പലരും അദ്ദേഹത്തെ ഭയപ്പെടുന്നു,ഞാൻ ഭയപ്പെടുന്നില്ല : റയലിന്റെ സൂപ്പർതാരത്തിന് നെയ്മറുടെ പ്രശംസ

പിഎസ്ജിയുടെ ബ്രസീലിയൻ സൂപ്പർ താരമായ നെയ്മർ ജൂനിയർ ഈ സീസണിൽ അസാമാന്യ ഫോമിലാണ്. ഗോളുകളും അസിസ്റ്റുകളുമായി നെയ്മർ ജൂനിയർ യഥാർത്ഥത്തിൽ ഒരു ആറാട്ട് തന്നെയാണ് നടത്തുന്നത്. 9 മത്സരങ്ങളിൽ നിന്ന് മാത്രമായി 10 ഗോളുകളും 7 അസിസ്റ്റുകളും നെയ്മർ നേടി കഴിഞ്ഞിട്ടുണ്ട്.

ലോകത്തുള്ള പ്രധാനപ്പെട്ട ഡിഫൻഡർമാരെയെല്ലാം നെയ്മർ ഈ കാലയളവിൽ നേരിട്ടിട്ടുണ്ട്. ഈയിടെ DAZN നൽകിയ ചോദ്യോത്തര വേളയിൽ പല ഡിഫൻഡർമാരെ കുറിച്ചും നെയ്മർ മനസ്സ് തുറന്ന് സംസാരിച്ചിരുന്നു. ലിവർപൂൾ ഡിഫൻഡർ വാൻ ഡൈക്ക്, മാഞ്ചസ്റ്റർ സിറ്റി ഡിഫൻഡർ കെയ്ൽ വാക്കർ എന്നിവരെയൊക്കെ നെയ്മർ പ്രത്യേകം എടുത്തു പറഞ്ഞിരുന്നു.

എന്നാൽ അതു മാത്രമല്ല, റയൽ മാഡ്രിഡിന്റെ ജർമൻ ഡിഫൻഡറായ അന്റോണിയോ റൂഡിഗറെ നെയ്മർ പ്രത്യേകം പ്രശംസിച്ചിട്ടുണ്ട്. അതായത് ലോക ഫുട്ബോളിലെ പല സ്ട്രൈക്കർമാരും റൂഡിഗറിനെ ഭയപ്പെടുന്നു എന്നാണ് നെയ്മർ പറഞ്ഞിട്ടുള്ളത്. വളരെയധികം ഭയപ്പെടുത്തുന്ന പ്രതിരോധനിര താരമാണ് റൂഡിഗറെന്നും എന്നാൽ താൻ ഭയപ്പെടുന്നില്ലെന്നും നെയ്മർ കൂട്ടിച്ചേർത്തു.

‘ഞാൻ അദ്ദേഹത്തെ വളരെയധികം ഇഷ്ടപ്പെടുന്നു. അദ്ദേഹം ഭയപ്പെടുത്തുന്ന ഒരു സെന്റർ ബാക്കാണ്. അദ്ദേഹം വളരെ വലിയ ഒരു താരമാണ്, മാത്രമല്ല കരുത്തനുമാണ്. ചില സ്ട്രൈക്കർമാർ അദ്ദേഹത്തെ ഭയപ്പെടുന്നുണ്ട്.ഞാൻ അങ്ങനെ ഭയപ്പെടുന്നൊന്നുമില്ല. പക്ഷേ പല സ്ട്രൈക്കർമാരും അദ്ദേഹത്തെ ഭയപ്പെടുന്നവന്ന് ഞാൻ കരുതുന്നു ‘ നെയ്മർ പറഞ്ഞു.

ഈ സീസണിലായിരുന്നു റൂഡിഗർ ചെൽസിയോട് ബൈ പറഞ്ഞു കൊണ്ട് റയലിൽ എത്തിയത്. ഇപ്പോൾതന്നെ റയലിനൊപ്പം ഒരു കിരീടം നേടാൻ ടോണി റൂഡിഗറിന് സാധിച്ചിട്ടുണ്ട്.യുവേഫ സൂപ്പർ കപ്പാണ് റയൽ മാഡ്രിഡിനൊപ്പം റൂഡിഗർ നേടിയിട്ടുള്ളത്.

Rate this post