പ്രീമിയർ ലീഗിൽ വരവറിയിച്ച് ആന്റണി, എതിർടീമുകൾക്ക് എറിക് ടെൻ ഹാഗിന്റെ മുന്നറിയിപ്പ്

ആഴ്‌സണലിനെതിരെ ഇന്നലെ നടന്ന പ്രീമിയർ ലീഗ്‌ മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ആദ്യത്തെ ഗോൾ നേടിയ പുതിയ സൈനിങായ ആന്റണിയെ പ്രശംസിച്ച് ക്ലബ് പരിശീലകനായ എറിക് ടെൻ ഹാഗ്. ആദ്യ ഇലവനിൽ തന്നെ ഇടം നേടിയ ബ്രസീലിയൻ താരം മുപ്പത്തിയഞ്ചാം മിനുട്ടിലാണ് റാഷ്‌ഫോഡിന്റെ പാസിൽ നിന്നും മാഞ്ചസ്റ്റർ യുണൈറ്റഡിനെ മുന്നിലെത്തിക്കുന്നത്. രണ്ടാം പകുതിയിൽ സാക്കയിലൂടെ ആഴ്‌സണൽ ഒപ്പമെത്തിയെങ്കിലും അതിനു റാഷ്‌ഫോഡ് നേടിയ ഇരട്ടഗോളുകളുടെ പിൻബലത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് 3-1ന്റെ വിജയം നേടുകയായിരുന്നു.

സമ്മർ ട്രാൻസ്‌ഫർ ജാലകത്തിന്റെ തുടക്കം മുതൽ തന്നെ മാഞ്ചസ്റ്റർ യുണൈറ്റഡ് ലക്ഷ്യമിട്ട താരമായിരുന്നു ആന്റണിയെങ്കിലും അയാക്‌സ് മുന്നോട്ടു വെച്ച നിബന്ധനകൾ ട്രാൻസ്‌ഫർ നീക്കങ്ങൾ ദുഷ്‌കരമാക്കിയിരുന്നു. എന്നാൽ താരം തന്നെ അയാക്‌സിനു മേൽ സമ്മർദ്ദം ചെലുത്തി മാഞ്ചസ്റ്റർ യുണൈറ്റഡ് ട്രാൻസ്‌ഫർ അവസാന ദിവസങ്ങളിൽ പൂർത്തിയാക്കി. ഇപ്പോൾ അരങ്ങേറ്റ മത്സരത്തിൽ തന്നെ ഒരു ഗോൾ നേടി ആരാധകരുടെയും ടീമിന്റെയും ആത്മവിശ്വാസം ഉയർത്താനും ബ്രസീലിയൻ താരത്തിന് കഴിഞ്ഞിട്ടുണ്ട്.

“ആന്റണി എത്ര വലിയ ഭീഷണിയാണെന്ന് നമ്മളെല്ലാവരും കണ്ടുവെന്നു കരുതുന്നു. താരത്തിന്റെ സ്‌പീഡും സർഗാത്മകതയും കൊണ്ട് പ്രീമിയർ ലീഗിൽ വലിയൊരു ആശങ്കയായി മാറാൻ ആന്റണിക്ക് കഴിയും. ഞങ്ങൾക്ക് റൈറ്റ് വിങ്ങിലൊരു താരത്തിന്റെ അഭാവം ഉണ്ടായിരുന്നു. അവിടെ കളിക്കാൻ കഴിയുന്ന താരങ്ങളായ ജാഡൻ സാഞ്ചോ, മാർക്കസ് റാഷ്‌ഫോഡ് എന്നിവരെല്ലാം മധ്യത്തിലോ ഇടതു വശത്തോ കളിയ്ക്കാൻ താല്പര്യപ്പെടുന്നവരാണ്.”

“ഇപ്പോൾ വലതു വിങ്ങിൽ മികച്ച പ്രകടനം നടത്താൻ കഴിയുന്നൊരു താരം ഞങ്ങൾക്കുണ്ട്. അതൊരു മിസ്സിംഗ് ലിങ്കായിരുന്നു. ഇന്ന് താരത്തിന്റെ ആദ്യത്തെ പ്രകടനത്തിൽ നന്നായി ചെയ്തു, ഇനിയും മുന്നോട്ടു വരാനും കഴിയും. ആംസ്റ്റർഡാമിൽ ഉണ്ടായിരുന്നപ്പോൾ താരത്തെ എനിക്കറിയാം. ഇതൊരു വ്യത്യസ്‌ത ലീഗാണ്, എന്നാൽ പ്രതിഭ ഉള്ളതിനാൽ തന്നെ ഇന്നത്തേക്കാൾ കൂടുതൽ ഭീഷണിയായി ആന്റണി മാറും. ഇന്നത്തെ കാര്യം പറയുകയാണെങ്കിൽ അതൊരു മനോഹരമായ ഗോളായിരുന്നു.” ടെൻ ഹാഗ് മത്സരത്തിന് ശേഷം മാധ്യമങ്ങളോട് പറഞ്ഞു.

തുടർച്ചയായി അഞ്ചു മത്സരങ്ങളിൽ വിജയം നേടിയെത്തിയ ആഴ്‌സനലിനെ സ്വന്തം മൈതാനത്തു വെച്ച് കീഴടക്കാൻ മാഞ്ചസ്റ്റർ യുണൈറ്റഡിനു കഴിഞ്ഞത് ടീമിന്റെ ആത്മവിശ്വാസം വർധിപ്പിക്കുമെന്ന കാര്യത്തിൽ സംശയമില്ല. സീസണിലെ ആദ്യത്തെ രണ്ടു മത്സരങ്ങളിൽ തോൽവി വഴങ്ങിയ മാഞ്ചസ്റ്റർ യുണൈറ്റഡ് അതിനു ശേഷം നടന്ന നാല് മത്സരങ്ങളിലും വിജയം നേടിയത് എറിക് ടെൻ ഹാഗ് വ്യക്തമായൊരു പദ്ധതി ടീമിൽ നടപ്പിലാക്കുന്നുണ്ടെന്നതു തെളിയിക്കുന്നു.

Rate this post