❝മെസ്സിയെ സാക്ഷി നിർത്തി തകർപ്പൻ ജയം കുറിച്ച് പിഎസ്ജി ; വിജയത്തോടെ റയൽ മാഡ്രിഡ് തുടങ്ങി ; ഹാലാൻഡിന്റെ മികവിൽ ഡോർട്ട്മുണ്ട്❞

സൂപ്പർ താരം ലയണൽ മെസ്സി എത്തിയതിനു ശേഷമുള്ള ആദ്യ മത്സരത്തിൽ പിഎസ്ജി ക്ക് തകർപ്പൻ ജയം . ഇന്നലെ നടന്ന മത്സരത്തിൽ സ്റ്റ്രാസ്ബർഗിനെ രണ്ടിനെതിരെ നാലു ഗോളുകൾക്കാണ് പരാജയപ്പെടുത്തിയത്. മത്സരത്തിന് മുമ്പായി മെസ്സി അടക്കമുള്ള പുതിയ സൈനിംഗുകളെ പി എസ് ജി സ്റ്റേഡിയത്തിൽ കാണികൾക്ക് മുമ്പാകെ അവതരിപ്പിച്ചിരുന്നു.ആദ്യ 27 മിനുട്ടിൽ തന്നെ പി എസ് ജി എതിരില്ലാത്ത മൂന്നു ഗോളുകൾക്ക് മുന്നിലെത്തിയിരുന്നു. മൂന്നാം മിനുട്ടിൽ ഇക്കാർഡിയാണ് ആദ്യ ഗോൾ നേടിയത്.25ആം മിനുട്ടിൽ എമ്പപ്പെ തൊടുത്ത ഷോട്ട് വലിയ ഡിഫ്ലക്ഷനോടെ വലയിൽ കയറിയതോടെ പി എസ് ജി ലീഡ് ഇരട്ടിയായി.

പിന്നാലെ 27ആം മിനുട്ടിൽ എമ്പപ്പെയുടെ റൺ തന്നെ പി എസ് ജിക്ക് മൂന്നാം ഗോളും ഒരുക്കി. വലതു വിങ്ങിൽ നിന്ന് എമ്പപ്പെ ഗോൾ മുഖത്തെക്ക് തൊടുത്ത പന്ത് ഡ്രാക്സ്ലർ ആണ് വലയിൽ എത്തിച്ചത്.രണ്ടാം പകുതിയിൽ കാര്യങ്ങൾ മാറിമറിഞ്ഞു. 53ആം മിനുട്ടിൽ ഗമേറോയും 64ആം മിനുട്ടിൽ അജോർകും ഗോൾ നേടിയതോടെ സ്റ്റ്രാസ്ബോർഗ് 3-2 എന്ന നിലയിലേക്ക് കളി മാറ്റി. പക്ഷെ പിന്നാലെ വന്ന ചുവപ്പ് കാർഡ് സന്ദർശകരുടെ പൊരുതൽ അവസാനിപ്പിച്ചു. 85ആം മിനുട്ടിൽ ജികു ആണ് ചുവപ്പ് കണ്ട് പുറത്തു പോയത്. പിന്നാലെ സരാബിയ പി എസ് ജിയുടെ നാലാം ഗോൾ നേടി വിജയം ഉറപ്പിച്ചു. ഈ വിജയത്തോടെരണ്ടു മത്സരങ്ങളിൽ ആറു പോയിന്റുമായി ലീഗിൽ ഒന്നാമത് നിൽക്കുകയാണ് പി എസ് ജി.

ലാ ലീഗയിൽ മികച്ച വിജയത്തോടെ തകർപ്പൻ തുടക്കം കുറിച്ച് റയൽ മാഡിഡ്. ഇന്നലെ നടന്ന മത്സരത്തിൽ അലാവസിനെ നേരിട്ട റയൽ മാഡ്രിഡ് ഒന്നിനെതിരെ നാലു ഗോളുകൾക്കാണ് വിജയിച്ചത്‌. മത്സരത്തിലെ രണ്ടാം പകുതിയിലാണ് ഗോളുകൾ പിറന്നത്.48ആം മിനുട്ടിൽ ബെൻസീമ ആണ് റയലിന് ലീഡ് നൽകിയത്.ഹസാർഡിന്റെ ഒരു ബാക്ക് ഹീൽ അസിസ്റ്റിൽ നിന്നായിരുന്നു ബെൻസീമയുടെ ഗോൾ. 56ആം മിനുട്ടിൽ നാചോ റയലിന്റെ ലീഡ് ഇരട്ടിയാക്കിയത്. വലതു വിങ്ങിൽ നിന്ന് ലൂക മോഡ്രിച് നൽകിയ ക്രോസിൽ നിന്നായിരുന്നു നാചോയുടെ ഗോൾ. പിന്നാലെ 62ആം മിനുട്ടിൽ ബെൻസീമ ലീഡ് ഇരട്ടിയാക്കി. വാല്വെർദെ ഒറ്റയ്ക്ക് കുതിച്ച് പെനാൾട്ടി ബോക്സ് വരെ എത്തി പന്ത് ബെൻസീമയ്ക്ക് കൈമാറി. ബെൻസീമയുടെ ആദ്യ ഷോട്ട് ലക്ഷ്യത്തിൽ എത്തിയില്ല എങ്കിലും താരം തന്നെ റീബൗണ്ടിലൂടെ പന്ത് വലയിൽ എത്തിച്ചു.65ആം മിനുട്ടിൽ ഒരു പെനാൾട്ടിയിലൂടെ അലാവസ് ഒരു ഗോൾ മടക്കി. ഹൊസേലു ആണ് പെനാൾട്ടി ലക്ഷ്യത്തിൽ എത്തിച്ചത്. മത്സരത്തിന്റെ ഇഞ്ച്വറി ടൈമിൽ വിനീഷ്യസ് റയലിന്റെ നാലാം ഗോളും നേടി. റയൽ മാഡ്രിഡിനായി അരങ്ങേറ്റം നടത്തിയ അലാബയുടെ‌ ക്രോസിൽ നിന്നായിരുന്നു വിനീഷ്യസിന്റെ ഗോൾ .

ജർമ്മൻ ബുണ്ടസ്ലീഗിൽ ആദ്യ മത്സരത്തിൽ തകർപ്പൻ ജയവുമായി ബൊറൂസിയ ഡോർട്ട്മുണ്ട്. എർലിംഗ് ഹാളണ്ട് തന്റെ അവിശ്വസനീയ ഗോളടി മികവ് തുടർന്നപ്പോൾ ഫ്രാങ്ക്ഫർട്ടിനെ രണ്ടിനെതിരെ 5 ഗോളുകൾക്ക് ആണ് ഡോർട്ട്മുണ്ട് തകർത്തത്. മത്സരത്തിൽ ഇരട്ടഗോളുകൾ നേടിയ ഹാളണ്ട്‌ മൂന്നു ഗോളുകൾക്ക് കൂടി അവസരം ഒരുക്കി താൻ കഴിഞ്ഞ സീസണിൽ നിർത്തിയിടത്ത് തന്നെയാണ് തുടങ്ങിയത് എന്ന വ്യക്തമായ സൂചന നൽകി.ക്യാപ്റ്റൻ മാർകോ റൂയിസ്, തോർഗൻ ഹസാഡ്,റെയ്‌ന എന്നിവരാണ് ഡോർട്മുണ്ടിന്റെ മറ്റു ഗോളുകൾ നേടിയത്.ഡോർട്ടുമുണ്ടിനായി കളിച്ച 61 കളികളിൽ 62 ഗോളുകൾ ആണ് ഹാളണ്ട്‌ ഇത് വരെ നേടിയത്.

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ചെൽസിയും ലിവർപൂളും തകർപ്പൻ ജയം സ്വന്തമാക്കി.ആദ്യ മത്സരത്തിൽ നോർവിച് സിറ്റിയെ നേരിട്ട ലിവർപൂൾ എതിരില്ലാത്ത മൂന്നു ഗോളുകളുടെ വിജയമാണ് സ്വന്തമാക്കിയത്. ജോട, ഫർമീനോ,സലാ എന്നിവരാണ് ലിവർപൂളിന്റെ ഗോളുകൾ നേടിയത്. ക്രിസ്റ്റൽ പാലസിനെ നേരിട്ട ചെൽസി എതിരില്ലാത്ത മൂന്നു ഗോളുകൾക്കാണ് വിജയിച്ചത്. അലോൺസോ,പുലിസിക്,ചലോബ എന്നിവരാണ് ചെൽസിക്ക് വേണ്ടി ഗോളുകൾ നേടിയത്.

സിരി എ ക്ക് മുൻപുള്ള സന്നാഹ മത്സരത്തിൽ യുവന്റസിന് തകർപ്പൻ ജയം.അലയൻ അറീനയിൽ വെച്ച അറ്റലാന്റയെ നേരിട്ട യുവന്റസ് ഒന്നിനെതിരെ മൂന്നു ഗോളുകൾക്കായിരുന്നു വിജയിച്ചത്. ഡിബാല തിരികെയെത്തിയ മത്സരത്തിൽ താരം ഗോളുമായി തിളങ്ങി. ബെർണഡസ്കി, മൊറാട്ട എന്നിവരാണ് ഗോളുകൾ നേടിയത്.