❝ ഡെന്മാർക്കിനെതിരെ ഇംഗ്ലണ്ടിന്റെ ജയം അർഹിക്കാത്ത പെനാൽറ്റിയിൽ നിന്നോ ?❞ ;യൂറോയിൽ പെനാൽറ്റി വിവാദം പുകയുന്നു

55 വർഷത്തെ നീണ്ട കാത്തിരിപ്പിനൊടുവിൽ ഇംഗ്ലണ്ട് ഒരു പ്രധാനപ്പെട്ട ടൂർണമെന്റിന്റെ ഫൈനലിൽ സ്ഥാനം പിടിച്ചിരിക്കുകയാണ്. ഇന്നലെ വെബ്ലിയിൽ പതിനായിരക്കണക്കിന് ആരാധകരെ സാക്ഷിയാക്കി സ്കാൻഡിനേവിയൻ ശക്തിയായ ഡെന്മാർക്കിനെ എക്സ്ട്രാ ടൈം വരെ നീണ്ട പോരാട്ടത്തിനൊടുവിലാണ് ത്രീ ലയൺസ് കീഴ്പെടുത്തിയത്. നിശ്ചിത തൊണ്ണൂറു മിനുട്ടിൽ ഇരുടീമുകളും ഓരോ ഗോൾ നേടി സമനിലയിൽ പിരിഞ്ഞതിനെ തുടർന്ന് എക്സ്ട്രാ ടൈമിൽ ക്യാപ്റ്റൻ ഹാരി കെയ്ൻ പെനാൽറ്റിയിൽ നിന്നും നേടിയ ഗോളിനാണ് വിജയം പിടിച്ചെടുത്തത്. എന്നാൽ എക്സ്ട്രാ ടൈമിൽ ഇംഗ്ലണ്ടിന് അനുകൂലമായിപെനാല്‍റ്റി അനുവദിച്ചതിനെ ചൊല്ലി വിവാദം ഉടലെടുത്തു.

ഇംഗ്ലീഷ് സ്‌ട്രൈക്കർ റഹീം സ്റ്റെർലിംഗിനെ ബോക്‌സിനുള്ളിൽ ഡെൻമാർക്ക് പ്രതിരോധ താരം വീഴ്ത്തിയതിനെ തുടർന്നാണ് റഫറി പെനാൽറ്റി അനുവദിച്ചു കൊടുത്തത്.പെനാല്‍റ്റി ഏരിയയില്‍ മുന്നേറിയ റഹീം സ്റ്റെര്‍ലിങ്ങിന് ജോക്കിം മെഹ്ലെയുടെ ചലഞ്ചില്‍ ബാലന്‍സ് നഷ്ടപ്പെട്ടു. മറ്റൊരു ഡെന്‍മാര്‍ക്ക് താരം ജെന്‍സെനിന്റെ തട്ടല്‍ കൂടിയായപ്പോള്‍ സ്‌റ്റെര്‍ലിങ് വീണു. ഇതോടെയാണ് റഫറി പെനാല്‍റ്റി സ്‌പോട്ടിലേക്ക് വിരല്‍ ചൂണ്ടിയത്. എന്നാല്‍ അവിടെ സ്റ്റെര്‍ലിങ്ങിനെ വീഴ്ത്താന്‍ മാത്രമുള്ള ചലഞ്ച് വന്നിട്ടില്ലെന്നാണ് അഭിപ്രായം ഉയരുന്നത്. റീപ്ലെകളിൽ വളരെ മിനിമം കോണ്ടാക്റ്റ് മാത്രമേ റഹീം സ്റ്റെർലിംഗിനെതിരെ ഉണ്ടായിട്ടുള്ളൂ എന്നത് വ്യക്തമായിരുന്നു.

വാറിന്റെ പരിശോധനയ്ക്ക് ശേഷവും പെനാല്‍റ്റി വിധിച്ച തീരുമാനം മാറിയില്ല. ഇംഗ്ലണ്ട് നായകനെടുത്ത പെനാല്‍റ്റി കാസ്പര്‍ തടഞ്ഞെങ്കിലും റീബൗണ്ട് പിടിച്ചെടുത്ത് ഹാരി കെയ്ന്‍ ഇംഗ്ലണ്ടിനായി വിജയ ഗോള്‍ നേടി. അവിടെയൊരു പെനാല്‍റ്റി നല്‍കാനുള്ള കാരണം താന്‍ കാണുന്നില്ലെന്ന് ഡെന്‍മാര്‍ക്ക് മാനേജര്‍ പറഞ്ഞു. ഇത്രയും നിർണായക നിമിഷത്തിൽ ഇത്രയും വലിയ കോൾ നടത്തിയത് എങ്ങനെയെന്ന് മനസിലാക്കാൻ കഴിയില്ലെന്ന് ഡെൻമാർക്ക് കോച്ച് കൂട്ടിച്ചേർത്തു.

ഗെയിമിനെ വളരെയധികം സ്വാധീനിക്കുന്ന ഇങ്ങനെയുള്ള തീരുമാനങ്ങൾ മത്സര ഗതിയെ തന്നെ മാറ്റി മറിക്കും. ഡെൻമാർക്ക്‌ താരങ്ങളും റഫറിയുടെ തീരുമാനത്തിൽ അതൃപ്തി രേഖപ്പെടുത്തി.എന്നാൽ 2020 യൂറോയിലെ റഫറിയിങ് പ്രശംസ നേടിയതാണെന്നുമാണ് ഇംഗ്ലണ്ട് പരിശീലകന്‍ സൗത്ത്‌ഗേറ്റ് പ്രതികരിച്ചത്. എന്നാൽ അത് ഉറപ്പായും പെനാൽറ്റി തന്നെയാണ് എന്നാണ് റഹീം സ്റ്റെർലിങ് അഭിപ്രയപെട്ടത്.

Rate this post