക്കാരനായി വന്നാണ് മിഡ്‌ഫീൽഡർ ലോഫ്റ്റസ് ചീക്ക് ചെൽസിക്കായി ലീഡ് സമ്മാനിച്ചത്. അടുത്ത മാസം നടക്കുന്ന എഫ്എ കപ്പ് ഫൈനലിൽ ലിവർപൂളാണ് ചെൽസിയുടെ എതിരാളികൾ. ലീഗ് കപ്പിലെ തോൽവിക്ക് ലിവർപൂളിനോട് പകരം ചോദിക്കാനുള്ള അവസരം കൂടിയാണ് തോസ് ടുക്കലിന്റെ ടീമിന് കൈവന്നിരിക്കുന്നത്.