പിഎസ്‌ജിക്കെതിരെ നടപടിക്ക് സാധ്യത, ചാമ്പ്യൻസ് ലീഗിൽ കളിക്കാൻ കഴിയില്ല

ഫിനാൻഷ്യൽ ഫെയർ പ്ലേ നിയമങ്ങൾ തെറ്റിച്ചതിന്റെ പേരിൽ ഫ്രഞ്ച് ക്ലബായ പിഎസ്‌ജിക്കെതിരെ നടപടിക്ക് സാധ്യത. ലീഗ് വണിലെ മറ്റൊരു ടീമായ മാഴ്‌സക്കെതിരെയും യുവേഫയുടെ നടപടി ഉണ്ടായേക്കാമെന്ന് ഫ്രഞ്ച് മാധ്യമമായ എൽ എക്വിപ്പെയാണ് റിപ്പോർട്ടു ചെയ്‌തത്‌. ഈ സീസണിലെ ചാമ്പ്യൻസ് ലീഗിന് യോഗ്യത നേടിയിട്ടുള്ള ഈ രണ്ടു ക്ലബുകളും യുവേഫയുടെ റഡാറിൽ ആയിരുന്നു. നിയമങ്ങൾ ലംഘിച്ചുവെന്നു കണ്ടെത്തിയതിനെ തുടർന്നാണ് യുവേഫയുടെ ക്ലബ് ഫിനാൻഷ്യൽ കൺട്രോൾ ബോഡി നടപടിയെടുക്കാൻ ഒരുങ്ങുന്നത്.

സാമ്പത്തികപരമായ കാര്യങ്ങളിലുള്ള നടപടികളാണ് ഈ രണ്ടു ക്ലബുകൾക്ക് എതിരെയും സ്വീകരിക്കാൻ പോകുന്നത്. വരുന്ന മൂന്നു വർഷത്തിനിടയിൽ ഈ സാഹചര്യങ്ങളെ മറികടക്കാൻ ക്ലബുകൾക്ക് കഴിഞ്ഞില്ലെങ്കിൽ ശിക്ഷാ നടപടികൾ ഇനിയും ശക്തമായേക്കാം. അതേസമയം ഈ രണ്ടു ക്ലബുകൾക്കും യുവേഫയുടെ നടപടിയെ ചോദ്യം ചെയ്‌ത്‌ കായികലോകത്തെ പരമോന്നത നീതിപീഠമായ കോർട്ട് ഓഫ് ആർബിട്രേഷൻ ഓഫ് സ്പോർട്ടിൽ അപ്പീൽ നൽകാനുള്ള അവസരമുണ്ട്. അപ്പീൽ നൽകിയാൽ അവസാന തീരുമാനം കോടതിയുടേതാകും.

എൽ എക്വിപ്പെയുടെ തന്നെ റിപ്പോർട്ടുകൾ പ്രകാരം യുവേഫയുടെ ഗവേണിങ് ബോഡിക്കെതിരെ അപ്പീൽ നൽകി തങ്ങളുടെ ഭാഗം വെളിപ്പെടുത്താനുള്ള അവസരം പിഎസ്‌ജിക്കുണ്ട്. യൂറോപ്പിലെ മറ്റു ലീഗുകളിൽ നിന്നും വ്യത്യസ്‌തമായി ഫ്രാൻസിലെ ക്ലബ് ഫുട്ബോളിനെ നിയന്ത്രിക്കുന്ന ലീഗ് ഡി ഫുട്ബോൾ പ്രൊഫെഷണൽ കൂടുതൽ നികുതി ചുമത്തുന്നതടക്കം അവർക്ക് ചൂണ്ടിക്കാണിക്കാൻ കഴിയുമെന്നാണ് റിപ്പോർട്ട് പറയുന്നത്. അതേസമയം കണക്കുകളിൽ കൃത്രിമം നടന്നുവെന്നു തെളിയുകയും അത് തിരുത്താൻ പിഎസ്‌ജിക്ക് കഴിയാതിരിക്കുകയും ചെയ്‌താൽ ചാമ്പ്യൻസ് ലീഗിൽ നിന്നും ടീമിനെ അയോഗ്യരാക്കുന്നതടക്കമുള്ള നടപടികൾ ഉണ്ടായേക്കും.

നിലവിൽ ലോകത്തിലെ തന്നെ ഏറ്റവുമധികം പ്രതിഫലം വാങ്ങുന്ന മൂന്നു താരങ്ങൾ പിഎസ്‌ജിയിലാണുള്ളത്. എംബാപ്പെയുടെ കരാർ പുതുക്കിയപ്പോൾ തന്നെ പിഎസ്‌ജി ഫിനാൻഷ്യൽ ഫെയർ പ്ലേ നിയമങ്ങൾ പാലിക്കുന്നില്ലെന്ന വിമർശനം പല ഭാഗത്തു നിന്നും ഉയർന്നിരുന്നു. ഫ്രാൻസിലെ ഈ രണ്ടു ക്ലബുകൾക്ക് പുറമെ യൂറോപ്പിലെ എട്ടു ക്ലബുകൾക്ക് കൂടി ഫിനാൻഷ്യൽ ഫെയർ പ്ലേ നിയമങ്ങൾ തെറ്റിച്ചതിനു യുവേഫയുടെ നോട്ടീസ് ലഭിച്ചിട്ടുണ്ട്. മുപ്പതു ക്ലബുകളുടെ അക്കൗണ്ട് വിവരങ്ങൾ ഈ സമ്മറിന്റെ തുടക്കത്തിൽ യുവേഫ ആവശ്യപ്പെട്ടിരുന്നുവെന്നും റിപ്പോർട്ടുകൾ പറയുന്നു.

Rate this post