ഡി മരിയയും പെരഡെസും പിഎസ്‌ജിക്കെതിരെ, ചാമ്പ്യൻസ് ലീഗിലെ വമ്പൻ പോരാട്ടം നാളെ

ഈ സീസണിലെ യുവേഫ ചാമ്പ്യൻസ് ലീഗ് മത്സരങ്ങൾ നാളെ മുതൽ ആരംഭിക്കാനിരിക്കെ ആരാധകരുടെ ശ്രദ്ധ പിടിച്ചു പറ്റുന്ന പോരാട്ടം ഫ്രഞ്ച് ചാമ്പ്യന്മാരായ പിഎസ്‌ജിയും ഇറ്റാലിയൻ ക്ലബായ യുവന്റസും തമ്മിലാണ്. രണ്ടു ടീമുകളും സമ്മർ ട്രാൻസ്‌ഫർ ജാലകത്തിൽ നിരവധി അഴിച്ചുപണികൾ നടത്തിയവരും, മികച്ച താരങ്ങൾ സ്വന്തമായുള്ളവരുമാണ്. അതിനൊപ്പം മുൻപ് പിഎസ്‌ജിയിൽ കളിച്ച രണ്ടു താരങ്ങൾ ഇപ്പോൾ യുവന്റസിന്റെ കൂടെയാണ് എന്നതും പോരാട്ടത്തിന് ആവേശം നൽകുന്നു.

നിരവധി വർഷങ്ങൾ പിഎസ്‌ജിയുടെ ഏറ്റവും പ്രധാനപ്പെട്ട താരമായിരുന്ന ഏഞ്ചൽ ഡി മരിയ, മറ്റൊരു അർജന്റീനിയൻ താരം ലിയാൻഡ്രോ പരഡെസ് എന്നിവരാണ് ഈ സമ്മർ ട്രാൻസ്‌ഫർ ജാലകത്തിൽ യുവന്റസിലേക്ക് ചേക്കേറിയത്. ഡി മരിയ കരാർ അവസാനിച്ച് ഫ്രീ ഏജന്റായി ക്ലബ് വിട്ടപ്പോൾ പുതിയ പരിശീലകനായ ക്രിസ്റ്റഫെ ഗാൾട്ടിയറുടെ പദ്ധതികളിൽ ഇടമില്ലാത്തതു കൊണ്ടാണ് പരഡെസ് പിഎസ്‌ജി വിട്ടത്. കഴിഞ്ഞ മത്സരത്തിൽ ഫിയോറെന്റീനക്കെതിരെ ആദ്യ ഇലവനിൽ ഉണ്ടായിരുന്ന രണ്ടു പേരും പിഎസ്‌ജിക്കെതിരെയും ഇറങ്ങുമെന്നു തന്നെയാണ് പ്രതീക്ഷിക്കുന്നത്.

ഈ സീസണിലെ പ്രകടനം പരിശോധിക്കുമ്പോൾ മത്സരത്തിൽ മുൻ‌തൂക്കം ഫ്രഞ്ച് ക്ലബിന് തന്നെയാണ്. സമ്മറിൽ അഴിച്ചുപണികൾക്ക് വിധേയമായ ടീം ഇപ്പോൾ മികച്ച ഫോമിലാണ് കളിച്ചു കൊണ്ടിരിക്കുന്നത്. സീസണിലിതു വരെ ഒരു മത്സരത്തിലും പരാജയം വഴങ്ങിയിട്ടില്ലാത്ത പിഎസ്‌ജി കളിച്ച കളികളിൽ ഒന്നിലൊഴിക്കെ ബാക്കി എല്ലാത്തിലും വിജയം നേടി. ലയണൽ മെസി, എംബാപ്പെ, നെയ്‌മർ എന്നീ താരങ്ങൾ എല്ലാം മികച്ച ഫോമിൽ കളിക്കുന്ന പിഎസ്‌ജിക്ക് മത്സരം സ്വന്തം മൈതാനത്തു വെച്ചാണ് നടക്കുന്നതെന്നത് കൂടുതൽ മുൻ‌തൂക്കം നൽകുന്നു.

അതേസമയം സീസണിൽ സമ്മിശ്രമായ പ്രകടനമാണ് യുവന്റസ് നടത്തുന്നത്. അല്ലെഗ്രിയുടെ കീഴിൽ ടീമിനെ പുതുക്കിപ്പണിതെങ്കിലും ഇതുവരെയും കളിക്കളത്തിൽ മികച്ച ഫോം കാഴ്‌ച വെക്കാൻ അവർക്ക് കഴിഞ്ഞിട്ടില്ല. ലീഗിൽ അഞ്ചു മത്സരങ്ങൾ പൂർത്തിയായപ്പോൾ ഒരെണ്ണത്തിൽ പോലും യുവന്റസ് തോൽവി വഴങ്ങിയിട്ടില്ലെങ്കിലും രണ്ടു കളികളിൽ മാത്രമാണ് അവർക്ക് വിജയം നേടാൻ കഴിഞ്ഞിരിക്കുന്നത്. ഫിയോറെന്റീനക്കെതിരെ നടന്ന കഴിഞ്ഞ മത്സരത്തിലും യുവന്റസ് സമനിലയാണ് നേടിയത്.

അതേസമയം പരസ്‌പരം ഏറ്റുമുട്ടിയതിന്റെ കണക്കുകൾ എടുത്തു നോക്കിയാൽ മത്സരത്തിൽ യുവന്റസിനായിരിക്കും മേധാവിത്വം. രണ്ടു ടീമുകളും തമ്മിൽ രണ്ടു തവണ മുഖാമുഖം വന്നപ്പോഴെല്ലാം യുവന്റസാണ് വിജയം നേടിയിരിക്കുന്നത്. ഇതുവരെ യുവന്റസിനെതിരെ വിജയം നേടിയിട്ടില്ലെന്ന റെക്കോർഡ് തിരുത്താനും ചാമ്പ്യൻസ് ലീഗ് കിരീടം ലക്ഷ്യമിടുന്ന തങ്ങളുടെ ടൂർണമെന്റിലെ ആദ്യത്തെ മത്സരം വിജയത്തോടെ തുടങ്ങാനുമായിരിക്കും പിഎസ്‌ജി ഇറങ്ങുക.