മെസിയെ നിലനിർത്താൻ പിഎസ്‌ജി, കരാർ ചർച്ചകൾ വീണ്ടും തുടങ്ങാൻ തയ്യാർ |Lionel Messi

ലയണൽ മെസിയുടെ കാര്യത്തിൽ പിഎസ്‌ജിയുടെ നിലപാടുകൾ മാറുന്നു. ലോറിയന്റിനെതിരെ നടന്ന ലീഗ് മത്സരത്തിലെ തോൽവിക്ക് ശേഷം ക്ലബിന്റെ അനുമതിയില്ലാതെ സൗദിയിലേക്ക് യാത്ര ചെയ്‌തതിന്റെ പേരിൽ ദിവസങ്ങൾക്ക് മുൻപ് മെസിക്കെതിരെ പിഎസ്‌ജി നടപടി എടുത്തിരുന്നു. താരത്തെ രണ്ടാഴ്‌ച പ്രതിഫലം പോലുമില്ലാതെ സസ്‌പെൻഡ് ചെയ്യുകയാണ് ഫ്രഞ്ച് ക്ലബ് ചെയ്‌തത്‌.

ഇതിനു പിന്നാലെ മെസിക്കെതിരെ ഫ്രാൻസിൽ പ്രതിഷേധം ആരംഭിച്ചെങ്കിലും അതിനെ തണുപ്പിച്ചു കൊണ്ടാണ് താരത്തിന്റെ പ്രതികരണം വരുന്നത്. എന്തുകൊണ്ടാണ് അങ്ങിനെ സംഭവിച്ചതെന്നു വ്യക്തമാക്കിയ താരം സംഭവത്തിൽ സഹതാരങ്ങളോട് ക്ഷമാപണവും നടത്തിയിരുന്നു. മെസിയുടെ ഈ പ്രൊഫെഷണൽ സമീപനം പിഎസ്‌ജിക്കും വളരെയധികം ബോധിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.

ദി ടൈംസ് റിപ്പോർട്ട് ചെയ്യുന്നത് പ്രകാരം ലയണൽ മെസിയെ ക്ലബിൽ തന്നെ നിലനിർത്താനാണ് പിഎസ്‌ജി ആഗ്രഹിക്കുന്നത്. നേരത്തെ താരത്തിന് ഓഫർ നൽകിയിരുന്നെങ്കിലും അത് നിഷേധിക്കുകയാണ് മെസി ചെയ്‌തത്‌. എന്നാൽ ആ കരാർ ചർച്ചകൾ വീണ്ടുമാരംഭിക്കാൻ പിഎസ്‌ജി നേതൃത്വം തയ്യാറാണ്. മെസിയെ വിട്ടുകൊടുക്കാൻ പിഎസ്‌ജിക്ക് യാതൊരു താൽപര്യവുമില്ല.

നിലവിൽ ബാഴ്‌സലോണക്ക് പുറമെ സൗദി അറേബ്യയിൽ നിന്നും ക്ലബുകളും പ്രീമിയർ ലീഗിൽ നിന്നുള്ള ക്ലബുകളും ലയണൽ മെസിക്ക് വേണ്ടി ശ്രമം നടത്തുന്നുണ്ട്. എന്നാൽ ഇവർക്ക് മെസിയെ വിട്ടുകൊടുക്കാൻ പിഎസ്‌ജിക്ക് യാതൊരു താൽപര്യവുമില്ല. ഫുട്ബോൾ ലോകത്തെ ഏറ്റവും മികച്ച താരം തങ്ങൾക്കൊപ്പം ഉണ്ടാകണമെന്ന് ആഗ്രഹിക്കുന്ന പിഎസ്‌ജി അതിനുള്ള നീക്കങ്ങൾ ആരംഭിച്ചു കഴിഞ്ഞു.

എന്നാൽ പിഎസ്‌ജിയുടെ ഓഫർ ലയണൽ മെസി സ്വീകരിക്കാനുള്ള യാതൊരു സാധ്യതയുമില്ല. ആത്മാർത്ഥത കാണിച്ചിട്ടും പിഎസ്‌ജിയിൽ നിന്നും താൻ നേരിട്ട അനുഭവങ്ങൾ താരത്തിന് അത്രയധികം അസംതൃപ്‌തി നൽകുന്നതായിരുന്നു. അതുകൊണ്ടു തന്നെ ഈ സീസൺ അവസാനിച്ചതിന് ശേഷം യൂറോപ്പിലെ മറ്റൊരു ക്ലബ്ബിലേക്ക് ചേക്കേറാനാണ് മെസി തയ്യാറെടുക്കുന്നത്.

1/5 - (2 votes)