കുതിരയോട്ടത്തിനിടെ അപകടം, പിഎസ്‌ജി താരം ഗുരുതരാവസ്ഥയിൽ

കുതിരയോട്ടം നടത്തുന്നതിനിടെ പരിക്കേറ്റ പിഎസ്‌ജി താരം ഗുരുതരാവസ്ഥയിൽ. പിഎസ്‌ജി ഗോൾകീപ്പറായ സെർജിയോ റിക്കോക്കാണ് ഇന്ന് നടന്ന അപകടത്തിൽ പരിക്കേറ്റത്. പിഎസ്‌ജിയുടെ രണ്ടാം നമ്പർ ഗോൾകീപ്പറാണ് സെർജിയോ റിക്കോ. സ്‌പാനിഷ്‌ മാധ്യമങ്ങൾ ആദ്യം പുറത്തു വിട്ട ഈ റിപ്പോർട്ടുകൾ ഫ്രഞ്ച് ലീഗ് ചാമ്പ്യന്മാർ സ്ഥിരീകരിച്ചിട്ടുണ്ട്.

സ്‌പാനിഷ്‌ താരമായ സെർജിയോ റിക്കോക്ക് സെവിയ്യയിൽ വെച്ചാണ് അപകടം സംഭവിച്ചത്. സെവിയ്യയിലെ വിർജിൻ ഡെൽ റോസിയോ ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ താരം ചികിത്സയിൽ തുടരുകയാണ്. സംഭവത്തെക്കുറിച്ച് വിവരം ലഭിച്ചിട്ടുണ്ടെന്നും റിക്കോയുടെ കുടുംബവുമായി സ്ഥിരമായി ബന്ധം പുലർത്തി വിവരങ്ങൾ അന്വേഷിക്കുന്നുണ്ടെന്നും പിഎസ്‌ജി വ്യക്തമാക്കി.

സ്‌പാനിഷ്‌ താരമായ സെർജിയോ റിക്കോ ഒരു സീസൺ നീണ്ട ലോൺ കരാറിന് ശേഷം 2020ലാണ് ഫ്രഞ്ച് ക്ലബ്ബിലേക്ക് ചേക്കേറിയത്. സെവിയ്യ. ഫുൾഹാം, മയോർക്ക തുടങ്ങിയ ക്ലബുകൾക്ക് വേണ്ടി കളിച്ചിട്ടുള്ള താരം 2016ൽ സ്പെയിൻ ദേശീയ ടീമിന് വേണ്ടിയും കളിച്ചിട്ടുണ്ട്. താരത്തിനു അപകടം പറ്റിയതിൽ മുൻ ക്ലബായ സെവിയ്യ ദുഃഖം രേഖപ്പെടുത്തുകയും പെട്ടന്ന് അസുഖം ഭേദമാകട്ടെ എന്ന് അറിയിക്കുകയും ചെയ്‌തു.

താരത്തിന്റെ നില ഗുരുതരമായി തുടരുകയാണെന്നാണ് നിലവിലെ റിപ്പോർട്ടുകൾ പറയുന്നത്. കഴിഞ്ഞ ദിവസം പിഎസ്‌ജി ഫ്രഞ്ച് ലീഗ് കിരീടം നേടിയതിനു പിന്നാലെയാണ് റിക്കോക്ക് അപകടം സംഭവിച്ചിരിക്കുന്നത്. ഡോണറുമ്മക്ക് കീഴിൽ ബാക്കപ്പ് താരമായി കളിക്കുന്ന റിക്കോ ക്ലബിൽ എത്തിയതിനു ശേഷം ഇരുപത്തിനാലു തവണയാണ് കളത്തിലിറങ്ങിയിരിക്കുന്നത്.

Rate this post