ഇത്രയ്ക്കും ചീപ്പാണോ പിഎസ്ജി ഫാൻസ്‌; നെയ്മറുടെ വീടിന് മുന്നിൽ ആരാധകർ നടത്തിയ പ്രതിഷേധത്തിന്റെ വീഡിയോ പുറത്ത്

ബ്രസീലിയൻ സൂപ്പർ താരം നെയ്മറുടെ വീടിന് മുന്നിൽ പ്രതിഷേധവുമായി പി എസ് ജി ആരാധകർ. ഇന്ന് രാവിലെയോടെയാണ് പി എസ് ജി ആരാധകർ ഫ്രാൻസിലെ നെയ്മറുടെ വസതിക്കു മുന്നിലെത്തി പ്രതിഷേധമുയർത്തിയത്. ഇതിന്റെ വീഡിയോയും സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്.

നേരത്തെ സൂപ്പർതാരം ലയണൽ മെസ്സിക്കെതിരെയും പി എസ് ജി ആരാധകർ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. മെസ്സി പി എസ് ജിയുടെ പുതിയ കരാറിൽ ഒപ്പുവെക്കാത്ത സാഹചര്യത്തിലാണ് മെസ്സിക്കെതിരെ പ്രതിഷേധവുമായി പി എസ് ജി ആരാധകരെത്തിയത്. മെസ്സിക്കെതിരെ തെറിവിളികളടക്കമാണ് പി എസ് ജി ആരാധകർ ഉയർത്തിയത്. ആരാധകരുടെ ഈ നീക്കത്തിൽ പി എസ് ജി അപലപിക്കുകയും ചെയ്തിരുന്നു.

മെസ്സിക്കെതിരെ പ്രതിഷേധം ഉയർത്തിയതിന് പിന്നാലെയാണ് ആരാധകരിൽ ചിലർ നെയ്മറുടെ വീടിനുമുമ്പിലും പ്രതിഷേധമുയർത്തിയത്. നെയ്മറിനോട് ക്ലബ്ബ് വിടണം എന്ന് ആവശ്യമാണ് ആരാധകർ ഉയർത്തിയത്. ക്ലബ്ബിന്റെ നിലവിലത്തെ മോശം അവസ്ഥക്ക് കാരണം നെയ്മർ ആണെന്നും ചില ആരാധകർ പറയുന്നു.അതേസമയം പിഎസ്ജി വിൽക്കാൻ ആഗ്രഹിക്കുകയും എന്നാൽ ക്ലബ്ബ് വിട്ടു പോകാൻ താല്പര്യവുമില്ലാത്ത താരമാണ് നെയ്മർ. നേരത്തെ തന്നെ നെയ്മറെ വിൽക്കാൻ പി എസ് ജി ശ്രമങ്ങൾ നടത്തിയിരുന്നു. എന്നാൽ ക്ലബ്ബ് വിട്ടു പോകാൻ നെയ്മർ തയ്യാറായില്ല.

നെയ്മർക്ക് പകരം ഫ്രാൻസിന്റെ തന്നെ ചില യുവതാരങ്ങളെ സ്വന്തമാക്കാനാണ് പി എസ് ജി ശ്രമിക്കുന്നത്. എന്നാൽ നെയ്മർ ക്ലബ്ബ് വിട്ടു പോകാത്തതിനാൽ പുതിയ ട്രാൻസ്ഫറുകൾ നടത്താൻ പി എസ് ജിയ്ക്കും സാധിക്കുന്നില്ല. നെയ്മർ പി എസ് ജിയിൽ വാങ്ങുന്ന ഉയർന്ന പ്രതിഫലവും ക്ലബ്ബിനെ അദ്ദേഹത്തെ വിൽക്കാൻ പ്രേരിപ്പിക്കുന്ന ഘടകമാണ്.

കൂടാതെ നെയ്മറിനേക്കാൾ പി എസ് ജി കൂടുതൽ മൂല്യം കൽപ്പിക്കുന്നത് എംബാപ്പെയ്ക്കാണ്. എംബാപ്പയും നെയ്മറും തമ്മിലുണ്ടായ പ്രശ്നങ്ങൾ പി എസ് ജി മാനേജ്മെന്റിൽ ചിലർ നെയ്മർക്കെതിരെ തിരിയാൻ കാരണമായിട്ടുണ്ട്.എന്നാൽ പി എസ് ജിക്ക് വേണ്ടി ചാമ്പ്യൻസ് ലീഗ് കിരീടം നേടിയതിനു ശേഷം മാത്രമേ ക്ലബ്ബ് വിടുകയുള്ളൂ എന്ന നിലപാടാണ് നെയ്മർ നേരത്തെ അറിയിച്ചത്. നിലവിൽ 2027 വരെ നെയ്മറിന് പി എസ് ജിയുമായി കരാറുണ്ട്.