“പിഎസ്ജി ഒരു കമ്പനിയാണ്, ഫുട്ബോൾ ക്ലബ്ബല്ല” : വിമർശനവുമായി തിയറി ഹെൻറി
ഞായറാഴ്‌ച എഎസ് മൊണാക്കോയ്‌ക്കെതിരായ ഞെട്ടിക്കുന്ന തോൽവിക്ക് ശേഷം പാരീസ് സെന്റ് ജെർമെയ്‌ൻ ഒരു ഫുട്‌ബോൾ ക്ലബ്ബിനെപ്പോലെയല്ല, ഒരു കമ്പനിയെപ്പോലെയാണ് നടത്തുന്നതെന്ന് ആഴ്‌സണൽ ഇതിഹാസം തിയറി ഹെൻറി അഭിപ്രായപ്പെട്ടു.
നെയ്മർ, കൈലിയൻ എംബാപ്പെ എന്നിവരെപ്പോലുള്ള നിരവധി സൂപ്പർ താരങ്ങൾ അണിനിരന്നിട്ടും പിഎസ്ജി ക്കെതിരെ ഫിലിപ്പ് ക്ലെമന്റിന്റെ ടീം 3-0 ന് സുഖകരമായ വിജയം നേടി.കഴിഞ്ഞ ആറ് മത്സരങ്ങളിൽ പിഎസ്ജി നേരിടുന്ന മൂന്നാമത്തെ തോൽവിയാണിത്. റയൽ മാഡ്രിഡിനോട് പരാജയപ്പെട്ടതോടെ ചാമ്പ്യൻസ് ലീഗിൽ നിന്നും പുറത്തായ പിഎസ്ജിയെ ബോർഡോയ്‌ക്കെതിരായ ലീഗ് 1 പോരാട്ടത്തിൽ കൂവലോടെയാണ് കാണികൾ എതിരേറ്റത്.
കഴിഞ്ഞ മത്സരങ്ങളിലെ മോശം പ്രകടനത്തിന്റെ പശ്ചാത്തലത്തിൽ ഹെൻറി കളിക്കാരെയും ക്ലബിനെയും നിശിച്ചതമായി വിമർശിച്ചു .” മുൻ പിഎസ്ജിയും ഇപ്പോഴത്തെ ക്ലബും തമ്മിൽ ബന്ധത്തിന്റെ വലിയ അഭാവമുണ്ട്.ഇത് ഒരു കമ്പനി പോലെയാണ് കൈകാര്യം ചെയ്യുന്നത്, ഒരു ക്ലബ്ബ് പോലെയല്ല; കമ്മ്യൂണിറ്റിയുമായുള്ള ആ ബന്ധം നിങ്ങൾ വീണ്ടും കണ്ടെത്തണം ,ആരാധകരെ തിരിച്ചു കൊണ്ട് വരണം ” ഹെൻറി പറഞ്ഞു.
“കഴിഞ്ഞയാഴ്‌ച പിഎസ്‌ജി ആരാധകർ മെസിയെ കൂക്കിവിളിച്ചു. എങ്ങിനെയാണ് എക്കാലത്തെയും മികച്ച താരത്തെ നിങ്ങൾക്ക് കൂക്കിവിളിക്കാൻ കഴിയുന്നത്. അവനാണ് ലീഗ് വണിൽ ഏറ്റവുമധികം അസിസ്റ്റ് നൽകിയിട്ടുള്ളത്. മെസിയില്ലാതെ ഈ ടീം ഇന്നൊന്നും ചെയ്‌തിട്ടില്ല” മെസ്സിയെ പിന്തുണച്ചും ഹെൻറി രംഗത്തെത്തി.